എല്‍.ഡി ക്ലര്‍ക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല; ഉദ്യോഗാര്‍ഥികള്‍ ആശങ്കയില്‍
തൊടുപുഴ: വകുപ്പു മേധാവികള്‍ എല്‍.ഡി ക്ലര്‍ക്ക് ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് ആക്ഷേപം. ജില്ലയില്‍ വിവിധ വകുപ്പുകളിലായി നാല്‍പതോളം എല്‍.ഡി ക്ലാര്‍ക്കുമാരുടെ ഒഴിവുകള്‍ നിലവിലുണ്ട്. എല്‍.ഡി ക്ലാര്‍ക്ക് റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ വിവിധ ഓഫീസുകള്‍ കയറിയിറങ്ങിയാണ് ഇത്രയും ഒഴിവുകള്‍ കണ്ടെത്തിയത്.
ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് പി.എസ്.സിയിലേക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതില്‍ ഉദ്യോഗാര്‍ഥികള്‍ ആശങ്കയിലാണ്. നിലവില്‍ ഇടുക്കി ജില്ലയിലെ എല്‍ഡി ക്ലാര്‍ക്ക് റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരാറായി. രണ്ടായിരം പേരുടെ റാങ്ക് ലിസ്റ്റില്‍ നിന്നു 158 പേര്‍ക്ക് മാത്രമാണ് കഴിഞ്ഞവട്ടം നിയമനം ലഭിച്ചത്.
പുതിയ ലിസ്റ്റ് തയാറാക്കുന്നതിനു നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കാന്‍ പി.എസ്.സി നടപടി ആരംഭിച്ചിരിക്കുകയാണ്. ഇത് നിലവില്‍ ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികളുടെ പ്രതീക്ഷകളില്‍ കരിനിഴല്‍ വീഴ്ത്തുന്നു. ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ടു ചെയ്യാതെ 60 ശതമാനം എല്‍.ഡി ക്ലര്‍ക്ക് ഒഴിവുകളും മറ്റുവഴികളിലൂടെയാണ് നികത്തിയത്.
മറ്റ് ജില്ലകളില്‍ നിന്നുള്ളതും വിവിധ വകുപ്പുകള്‍ തമ്മിലുള്ളതുമായ സ്ഥലംമാറ്റങ്ങള്‍ക്കു പുറമെ, ആശ്രിത നിയമനം, പ്രൊമോഷന്‍, സംവരണം എന്നിവയില്‍പ്പെടുത്തിയാണ് 60 ശതമാനം എല്‍.ഡി ക്ലാര്‍ക്ക് ഒഴിവുകളും നികത്തിയത്. നിയമപ്രകാരം മൂന്നു ശതമാനം ഒഴിവുകള്‍ മാത്രമേ ഇത്തരത്തില്‍ നികത്താവൂ.
റവന്യു വകുപ്പില്‍ മാത്രം 10 എല്‍.ഡി ക്ലാര്‍ക്കുമാരുടെ ഒഴിവാണ് ജില്ലയിലുള്ളത്. ഐ.ടി.ഡി.പിയില്‍ ഏഴും വനം, ജലസേചന വകുപ്പുകളില്‍ നാലുവീതവും ഒഴിവുണ്ട്. മൃഗസംരക്ഷണം, പഞ്ചായത്ത് എന്നിവയില്‍ മൂന്നുവീതവും കൃഷി, ആര്‍.ടി.ഒ, പോളിടെക്‌നിക് എന്നിവിടങ്ങളില്‍ രണ്ടുവീതവും ഒഴിവുകളുണ്ട്.
റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകള്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണമെന്നിരിക്കെ ജില്ലാ പി.എസ്.സി ഓഫിസില്‍ അതിന് നടപടി സ്വീകരിക്കുന്നില്ലെന്ന് ജില്ലാ എല്‍.ഡി ക്ലാര്‍ക്ക് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നു. ഇക്കാരണത്താല്‍, പി.എസ്.സിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകള്‍ ഏതു വകുപ്പിലാണെന്നോ എത്രയുണ്ടെന്നോ ഉദ്യോഗാര്‍ഥികള്‍ക്ക് മനസിലാക്കാന്‍ കഴിയുന്നില്ല. അതിനാല്‍, വിവിധ ഓഫിസുകള്‍ കയറിയിറങ്ങിയാണ് ഒഴിവുകള്‍ ഇവര്‍ കണ്ടെത്തുന്നത്.
ഭാവി പരിപാടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇടുക്കി ജില്ലയിലെ എല്‍.ഡി ക്ലര്‍ക്ക് റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികളുടെ യോഗം 15ന് രാവിലെ 11ന് തൊടുപുഴ പി.ഡബ്ല്യു.ഡി ജങ്ഷനിലെ ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."