പ്രധാനമന്ത്രിയുടെ തല്‍സമയ പ്രസംഗം വിദ്യാര്‍ഥി പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തി
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തല്‍സമയ റേഡിയോ പ്രക്ഷേപണം വിദ്യാര്‍ഥി പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചു. കാലിക്കറ്റ് യൂനിവേഴ്സിറ്റി ക്യാംപസിലും കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്കോളജിലുമാണ് വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധവുമായെത്തിയത്.
ദീന്‍ദയാല്‍ ഉപാധ്യായ ജന്മശതാബ്ദിയുടെയും സ്വാമി വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗത്തിന്റ നൂറ്റി ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്റെയും അനുസ്മരണത്തോടനുബന്ധിച്ചുള്ള പ്രസംഗമാണ് കോളജുകളില്‍ പ്രക്ഷേപണം ചെയ്തത്. യൂനിവേഴ്സിറ്റി ഗ്രാന്റ് കമ്മിഷന്റെ നിര്‍ദേശ പ്രകാരം രാജ്യത്തെ എല്ലാ യൂനിവേഴ്സിറ്റികളുടെയും അഫിലിയേറ്റഡ് കോളജുകളില്‍ രാവിലെ 10.30 ഓടെ ഇത് പ്രക്ഷേപണം ചെയ്യണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. 'യുവ ഇന്ത്യ, പുതിയ ഇന്ത്യ, പുനരുദ്ധരിക്കപ്പെട്ട ഇന്ത്യ: സങ്കല്പത്തില് നിന്ന് യാഥാര്‍ഥ്യത്തിലേക്ക്' എന്നതായിരുന്നു വിഷയം.
കാലിക്കറ്റ് യൂനിവേഴ്സിറ്റി ക്യാംപസില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം പ്രക്ഷേപണം ചെയ്യാന്‍ തയാറാക്കിയ സ്ക്രീനിനു മുന്നില്‍'ഞങ്ങളെ കേള്‍ക്കാത്ത പ്രധാനമന്ത്രിയെ ഞങ്ങള്‍ക്ക് കാണേണ്ട' എന്നെഴുതിയ ബോഡുകളുമായി എം എസ് എഫ് പ്രവര്‍ത്തകര്‍ കണ്ണൂം കാതും മൂടിക്കെട്ടി പ്രതിഷേധിച്ചു.
ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ പ്രസംഗ പ്രക്ഷേപണം അധികൃതര്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ കംപ്യൂട്ടര്‍ സെന്ററില്‍ പ്രസംഗം കേള്‍പ്പിക്കാന്‍ തുടങ്ങിയപ്പോള്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രകടനവുമായെത്തി തടഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."