ലാസ്റ്റ് ഗ്രേഡ് നിയമനം സ്തംഭനാവസ്ഥയില്‍; ഉദ്യോഗാര്‍ഥികള്‍ ആശങ്കയില്‍
തൊടുപുഴ: ജില്ലയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ എല്‍.ജി.എസ് (ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്) ഒഴിവുകളിലേക്കുള്ള നിയമനം ഇഴയുന്നത് ഉദ്യോഗാര്‍ഥികളെ ആശങ്കയിലാക്കുന്നു. ഏകദേശം 1,200 ഉദ്യോഗാര്‍ഥികള്‍ ഉള്‍പ്പെട്ട റാങ്ക് പട്ടികയില്‍ നിന്നു പകുതി നിയമനംപോലും നടത്താത്തതിനാല്‍, ആശങ്കയിലാണ് ഉദ്യോഗാര്‍ഥികള്‍.
മുന്‍ എല്‍.ജി.എസ് റാങ്ക് പട്ടികകളെ അപേക്ഷിച്ച് വളരെ കുറച്ചു നിയമനങ്ങള്‍ മാത്രമാണു നിലവിലെ റാങ്ക് പട്ടികയില്‍ നിന്നു നടന്നിട്ടുള്ളത്.
ഈ സ്ഥിതി തുടര്‍ന്നാല്‍ പകുതിപ്പേര്‍ക്കു പോലും നിയമനം ലഭിക്കുകയില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു.ഈ പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഭൂരിഭാഗവും ബിരുദധാരികളാണ്. ബിരുദമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഇനി എല്‍.ജിഎസ് പരീക്ഷ എഴുതാനും സാധിക്കില്ല.
അതിനാല്‍ ഈ ജോലി പ്രതീക്ഷിച്ചിരിക്കുന്ന, പ്രായപരിധി കഴിഞ്ഞ ഉദ്യോഗാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാണ്. ഒട്ടേറെ എല്‍.ജി.എസ് തസ്തികകള്‍ പല വകുപ്പുകളിലും ഒഴിഞ്ഞുകിടന്നിട്ടും ഇതു പി.എസ്.സിക്കു റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പു മേധാവികള്‍ തയാറാകാത്തതാണു നിയമനങ്ങള്‍ വൈകുന്നതിനു കാരണമായി ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നത്. ഒഴിവുകള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും വിജിലന്‍സ് വിങ് ഇടപെട്ട് ഇക്കാര്യത്തില്‍ വേണ്ട നടപടിയെടുക്കണമെന്നും ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെട്ടു.
പി.എസ്.സിയുടെ ഭാഗത്തു നിന്നു നല്ല സമീപനമാണു ലഭിക്കുന്നതെങ്കിലും ഒഴിവുകള്‍ യഥാസമയം എത്താത്തതിനാല്‍ അഡൈ്വസ് അയയ്ക്കുന്നതും ബുദ്ധിമുട്ടിലായിരിക്കുകയാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
യഥാസമയം ഒഴിവുകള്‍ പി.എസ്.സിക്കു റിപ്പോര്‍ട്ട് ചെയ്യുന്നതിനും നിയമനം നടത്തുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വേണ്ട നടപടിയെടുക്കണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം. അല്ലാത്തപക്ഷം ഇടുക്കി കലക്ടറേറ്റിനു മുന്‍പില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് എല്‍.ജി.എസ് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."