ആത്മവിശ്വാസമായിരുന്നു ആ താക്കോല്‍
മലയാള മീഡിയത്തില്‍ പഠിച്ചവര്‍ക്ക് ഇംഗ്ലീഷില്‍ ശോഭിക്കാന്‍ കഴിയില്ലെന്ന ധാരണകള്‍ക്ക് ഒരു തിരുത്താണ് റഊഫ്. മലയാളം മീഡിയം സ്‌കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി വരെ പഠിച്ച ഈ യുവാവ് ഇംഗ്ലീഷ് പത്രപ്രവര്‍ത്തകനായി മാറിയതിനു പിന്നില്‍ നിരന്തരമായ ആഗ്രഹം തന്നെയായിരുന്നു. നിരന്തരമുള്ള ആഗ്രഹം ഒരാളെ ലക്ഷ്യത്തിലെത്തിക്കുമെന്നതിന്റെ വിജയപാഠം കൂടിയാണവന്‍. പൊന്നാനിയുടെ മണ്ണില്‍ നിന്ന് അന്താരാഷ്ട്ര തലത്തിലേക്കുയര്‍ന്ന ഈ മാധ്യമപ്രതിഭ വിദ്യാര്‍ഥികള്‍ക്കു മാതൃകയാണ്.
പഠനം
സാധാരണ സ്‌കൂളില്‍ പ്ലസ്ടുവരെ പഠനം. പത്താം ക്ലാസില്‍ ഉയര്‍ന്ന മാര്‍ക്കുനേടി. സയന്‍സ് എടുക്കാന്‍ പലരും നിര്‍ബന്ധിച്ചു. ഇഷ്ടവിഷയം തിരഞ്ഞെടുക്കുന്നതിനു പിന്നിലെ ഉദ്ദേശ്യവും ആഗ്രഹവും നിര്‍ബന്ധങ്ങളെ വകഞ്ഞുമാറ്റി. ആഗ്രഹിച്ച വിഷയം ഹ്യുമാനിറ്റീസ് തിരഞ്ഞെടുത്തു. പ്ലസ് ടു പഠനകാലത്ത് പങ്കെടുത്ത ഒരു ക്യാംപില്‍ നിന്നാണ് മാധ്യമപ്രവര്‍ത്തകനാകാനുള്ള താല്‍പര്യം കൂടെപ്പോന്നത്. ഡിഗ്രി പഠനം സംസ്ഥാനത്തിന് പുറത്താകണമെന്നും തീരുമാനിച്ചു. ലക്ഷ്യങ്ങള്‍ കേവലം സ്വപ്നങ്ങളാകാതെ കൊണ്ടുനടന്നു.
ഇംഗ്ലീഷ് ഭ്രമം
പ്ലസ്ടു കഴിഞ്ഞ് 2009ല്‍ അലിഗഡ് സര്‍വകലാശാലയില്‍ ഡിഗ്രി ചെയ്യുന്നതിനിടയിലാണ് ഇംഗ്ലീഷ് വേട്ടയാടിയത്. എല്ലാവര്‍ക്കു മുന്നിലും ആദ്യമൊക്കെ തലകുനിച്ചു. അതൊരു വാശിയായി, വെല്ലുവിളിയായി. ഇംഗ്ലീഷിനെ കീഴടക്കാനുള്ള തീവ്രശ്രമങ്ങളായിരുന്നു. നിരന്തരം ഇംഗ്ലീഷ് പുസ്തകങ്ങള്‍ വായിച്ചു. വെല്ലുവിളികളെ അതിജയിച്ചു. അനായാസമായി ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനും കഴിയുന്ന സാഹചര്യത്തിലെത്താന്‍ ആറു മാസമെടുത്തെന്ന് റഊഫ്.
ഉപരിപഠനം
അലിഗഡില്‍ നിന്ന് റാങ്കോടെ ഡിഗ്രി ജയിച്ചു. വിജയങ്ങള്‍ കൂടുതല്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. 2012ല്‍ ഹൈദരാബാദ് സെന്‍ട്രല്‍ സര്‍വകലാശാലയില്‍ ജേണലിസത്തിന് ചേര്‍ന്നു. എന്‍ട്രന്‍സ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടി. പത്രപ്രവര്‍ത്തനത്തെ അത്രമേല്‍ റഊഫ് ഇഷ്ടപ്പെട്ടിരുന്നു. ഇംഗ്ലീഷ് പുസ്തകങ്ങള്‍ നിരന്തരം വായിച്ചതാണ് എഴുത്തിനെ സഹായിച്ചതെന്ന് റഊഫ് പറയുന്നു. നിരന്തരമുള്ള ആഗ്രഹവും പരിശ്രമവുമാണ് വിജയത്തിന് കാരണമായതെന്നാണ് റഊഫിന്റെ വിശ്വാസം.
