ഐ.എം.എ ദേശീയ മെഡിക്കല്‍ കോണ്‍ഫറന്‍സിന് സമാപനം
തിരുവനന്തപുരം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കോവളം കെ.റ്റി.ഡി.സി സമുദ്ര ഹോട്ടലില്‍ സംഘടിപ്പിച്ച ദേശീയ മെഡിക്കല്‍ സമ്മിറ്റ് കോണ്‍ഫറന്‍സിന് സമാപനം. രണ്ട് ദിവസം നടന്ന കോണ്‍ഫറന്‍സില്‍ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ പങ്കെടുത്തു. വര്‍ധിച്ചു വരുന്ന റോഡപകടങ്ങളില്‍ എങ്ങനെ വിദഗ്ധ അടിയന്തിര ചികിത്സ ലഭ്യമാക്കാം എന്നതിനെ ആസ്പദമാക്കി ട്രോമാകെയര്‍ ഇന്റര്‍നാഷനല്‍ ടെലി കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. ജീവിതശൈലീ രോഗങ്ങള്‍, പകര്‍ച്ച വ്യാധികള്‍ തുടങ്ങിയ പൊതുജനാരോഗ്യത്തിലൂന്നിയ വിവിധ വിഷയങ്ങളുടെ നൂതന ചികിത്സാ മാര്‍ഗങ്ങള്‍ കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്തു.
ഡോ. വി.സി വേലായുധന്‍പിള്ള പ്രഭാഷണത്തില്‍ മെഡിക്കല്‍ എത്തിക്‌സിനെ അടിസ്ഥാനമാക്കി ഐ.എം.എ ദേശീയ പ്രസിഡന്റ് ഡോ. രവി വാങ്കഡേക്കര്‍ സംസാരിച്ചു. നാഷനല്‍ മെഡിക്കല്‍ സമ്മിറ്റ് ഓറിയന്റേഷനില്‍ മുംബൈയിലെ തൈറോകെയര്‍ ടെക്‌നോജീസിലെ സി.എം.ഡി ഡോ. എ. വേലുമണി സംസാരിച്ചു.
അവയവദാനത്തിന്റെ അടിസ്ഥാന വിവരങ്ങള്‍, ഇപ്പോഴത്തെ സ്ഥിതി എന്നിവയെ അടിസ്ഥാനമാക്കിയുള്ള പ്രഭാഷണത്തില്‍ ചെന്നൈയിലെ പ്രശസ്ത യൂറോളജിസ്റ്റും ട്രാന്‍സ്പ്ലാന്റ് സര്‍ജനുമായ ഡോ. സുനില്‍ ഷ്രോഫ്, യൂറോളജി പ്രൊഫസര്‍ ഡോ. എസ്. വാസുദേവന്‍ സംസാരിച്ചു. മൃതസഞ്ജീവനി (കെ.എന്‍.ഒ.എസ്.) സംസ്ഥാന കണ്‍വീനറും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലുമായ ഡോ.തോമസ് മാത്യു, ഡോ. ഇ.കെ ഉമ്മര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി.
ശില്‍പശാലയോടനുബന്ധിച്ച് പ്രബന്ധങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സുവനീര്‍ പ്രകാശനം നിയുക്ത ഐ.എം.എ ദേശീയ പ്രസിഡന്റ് ഡോ. രവി വാങ്കഡേക്കര്‍ നിര്‍വഹിച്ചു.
രണ്ടുനാള്‍ നീണ്ടു നിന്ന ആരോഗ്യ സെമിനാറുകളും ശില്‍പശാലകളും എല്ലാ മേഖലയിലുമുള്ള ഡോക്ടര്‍മാര്‍ക്കും പ്രയോജനകരമായിരുന്നുവെന്നും ഇനിയും ഇതുപോലുള്ള ആരോഗ്യ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും തിരുവനന്തപുരം ഐ.എം.എ. പ്രസിഡന്റ് ഡോ. ജോണ്‍ പണിക്കര്‍, സെക്രട്ടറി ഡോ. ജി.എസ്. വിജയകൃഷ്ണന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."