കെ. മുരളീധരനെതിരേ ചെന്നിത്തല വിഭാഗം: ഐ ഗ്രൂപ്പിലെ ചേരിതിരിവ് പരസ്യപോരിലേക്ക്
കൊല്ലം: ഉമ്മന്‍ചാണ്ടിയെ അനുകൂലിക്കുകയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ വിമര്‍ശിക്കുകയും ചെയ്ത കെ.പി.സി.സി മുന്‍ പ്രസിഡന്റ് കെ മുരളീധരനെതിരേ ജില്ലയില്‍ പോര്‍മുഖം തുറന്ന് ചെന്നിത്തല വിഭാഗം.
ജില്ലയില്‍ ഗ്രൂപ്പുയുദ്ധം മുറുകുന്നതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ചെന്നിത്തല വിഭാഗം കെ.എസ്.യു-യൂത്ത്‌കോണ്‍ഗ്രസ് നേതാക്കളെ ഉമ്മന്‍ചാണ്ടിക്കും മുരളീധരനുമെതിരേ രംഗത്തിറക്കുകയും ചെയ്തു.
പ്രതിപക്ഷ നേതൃസ്ഥാനത്തെച്ചൊല്ലി ഘടകകക്ഷികളില്‍ ചിലരെ ചട്ടുകമാക്കി കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന ഗൂഢനീക്കം യു.ഡി.എഫിനേയും കോണ്‍ഗ്രസിനേയും ദുര്‍ബലപ്പെടുത്തുമെന്ന് യൂത്ത്‌കോണ്‍ഗ്രസ്-കെ.എസ്.യു ഗ്രൂപ്പ് നേതൃത്വം മുന്നറിയിപ്പ് നല്‍കി.
കേരളത്തിലെ കോണ്‍ഗ്രസിനുണ്ടായ പ്രതിസന്ധിയില്‍ നിന്ന് പാര്‍ട്ടിയെ രക്ഷിച്ചു ഒന്‍പതു വര്‍ഷം കെ.പി.സി.സിക്ക് നേതൃത്വം കൊടുത്ത് യു.ഡി.എഫിനെ തദ്ദേശ സ്വയംഭരണ, ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വന്‍വിജയത്തിലെത്തിച്ചത് രമേശ് ചെന്നിത്തലയുടെ ചരിത്ര നേട്ടമാണ്.
ഏഴു വര്‍ഷം മുഖ്യമന്ത്രിയും അഞ്ചു വര്‍ഷം പ്രതിപക്ഷ നേതാവുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്ന രണ്ടു നിയമസഭാ തെരഞ്ഞെടുപ്പിലും വന്‍ പരാജയമായിരുന്നു. 2011ല്‍ അദ്ദേഹം രണ്ടാമത് മുഖ്യമന്ത്രിയായപ്പോള്‍ യു.ഡി.എഫ് ഒരു സീറ്റില്‍ കഷ്ടിച്ചു കടന്നുകൂടുകയായിരുന്നു.
സര്‍ക്കാരിന് കളങ്കമായ സോളാര്‍ കേസില്‍ അദ്ദേഹം സ്വയം സ്ഥാനത്യാഗം ചെയ്തിരുന്നുവെങ്കില്‍ കഴിഞ്ഞ 2016ല്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും കടുത്ത പരാജയം സംഭവിക്കില്ലായിരുന്നു. കെ കരുണാകരനെതിരേ മറിയം റഷീദയുടെ പേരില്‍ ചാരക്കേസ് സൃഷ്ടിച്ചതും അദ്ദേഹത്തെ രാജിവയ്പ്പിച്ചതും കോണ്‍ഗ്രസിന് ഭാവിയില്‍ വന്‍ ആഘാതം സൃഷ്ടിച്ചുവെന്നും ഗ്രൂപ്പ് യോഗം വിലയിരുത്തി. കോണ്‍ഗ്രസ് സംഘടനയില്‍ എന്ത് വിഷയമുണ്ടായാലും ഐ ഗ്രൂപ്പ് എന്ന് അവകാശപ്പെട്ടുകൊണ്ട് ഇരിക്കുന്ന കൊമ്പു മുറിക്കുന്ന കെ മുരളീധരന്‍ ഒരു നാലണ മെമ്പര്‍ ആകാന്‍ വേണ്ടി നടത്തിയ ശ്രമങ്ങള്‍ മറന്നു പോകരുത്. പാര്‍ട്ടിയുടെയോ പ്രതിപക്ഷത്തിന്റെയോ നേതൃനിരയിലേക്കുയരാന്‍ മുരളീധരന്‍ നടത്തുന്ന കുത്സിത ശ്രമങ്ങളുടെ ഭാഗമായിട്ടാണ് രമേശ് ചെന്നിത്തലക്കെതിരേ കൊല്ലത്ത് നടത്തിയ വിവാദ പ്രസ്താവനയെന്നും ഇത് അര്‍ഹിക്കുന്ന അവജ്ഞതയോടെ തള്ളിക്കളയാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയാറാകണമെന്നും നേതൃത്വയോഗം പറഞ്ഞു. കെ.എസ്.യു മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സാജുഖാന്‍ അധ്യക്ഷനായി. നേതാക്കളായ അഭിലാഷ് കുരുവിള, സുമേഷ് ദാസ്, അഖില്‍ ഭാര്‍ഗവന്‍, ബ്രില്‍ വില്‍സണ്‍, ശരത് കടപ്പാക്കട, ഫൈസല്‍ കട്ടവിള, ആശിഖ് തെന്മല, ശബരീനാഥ് നേതൃത്വം നല്‍കി. ഇതിനെതിരേ കെ.എസ്.യു-യൂത്തുകോണ്‍ഗ്രസ് മുരളീധരന്‍വിഭാഗവും ഇന്നോ നാളെയോ കൊല്ലത്ത് രഹസ്യയോഗം ചേരുമെന്നാണ് അറിയുന്നത്.
സംഘടനാ തെരഞ്ഞെടുപ്പ് അടുത്തതോടെ മുരളി-ചെന്നിത്തല വിഭാഗങ്ങളുടെ ചേരിതിരിവ് ഐ ഗ്രൂപ്പിലെ വലിയൊരുവിഭാഗം പ്രവര്‍ത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവാകാന്‍ യോഗ്യന്‍ ഉമ്മന്‍ചാണ്ടിയാണെന്നും അദ്ദേഹം നേതൃനിരയില്‍ വരണമെന്നത് പ്രവര്‍ത്തകരുടെ വികാരമാണെന്നും മുരളീധരന്‍ ഇന്നലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."