പഠനകാലയളവില്‍ വിവിധ ഇംഗ്ലീഷ് വെബ് മാഗസിനുകളിലും ഇംഗ്ലീഷ് പത്രങ്ങളിലും ഫീച്ചറുകള്‍ എഴുതി. പഠനം പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ പ്രമുഖ ഇംഗ്ലീഷ് പത്രമായ ഡെക്കാന്‍ ക്രോണിക്കല്‍ റഊഫിനെതേടി വരുകയായിരുന്നു. അഞ്ചു വര്‍ഷമായി ഹൈദരാബാദില്‍ പത്രത്തിന്റെ സീനിയര്‍ റിപ്പോര്‍ട്ടറാണ്.
പുരസ്‌കാരങ്ങളിലേക്ക്
ചെറിയ കാലയളവില്‍ തന്നെ പുരസ്‌കാരങ്ങളും റഊഫിനെ തേടിയെത്തി.'ലാഡ്‌ലി മീഡിയാ അവാര്‍ഡ്, 2016ല്‍ അമേരിക്ക ആസ്ഥാനമായ ലോക പത്രപ്രവര്‍ത്തക സമിതിയുടെയും 2014ല്‍ ലോകാരോഗ്യ സംഘടനയുടെയും മികച്ച പത്രപ്രവര്‍ത്തകനുള്ള അവാര്‍ഡ്, സൗത്ത് ഏഷ്യന്‍ ലാഡ്‌ലി മീഡിയ അവാര്‍ഡും ലഭിച്ചു. ശ്രീലങ്ക, നേപ്പാള്‍, പാക്കിസ്താന്‍, മൗറിഷ്യസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായി പരിഗണിച്ച മൂവായിരത്തോളം പേരില്‍ നിന്നാണ് ഈ പുരസ്‌കാരം ലഭിച്ചത്.
മലയാളം മീഡിയത്തില്‍ പഠിക്കുന്ന സാധാരണക്കാരനായ വിദ്യാര്‍ഥികള്‍ക്ക് ഒരു മാതൃകയാണ് റഊഫിന്റെ ജീവിതം. നിരന്തര ശ്രമങ്ങളും മാതാപിതാക്കളുടെ അകമഴിഞ്ഞ പിന്തുണയുമാണ് ആ വിജയത്തിലേക്കുള്ള പാലം പണിതതെന്ന് റഊഫ് പറയുന്നു.
എഴുത്തിലേക്കുള്ള വഴി
എഴുത്തിലേക്കുള്ള യാത്ര തുടങ്ങുന്നത് ഹൈസ്‌കൂള്‍ പഠനകാലയളവിലാണ്. ജില്ലാ കലോത്സവത്തില്‍ കഥാരചനയില്‍ ഒന്നാം സ്ഥാനം നേടി. പ്രോത്സാഹനങ്ങളും പ്രചോദനങ്ങളും എഴുത്തിന്റെ വഴിയിലേക്കാനയിച്ചു.
ഡിഗ്രി സമയത്ത് വിവിധ വെബ് മാഗസിനുകള്‍ക്കുവേണ്ടി ഇംഗ്ലീഷില്‍ ഫീച്ചറുകള്‍ എഴുതി. നിരവധി തവണ തിരസ്‌കരിക്കപ്പെട്ടു. നിരാശനാവാതെ നിരന്തരം എഴുതി. ഒടുവില്‍ ഫലവുമുണ്ടായി. പഠനാവശ്യത്തിനുള്ള പണം എഴുതിയും ഉണ്ടാക്കി. എഴുത്തിലെ പുതുമയും ആശയങ്ങളിലെ വ്യത്യസ്തതയും കൊണ്ട് ഫീച്ചറുകള്‍ ശ്രദ്ധിക്കപ്പെട്ടു.
'എങ്ങനെ സാമ്പാറുണ്ടാക്കാം. എങ്ങനെ അച്ചാറുണ്ടാക്കാം'എന്നതായിരുന്നു ആദ്യ എഴുത്തുവിഷയങ്ങള്‍. കൂടുതല്‍ ഗൗരവമുള്ള വിഷയങ്ങള്‍ തേടിപ്പിടിച്ചു. നൂറിലധികം ബൈലൈനുകള്‍ സ്വന്തമാക്കി. വിവിധ മാഗസിനുകളും നന്നായി ഉപയോഗപ്പെടുത്താന്‍ തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."