നഗരവീഥികള്‍ അമ്പാടിയായി
ആലക്കോട്: ശ്രീകൃഷ്ണ ജയന്തി ആഘോഷം മലയോര മേഖലയിലും വര്‍ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. ബാലഗോകുലത്തിന്റേയും വിവിധ ഹിന്ദു സംഘടനകള്‍, ക്ഷേത്രങ്ങള്‍ എന്നിവയുടേയും ആഭിമുഖ്യത്തിലായിരുന്നു ആഘോഷ ചടങ്ങുകള്‍ . ക്ഷേത്രങ്ങളില്‍ അമ്പാടിക്കണ്ണന്റെ പിറന്നാള്‍ ആഘോഷത്തിന് പ്രത്യേക പൂജകളും പിറന്നാള്‍ സദ്യയും നടന്നു. ആഘോഷങ്ങളുടെ ഭാഗമായി അണിഞ്ഞൊരുങ്ങിയ ഉണ്ണിക്കണ്ണന്മാരാലും ഗോപികമാരാലും നിറഞ്ഞ പാതകള്‍ അക്ഷരാര്‍ഥത്തില്‍ മറ്റൊരു അമ്പാടിയായി മാറി. ഉറിയടി മത്സരങ്ങളും ശോഭായാത്രയും നടന്നു. അരങ്ങം മഹാദേവ ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച മഹാശോഭയാത്രയില്‍ നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു. നിശ്ചല ദൃശ്യങ്ങളും വാദ്യമേളങ്ങളും ഉണ്ണിക്കണ്ണന്‍മാരും ഗോപികമാരും ഘോഷയാത്രയ്ക്ക് അകമ്പടി സേവിച്ചു. ക്ഷേത്ര മൈതാനിയില്‍ നിന്നാരംഭിച്ച ഘോഷയാത്ര ആലക്കോട് ടൗണ്‍ ചുറ്റി ക്ഷേത്രത്തില്‍ സമാപിച്ചു. വെള്ളാട്, വായാട്ടുപറമ്പ്, കണിയന്‍ചാല്‍, കൂളാമ്പി, കോട്ടക്കടവ്, മീമ്പറ്റി പ്രദേശങ്ങളില്‍ നിന്നെത്തിയ മഹാ ശോഭയാത്രകള്‍ കരുവഞ്ചാല്‍ ടൗണില്‍ സംഗമിച്ച് അയ്യപ്പ ക്ഷേത്രത്തില്‍ സമാപിച്ചു. കാര്‍ത്തികപുരത്ത് നിന്നു ആരംഭിച്ച മഹാ ശോഭായാത്ര മണക്കടവ് ടൗണ്‍ ചുറ്റി മഹാവിഷ്ണുക്ഷേത്രത്തില്‍ സമാപിച്ചു.
ചെറുപുഴ: ചെറുപുഴ അയ്യപ്പക്ഷേത്രം, പുളിങ്ങോം ശങ്കരനാരായണ ധര്‍മശാസ്താ ക്ഷേത്രം, കംബല്ലൂര്‍ ഭഗവതി ക്ഷേത്രം, മുളപ്ര അയ്യപ്പ ക്ഷേത്രം നേതൃത്വത്തില്‍ ഘോഷയാത്ര നടന്നു. ചെറുപുഴ അയ്യപ്പക്ഷേത്രത്തിന്റെ ഘോഷയാത്ര ക്ഷേത്ര പരിസരത്തുനിന്ന് ആരംഭിച്ച് ടൗണ്‍ ചുറ്റി ക്ഷേത്രാങ്കണത്തില്‍ സമാപിച്ചു. പുളിങ്ങോം ശങ്കരനാരായന്‍ ക്ഷേത്രത്തിന്റെ ഘോഷയാത്ര പുളിങ്ങോം ടൗണ്‍ ചുറ്റി ക്ഷേത്രത്തില്‍ സമാപിച്ചു. മച്ചിയില്‍ നിന്ന് ആരംഭിച്ച പാടിയോട്ടുചാല്‍ അയ്യപ്പക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിലുള്ള ഘോഷയാത്ര ടൗണ്‍ ചുറ്റി ക്ഷേത്രത്തില്‍ സമാപിച്ചു.
പയ്യന്നൂര്‍: കൊക്കാനിശ്ശേരി കണ്ണങ്ങാടിന് സമീപത്ത് നിന്നു ആരംഭിച്ച ബാലഗോകുലം ഘോഷയാത്ര അന്നൂര്‍ തുളുവന്നൂര്‍ ക്ഷേത്ര പരിസരത്ത് സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."