മലേഷ്യന്‍ സ്‌കൂളിലെ തീപിടുത്തം: ഏഴ് പേര്‍ അറസ്റ്റില്‍
ക്വാലാലംപൂര്‍: 23 പേരുടെ മരണത്തിനിടയാക്കിയ മലേഷ്യയിലെ മതപഠനകേന്ദ്രത്തിലുണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട ഏഴ് പേരെ പൊലിസ് അറസ്റ്റു ചെയ്തു. സമീപത്തെ കെട്ടിടത്തിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച തെളിവനുസരിച്ചാണ് അറസ്റ്റ്. സംഭവ ദിവസം രാത്രി ഇവരെ സ്‌കൂള്‍ പരിസരത്തുണ്ടായിരുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്. പതിനൊന്നു മുതല്‍ പതിനെട്ടു വരെ പ്രായമുള്ളവരാണ് അറസ്റ്റിലായവര്‍.
സ്ഥാപനത്തിലെ വിദ്യാര്‍ഥികളും അറസ്റ്റിലായവരും തമ്മിലുണ്ടായ വാക്കു തര്‍ക്കമാണ് സംഭവത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി പൊലിസ് പറഞ്ഞു. പിടിക്കപ്പെട്ടവരില്‍ഡ ആറുപേരം മയക്കു മരുന്ന് ഉപയോഗിക്കുന്നവരാണെന്നും പൊലിസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപുരിലെ മതപഠനകേന്ദ്രത്തില്‍ സപ്തംബര്‍ 14നാണ് തീപിടുത്തമുണ്ടായത്. അപകടത്തില്‍ 21 കുട്ടികളടക്കം 23 പേര്‍ വെന്തു മരിച്ചു. 22പേര്‍ക്ക് പരുക്കേറ്റു.
തീപടര്‍ന്ന മുറിയിയ്ക്ക് ഒരു വാതില്‍ മാത്രമാണ് ഉണ്ടായിരുന്നത്. മെറ്റല്‍ ഗ്ലാസിന്റെ ജനലുകളും ആയിരുന്നു. അതുകൊണ്ട് തന്നെ പുറത്തുകടക്കാന്‍ കുട്ടികള്‍ക്ക് കഴിഞ്ഞില്ല. രക്ഷാ പ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്തുമ്പോഴേക്കും കെട്ടിടം മുഴുവന്‍ കത്തിനശിച്ചിരുന്നു. മൃതദേഹങ്ങളില്‍ ഭൂരിഭാഗവും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. 13നും 17നും പ്രായമധ്യേയുള്ളവരായിരുന്നു മരിച്ച കുട്ടികളില്‍ ഭൂരിഭാഗവും.
മതപഠനകേന്ദ്രത്തിന്റെ രണ്ടാം നിലയിലായിരുന്നു അപകടമുണ്ടായത്. അഗ്‌നിബാധയുണ്ടാകുമ്പോള്‍ രക്ഷപ്പെടാനുള്ള പ്രത്യേക ഗോവണിയുണ്ടായിരുന്നെങ്കിലും നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഈ ഗോവണിയിലേക്കുള്ള ഇടങ്ങളിലെല്ലാം തടസ്സങ്ങളായിരുന്നു. കെട്ടിടം ഏതാണ്ട് പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. താഴെ നിലയില്‍ ഉണ്ടായിരുന്ന അഞ്ച് കുട്ടികളെ അഗ്‌നിശമന സേനാ വിഭാഗക്കാര്‍ രക്ഷിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."