കാര്‍ഷിക മേഖലയുടെ സംരക്ഷണം: സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം: എം.എല്‍.എ
കല്‍പ്പറ്റ: കാര്‍ഷിക മേഖലയുടെ സംരക്ഷണത്തിനു സംസ്ഥാന സര്‍ക്കാര്‍ കുറച്ചുകൂടി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ജനതാദള്‍-എസ് സംസ്ഥാന പ്രസിഡന്റ് കെ കൃഷ്ണന്‍കുട്ടി എം.എല്‍.എ പറഞ്ഞു.
കല്‍പ്പറ്റയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്തിന്റെ കാര്‍ഷിക മേഖലയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്നതാണ് റീജിയണല്‍ കോംപ്രിഹെന്‍സീസ് ഇക്കണോമിക് പാര്‍ട്ടണര്‍ഷിപ്പിന്റെ (ആര്‍.ഇ.സി.പി) ഭാഗമായ സ്വതന്ത്ര വ്യാപാര കരാര്‍. ബ്രൂണെ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാന്‍മര്‍, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, തായ്‌ലന്റ്, വിയറ്റ്‌നാം, ഓസ്‌ട്രേലിയ, ചൈന, ഇന്ത്യ, ജപ്പാന്‍, സൗത്ത് കൊറിയ, ന്യൂസിലന്റ് എന്നീ രാജ്യങ്ങള്‍ക്കിടയിലെ സ്വതന്ത്ര വ്യാപാരമാണ് ആര്‍.ഇ.സി.പി വിഭാവനം ചെയ്യുന്നത്. വൈകാതെ ഒപ്പിടാനിരിക്കുന്ന ഈ കരാറിനെതിരേ മതിയായ കര്‍ഷക പ്രതിരോധം ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞില്ല. ആര്‍.ഇ.സി.പി അംഗ രാജ്യങ്ങള്‍ക്കിടയിലെ സ്വതന്ത്ര വ്യാപാരം ഇന്ത്യയില്‍ കൂടുതല്‍ ബാധിക്കുക കേരളത്തിന്റെ കാര്‍ഷിക മേഖലയെയാണ്. തേയിലയും കാപ്പിയും കുരുമുളകും റബറും ഉള്‍പ്പടെ വിളകളെ കരാറിലെ നെഗറ്റീവ് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനു ഉതകുന്ന തരത്തിലുള്ള സമ്മര്‍ദം ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ചെലുത്തുന്നതില്‍ ഉത്തരവാദപ്പെട്ടവര്‍ വീഴ്ചവരുത്തുകയാണ്.
കാര്‍ഷിക മേഖലയില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സംസ്ഥാനം വേണ്ടവിധം പ്രയോജനപ്പെടുത്തുന്നില്ല. കൃഷിക്കും ജലസംരക്ഷണത്തിനും ജലസേചനത്തിനും പ്രാമുഖ്യം നല്‍കി 2015ല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പി.എം.കെ.എസ്.വൈയുടെ(പ്രധാനമന്ത്രി കൃഷി സിന്‍ചായെ യോജന) സംസ്ഥാനതല പദ്ധതികള്‍ അടുത്തകാലത്താണ് സമര്‍പ്പിച്ചത്. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ സമയബന്ധിതമായ നിര്‍വഹണവും സംസ്ഥാനത്ത് നടക്കുന്നില്ല. ഇത് സംസ്ഥാനത്തിനുള്ള വാര്‍ഷിക പദ്ധതി വിഹിതം കുറയ്ക്കുന്നതിനു കാരണമായിരിക്കയാണ്.
ഗ്രീന്‍ ക്ലൈമറ്റ് ഫണ്ട്(ജി.സി.എഫ്) ലഭിക്കുന്നതിനു വരള്‍ച്ച പ്രതിരോധവുമായി ബന്ധപ്പെട്ട പദ്ധതികള്‍ കേരളം ഇന്നോളം കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടില്ല. വികസിത രാജ്യങ്ങള്‍ മലിനീകരണ തോതിന്റെ അടിസ്ഥാനത്തില്‍ വികസ്വര രാജ്യങ്ങള്‍ക്ക് നല്‍കുന്നതാണ് ജി.സി.എഫ്. ഇത് നേടിയെടുക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ നബാര്‍ഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് പദ്ധതികള്‍ സമര്‍പ്പിക്കാവുന്ന വിധത്തിലാണ് ജി.സി.എഫ് മാനദണ്ഡങ്ങള്‍.
കഴിഞ്ഞ സാമ്പത്തികവര്‍ഷം കേന്ദ്ര സര്‍ക്കാര്‍ തമിഴ്‌നാടിനു 1793.63-ഉം കര്‍ണാടകത്തിനു 1782.44-ഉം കോടി രൂപ വരള്‍ച്ച ദുരിതാശ്വാസമായി അനുവദിച്ചു. എന്നാല്‍ വരള്‍ച്ചയില്‍ സംസ്ഥാനത്ത് കാര്യമായ കൃഷിനാശം സംഭവിച്ചിട്ടില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍-കൃഷ്ണന്‍കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."