ഫേസ്ബുക്കിന് അടിമയായി; വീട്ടുകാരുടെ വഴക്കില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു
കൊല്‍ക്കത്ത: ഫേസ്ബുക്കില്‍ അമിത സമയം ചെലവഴിച്ചതിന് വീട്ടുകാരുടെ വഴക്കു കേട്ട പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. പശ്ചിമബംഗാളിലെ നോര്‍ത്ത് 24 പാരഗണാസ് ജില്ലയിലാണ് സംഭവം. ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
മണിക്കൂറുകളോളം മൊബൈല്‍ ഉപയോഗിച്ചതിന് പെണ്‍കുട്ടിയെ മൂത്തസഹോദരന്‍ വഴക്ക് പറഞ്ഞെന്നും പിന്നീട് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.
മരിക്കുന്നതിനായി മുന്‍പായി പെണ്‍കുട്ടി തന്റെ വാട്‌സാപ്പ് സ്റ്റാറ്റസ് 'ഞാന്‍ മരിച്ചു' എന്നാക്കി മാറ്റിയിരുന്നു. ജീവിക്കാനുള്ള താത്പര്യം നഷ്ടപ്പെട്ടെന്ന് ഫേസ്ബുക്കിലും പോസ്്റ്റു ചെയ്തിരുന്നു.
പുതിയ മൊബൈല്‍ ഫോണ്‍ കിട്ടിയതു മുതല്‍ മകളുടെ ലോകം ഫോണായിരുന്നുവെന്ന് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ അമ്മ പറയുന്നു. ഫോണ്‍ കിട്ടിയ ശേഷം അവള്‍ക്ക് വിശപ്പോ ദാഹമോ ഇല്ലായിരുന്നു. പഠിത്തതിലും താത്പര്യം കുറഞ്ഞു. സ്‌കൂളില്‍ പോവാനും മടിയായി.
ഈ മാറ്റം ശ്രദ്ധിച്ച സഹോദരന്‍ ഇതിന്റെ പേരില്‍ കുട്ടിയെ ശകാരിച്ചിരുന്നു. വെള്ളിയാഴ്ച്ച രാവിലെയും സഹോദരന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി അനിയത്തിയെ കുറ്റപ്പെടുത്തി സംസാരിച്ചു.
ഇതില്‍ പിണങ്ങി ആ ദിവസം മുഴുവന്‍ പെണ്‍കുട്ടി ആരോടും മിണ്ടാതെ വീട്ടിലിരുന്നു. വൈകുന്നേരം ആശുപത്രിയില്‍ ചികിത്സയിലുള്ള ഒരു ബന്ധുവിനെ കാണാന്‍ പോയ വീട്ടുകാര്‍ തിരിച്ചെത്തിയപ്പോള്‍ ആണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും എല്ലാ വശങ്ങളും പരിശോധനിച്ച ശേഷമേ നിഗമനങ്ങളിലെത്താന്‍ സാധിക്കൂവെന്നും പൊലിസ് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."