ക്ഷേത്രങ്ങളെ ആര്‍.എസ്.എസ് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു: കോടിയേരി
ചേര്‍ത്തല: ക്ഷേത്രങ്ങളിലെ ദൈവങ്ങളെ പുറത്തു കൊണ്ടുവന്ന് ആര്‍.എസ്.എസ് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
സി.പി.എം. കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച വര്‍ഗീയ വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
ശ്രീകൃഷ്ണനെയും മറ്റു ദൈവങ്ങളെയും ആരാധിക്കുന്നവര്‍ ക്ഷേത്രങ്ങളിലാണ് പോകുന്നത്. എന്നാല്‍ ശ്രീകൃഷ്ണനെ ആര്‍ എസ് എസ് രാഷ്ട്രീയവല്‍ക്കരിക്കുകയും അക്രമങ്ങള്‍ക്ക് പ്രേരണ നല്‍കാന്‍ ദൈവങ്ങളെ ഉപയോഗിക്കുകയുമാണ് . മതനിരപേക്ഷത തകര്‍ക്കാനും വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും അതുവഴി കലാപമുണ്ടാക്കാനുമാണ് ആര്‍.എസ്.എസ്. ശ്രമിക്കുന്നത്. ഇതിനെതിരെ സി.പി.എം. ശക്തമായ പ്രതിരോധം തീര്‍ക്കുന്നതിനാല്‍ ഇവിടെ ആര്‍.എസ്.എസിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ നടപ്പാക്കാനാകുന്നില്ല.
കേരളത്തില്‍ ഭരണം പിടിക്കാനായി 104 സമുദായ സംഘടനകളുമായി ചേര്‍ന്ന് ബി.ജെ.പി. മുന്നണിയുണ്ടാക്കി. അവര്‍ക്കൊക്കെ ഏറെ വാഗ്ദാനങ്ങളും നല്‍കി. പക്ഷെ യാതൊന്നും ചെയ്തില്ല. എസ്.എന്‍.ഡി,പി. യോഗം ജനറല്‍ സെക്രട്ടറിയുടെ മകന് സഹമന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു. അദ്ദേഹത്തിന് 10 കരിമ്പൂച്ചകളെ മാത്രം കിട്ടി. അച്ഛന് ഇവരുടെ തട്ടിപ്പ് മനസ്സിലായി. എന്നാല്‍ ഇതുവരെ മകന് അത് മനസ്സിലായിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
അര്‍ത്തുങ്കല്‍ പള്ളിക്ക് സമീപം ചേര്‍ന്ന സമ്മേളനത്തില്‍ സി.പി.എം.ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആര്‍.നാസര്‍ അധ്യക്ഷനായി. മന്ത്രി ഡോ. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. സി.പി.എം. സംസ്ഥാന സമിതിയംഗം സി.ബി. ചന്ദ്രബാബു, ജി.വേണുഗോപാല്‍, കെ.പ്രസാദ്, എ.എം.ആരിഫ് എം.എല്‍.എ, വി.ജി.മോഹനന്‍, എന്‍.ആര്‍.ബാബുരാജ്, എ.എസ്.സാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."