മറിപ്പുഴ പൊതുമരാമത്ത് റോഡിന്റെ വീതി: സര്‍വേ അടിസ്ഥാനത്തില്‍ അളന്നു തിട്ടപ്പെടുത്താന്‍ ആവശ്യം
തിരുവമ്പാടി: മറിപ്പുഴ പൊതുമരാമത്ത് റോഡിന്റെ വീതി റവന്യൂ രേഖകളും സര്‍വേ രേഖകളും അടിസ്ഥാനമാക്കി അളന്നു തിട്ടപ്പെടുത്താന്‍ ആവശ്യമുയരുന്നു. തിരുവമ്പാടി പെരുമാലിക്കുന്ന് മുതല്‍ മറിപ്പുഴ വനാതിര്‍ത്തി വരെയുള്ള റോഡിന്റെ സര്‍വേ രേഖകള്‍ ലഭ്യമായിട്ടും റോഡിന്റെ അതിര്‍ത്തി തിട്ടപ്പെടുത്താത്തത് റോഡ് കൈയേറ്റത്തിന് അവസരമൊരുക്കുകയാണ്.
1966ല്‍ ചെയ്ത സര്‍വേ രേഖകള്‍ 1970 മുതല്‍ കോഴിക്കോട് സര്‍വേ അസി. ഡയറക്ടറുടെ കാര്യാലയത്തില്‍ ഇപ്പോഴും ലഭ്യമാണെന്നിരിക്കെ റോഡിന്റെ വീതി നിര്‍ണയിക്കാന്‍ പൊതുമരാമത്ത് വകുപ്പ് തയാറാകാത്തത് മലയോരത്തെ വികസന പ്രവര്‍ത്തനങ്ങളെയും കെട്ടിനിര്‍മാണങ്ങളേയും ദോഷകരമായി ബാധിക്കും. കസ്തൂരിരംഗന്‍ വിഷയത്തില്‍ പഞ്ചായത്തിന്റെ സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി തോട്, പുഴ, പാറ, വനം എന്നിവയുടെ സര്‍വേ രേഖകള്‍ വകുപ്പില്‍ നിന്നെടുത്താണ് റിപ്പോര്‍ട്ട് തയാറാക്കിയിരുന്നത്.
രേഖകള്‍ പ്രകാരം പെരുമാലികുന്ന് ഭാഗത്തു റോഡിന്റെ വീതി ഒന്‍പതു മീറ്ററും കാളിയാമ്പുഴ പാലത്തിന് വടക്കുവശം 14 മീറ്ററും പള്ളിപ്പടിയില്‍ പത്തര മീറ്ററും പുല്ലുരാം പാറ 11 മീറ്ററും ആനക്കാംപൊയില്‍ മറിപ്പുഴ ഭാഗങ്ങളില്‍ എട്ട് മീറ്റര്‍ മുതല്‍ 15 മീറ്റര്‍ വരെയും റോഡിന് വീതിയുള്ളതായും കാണാം.
റോഡില്‍ എട്ടു മീറ്ററിലധികം വീതിയുള്ള പല സ്ഥലങ്ങളിലും ബാക്കിവരുന്ന സ്ഥലങ്ങള്‍ കൈയേറ്റം നടക്കുന്നതായും ആക്ഷേപമുയരുന്നുണ്ട്. റോഡിന്റെ സ്ഥലം കൈയേറുന്നത് റോഡിന്റെ തുടര്‍വികസനത്തിനും തടസമാകുന്നുണ്ട്.
റോഡ് വികസനം നടക്കുന്ന ഘട്ടങ്ങളില്‍ നിലവിലെ റോഡിന്റെ മധ്യത്തില്‍നിന്ന് ഇരുവശങ്ങളിലേക്കും അളന്ന് വികസനത്തിനാവശ്യമായ അധികസ്ഥലം കണ്ടെത്തുന്നത് നിരപരാധികളെ വെട്ടിലാക്കുകയും വികസനം വിവാദത്തില്‍ മുങ്ങിപ്പോകുന്നതിനും കാരണമാകുന്നു.
നിലവില്‍ തിരുവമ്പാടി മറിപ്പുഴ റോഡ് വികസനത്തിനുള്ള ചര്‍ച്ചകള്‍ നടക്കുന്നു കൊണ്ടിരിക്കുകയാണ്. തിരുവമ്പാടി കറ്റിയാടി ജങ്ഷന്‍ മുതലാണ് വികസനം നടക്കാന്‍ പോവുന്നത്. റോഡിന് സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍ക്കുന്നതിനുള്‍പ്പെടെ റോഡിന്റെ വീതിനിര്‍ണയം നടത്തിയാല്‍ ഗുണം ചെയ്യും.
തിരുവമ്പാടി ടൗണ്‍ വികസനത്തിനായി സ്ഥലം വിട്ടുകൊടുത്ത സ്ഥലമുടമകള്‍ പൊതുമരാമത്ത് വകുപ്പ് റോഡ് വികസനം നടന്നതിന്റെ സാക്ഷ്യപത്രം നല്‍കാത്തതിനാല്‍ കെട്ടിടത്തിന്റെ മുകള്‍നിലകള്‍ പണിയാനാകുന്നില്ല. പഞ്ചായത്തിന്റെ മിക്ക പ്രദേശങ്ങളിലും കെട്ടിടവും റോഡും തമ്മില്‍ പാലിക്കപ്പെടേണ്ട ദൂരമില്ലെന്ന പേരില്‍ കെട്ടിടത്തിന് നമ്പര്‍ ലഭിക്കാത്ത ഉടമകളും നിരവധിയാണ്.
ആനക്കാംപൊയില്‍ പ്രദേശത്തു സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിന് നമ്പര്‍ നല്‍കാത്തത് നാട്ടില്‍ സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കുന്നതിനു വരെ കാരണമായിട്ടുണ്ട്. തിരുവമ്പാടി പൊതുമരാമത്ത് റോഡ് വിഭാഗം സെക്ഷന്‍ ഓഫിസില്‍ റോഡിന്റെ വീതിയുമായി ബന്ധപ്പെട്ട ഒരു രേഖകളും ലഭ്യല്ലെന്നാണ് അസി. എന്‍ജിനീയര്‍ സാക്ഷ്യപത്രം ആവശ്യപ്പെട്ടു വരുന്നവരോട് പറയുന്നത്.
റോഡിന്റെ വീതി കൃത്യമായി രേഖപ്പെടുത്തിവയ്ക്കാന്‍ അധികൃതര്‍ തയാറാകാത്തത് തിരുവമ്പാടിയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ചിറകരിയുന്നതിനും സ്വകാര്യ കൈയേറ്റങ്ങള്‍ക്ക് ആക്കംകൂട്ടുന്നതിനും ഇടവരുത്തുമെന്ന് നാട്ടുകാര്‍ പറയുന്നു.
ബന്ധപ്പെട്ട വകുപ്പില്‍ നിന്നു സര്‍വേ രേഖകള്‍ ലഭ്യമാക്കുന്നതിനാവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ തിരുവമ്പാടിയിലെ ജോമോന്‍ ലൂക്കോസും സൗര്‍പര്‍ണിക സംഘവും തയാറായി രംഗത്തെത്തിട്ടുണ്ടെങ്കിലും ഭരണാധികാരികളും പൊതുമരാമത്ത് വകുപ്പും ഇതിനോട് മുഖം തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."