ആക്രമിക്കപ്പെട്ട നടിയെ ചാനല്‍ ചര്‍ച്ചകളിലൂടെ പീഡിപ്പിക്കുന്നു: വി.എസ് അച്യുതാനന്ദന്‍
തിരുവനന്തപുരം:ആക്രമിക്കപ്പെട്ട നടിയോടൊപ്പമാണെന്നും നടിക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്നും ചാനല്‍ ചര്‍ച്ചകളിലൂടെ അവളെ മാനസികമായി പീഡിപ്പിക്കുകയാണ് ചെയ്യുന്നതെന്നും വി.എസ് അച്യുതാനന്ദന്‍. വിമന്‍ ഇന്‍ സിനിമാ കലക്ടീവ്, നെറ്റ്‌വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ സംഘടനകള്‍ സംയുക്തമായി തിരുവനന്തപുരത്ത് മാനവീയം വീഥിയില്‍ സംഘടിപ്പിച്ച 'അവള്‍ക്കൊപ്പം' എന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകള്‍ക്ക് നല്‍കുന്ന മാന്യതയാണ് ഒരു സമൂഹത്തിന്റെ സംസ്‌കാരമെന്നും സ്ത്രീകളോടുള്ള മാന്യത പുസ്തകത്തിലും പ്രസംഗത്തിലും മാത്രം പോരെന്നും അതു സംരക്ഷിക്കാന്‍ സമൂഹത്തിലെ ഓരോരുത്തരും രംഗത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തെ നേര്‍വഴിക്ക് നയിക്കേണ്ട കലാമേഖലയില്‍ നിന്നുള്ളവര്‍ തന്നെ ഇത്തരം ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് ഗൗരവതരമാണെന്നും വി.എസ് പറഞ്ഞു.
സഭയില്‍ നിയമനിര്‍മാണം നടത്തുന്നവരില്‍ ചിലര്‍ നടിയെ തളര്‍ത്താന്‍ ശ്രമിക്കുകയാണെന്നും ഇവര്‍ ഇരയ്‌ക്കൊപ്പം നില്‍ക്കണമെന്നും കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ പറഞ്ഞു. പരിപാടിയില്‍ ഷാനിമോള്‍ ഉസ്മാന്‍, സി.എസ് സൂജാത, ജെ. ദേവിക, കെ.എ ബീന, ഗീത നസീര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."