നാട്ടറിവ് പങ്കുവെച്ച് കരിങ്ങനാട് പാടത്തെ നടീല്‍ ഉത്സവം വര്‍ണാഭമായി
കൊപ്പം: നടീല്‍ ഉത്സവത്തിനെത്തിയ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് കൃഷിപാഠങ്ങള്‍ പറഞ്ഞ് കൊടുത്ത് വിളയൂര്‍ കരിങ്ങനാട് നടന്ന നടീല്‍ ഉത്സവം വര്‍ണാഭമായി. തരിശു രഹിത പഞ്ചായത്ത് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കരിങ്ങനാട് പാടശേഖര സമിതിയുടെ നേതൃത്വത്തിലാണ് 20 വര്‍ഷമായി തരിശായ കിടന്ന പാടത്ത് കൃഷി ആരംഭിച്ചത്.
നാല് വനിതകള്‍ ചേര്‍ന്നാണ് പ്രധാനമായും ഈ കൃഷി ചെയ്യുന്നത്. കരിങ്ങനാട് പ്രദേശത്തെ വിവിധ സ്കൂളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പങ്കെടുത്ത നടീല്‍ ഉത്സവത്തില്‍ പരമ്പരാഗത കൃഷിയെ കുറിച്ചുള്ള നാട്ടറിവുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ഷകര്‍ പകര്‍ന്നു നല്കി. കന്നുപൂട്ടലും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയിരുന്നു.
പഴയ കാല കാര്‍ഷിക രീതികളെക്കുറിച്ച് കര്‍ഷകരും വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. കുത്തരിക്കഞ്ഞിയും പുഴുക്കും ചമ്മന്തിയും ചടങ്ങിനെത്തിയവര്‍ക്ക് നല്കി. മുഹമ്മദ് മുഹ്സിന് എം എല്‍ എ നടീല്‍ ഉത്സവം ഉദ്ഘാടനം ചെയ്തു. വിളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.മുരളി അധ്യക്ഷനായി. കൃഷി ഓഫീസര്‍ വി.പി സിന്ധു മുഖ്യപ്രഭാഷണം നടത്തി.
പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമ്മുക്കുട്ടി എടത്തോള്‍ മുഖ്യാതിഥിയായി. എ.കെ ഉണ്ണി, നീലടി സുധാകരന്, രാജി, ഡോ.പി.രാജി, ഡോ. പി.പി മൂസ, കെ.ടി ഉണ്ണികൃഷ്ണന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."