കെ.എസ്.ആര്‍.ടി.സിയെ കുറിച്ച് ചോദിക്കൂ...ഹരിശങ്കര്‍ ഉത്തരം പറയും
ചെറുവത്തൂര്‍: കയ്യൂരിലെ ഹരിശങ്കര്‍ ഒരു കെ.എസ്.ആര്‍.ടി.സി ജീവനക്കാരനല്ല. എന്നാല്‍ കെ.എസ്.ആര്‍.ടി.സിയെ കുറിച്ച് ഈ യുവാവ് പറയുന്നതു കേട്ടാല്‍ അധികൃതര്‍ പോലും വിസ്മയിക്കും. കെ.എസ്.ആര്‍.ടി.സി സര്‍വിസിനെ കുറിച്ചോ ബസുകള്‍ പുറപ്പെടുന്ന സമയത്തെ കുറിച്ചോ അറിയണമെങ്കില്‍ ഹരിശങ്കറിനോടു ചോദിച്ചാല്‍ മതി. കെ.എസ്.ആര്‍.ടി.സിയുടെ ചരിത്രംമുഴുവന്‍ ഹരിശങ്കര്‍ പറയും. ചെറുപ്പത്തില്‍ തുടങ്ങിയതാണു കെ.എസ്.ആര്‍.ടി.സി ബസിനോടുള്ള സ്‌നേഹം. തുടര്‍ന്നു ബസുകളെ നിരീക്ഷിക്കുകയും അതുമായി ബന്ധപ്പെടുന്നവരോടു സൗഹൃദം സ്ഥാപിക്കുകയും ചെയ്തു.
കേരളത്തിലെ എല്ലാ ജില്ലയിലുള്ള കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഹരിശങ്കറിനെ അടുത്തറിയാം. യാത്ര ചെയ്യുന്നുണ്ടെങ്കില്‍ അതു കെ.എസ്.ആര്‍.ടി.സിയില്‍ തന്നെയായിരിക്കണം എന്ന നിര്‍ബന്ധവും ഈ യുവാവിനുണ്ട്. കേരളത്തില്‍ നിരത്തിലിറങ്ങിയതും കാലപ്പഴക്കം കൊണ്ട് ഉപേക്ഷിക്കുകയും ചെയ്ത നിരവധി സീരീസിലുള്ള ബസുമായി ചേര്‍ന്നു നിന്നുള്ള ആയിരത്തോളം ഫോട്ടോകള്‍ ഹരിശങ്കറിന്റെ കൈവശമുണ്ട്. പയ്യന്നൂരിലെ സ്വകാര്യ കോളജില്‍ ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് ഹരി. കയ്യൂര്‍ വേട്ടക്കൊരുമകന്‍ കോട്ടം ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ കൂടിയാണ്. ഹരിശങ്കര്‍ തന്നെപോലെ കെ.എസ്.ആര്‍.ടി.സിയെ സ്‌നേഹിക്കുന്നവര്‍ക്കൊപ്പം ചേര്‍ന്നു സോഷ്യല്‍ മീഡിയയില്‍ ഉണ്ടാക്കിയ ഗ്രൂപ്പ് പരിശോധിച്ചാല്‍ കെ.എസ്.ആര്‍.ടി.സി സര്‍വിസ് സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ലഭ്യമാകും.
ഐ.എല്‍.എം.കെ (ഐ ലവ് മൈ കെ.എസ്.ആര്‍.ടി.സി) എന്ന പേരിലാണ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. വര്‍ഷത്തിലൊരിക്കല്‍ ഇവരുടെ ഒത്തുകൂടല്‍ വിവിധ ജില്ലകളില്‍ നടക്കാറുമുണ്ട്. കെ.എസ്.ആര്‍.ടി യെ കുറിച്ച് ആരെങ്കിലും ചോദിച്ചാല്‍ ഹരിശങ്കര്‍ പറഞ്ഞു തുടങ്ങും. കെ.എസ്.ആര്‍.ടി.എസ് കാസര്‍കോട് ഡിപ്പോയില്‍ നിന്നു ഇപ്പോള്‍ സര്‍വിസ് നടത്തുന്നത് 95 ബസുകള്‍. തിരുവനന്തപുറത്തു നിന്ന് ഓപറേറ്റു ചെയ്യുന്ന 16 സ്‌കാനിയ ബസുകളാണിപ്പോള്‍ റൂട്ട് നടത്തുന്നത്. മിന്നല്‍ സര്‍വിസ് നടത്തുന്നതു 18 ബസുകള്‍...ഹരിശങ്കര്‍ കെ.എസ്.ആര്‍.ടി.സിയെ തന്റെ ജീവവായുപോലെയാണു സ്‌നേഹിക്കുന്നതെന്നു ആര്‍ക്കും മനസിലാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."