ഇന്ധന വിലവര്‍ധന സര്‍ക്കാര്‍ ധവളപത്രം പുറപ്പെടുവിക്കണം: എന്‍.കെ പ്രേമചന്ദ്രന്‍ എം.പി
കൊല്ലം: ഇന്ധനവില വര്‍ധനവ് സര്‍ക്കാരിന്റെ മന പൂര്‍വമായ നടപടിയാണെന്നും അത് പാവങ്ങളെ സഹായിക്കാന്‍ വേണ്ടിയാണെന്നും കേന്ദ്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ധന വില വര്‍ധനവിലൂടെ കുത്തക മുതലാളിമാര്‍ക്കും സര്‍ക്കാരിനും ഓയില്‍ കമ്പനികള്‍ക്കുമുണ്ടായ വരുമാനവും സര്‍ക്കാരിനും ഓയില്‍ കമ്പനികള്‍ക്കും ലഭിച്ച തുകയുടെ ചിലവും വെളിപ്പെടുത്തി അവ എന്തൊക്കെ ആവശ്യത്തിനാണ് ഉപയോഗിച്ചതെന്ന് വിശദമാക്കുന്ന ധവളപത്രം പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു.
കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്.
സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയമാണ് മന്ത്രിയുടെ പ്രഖ്യാപനത്തിലൂടെ വെളിപ്പെടുന്നത്. രാജ്യത്തെ ചരക്കുഗതാഗതത്തിനും സാധാരണക്കാരന്റെ പൊതുഗതാഗതത്തിനും ഇന്ധനം ഉപയോഗിക്കുന്നുണ്ട്.
ഇന്ധനവില വര്‍ധനവിലൂടെ നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രണാതീതമായി കുതിച്ചുയരുന്നു.
വസ്തുത ഇതായിരിക്കെ ഇന്ധനവില വര്‍ധനവ് ദോഷകരമായി ബാധിക്കുന്നത് സമ്പന്നരെ മാത്രമാണെന്ന മന്ത്രിയുടെ നിലപാട് അപഹാസ്യമാണ്.
സമൂഹത്തിന്റെ സമസ്ത മേഖലകളിലും ദൂഷ്യഫലമുണ്ടാക്കുന്ന ഇന്ധനവില വര്‍ധനവിനെതിരേ പ്രതികരിക്കുന്നത് സമ്പന്നവര്‍ഗ താല്‍പര്യ സംരക്ഷണത്തിനാണെന്നു വരുത്തിത്തീര്‍ക്കുവാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ കരുതിക്കൂട്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണിത്.
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിച്ച നോട്ട് നിരോധനത്തിനാധാരമായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടിയത് കള്ളപ്പണവും കള്ളനോട്ടും നിരോധിക്കലും പാവപ്പെട്ടവന്റെ ക്ഷേമവുമായിരുന്നു.
പ്രാരംഭഘട്ടത്തില്‍ നോട്ട് നിരോധനത്തിനെതിരേ ഉയര്‍ന്നു വന്ന പ്രതിഷേധം പ്രതിരോധിക്കുവാന്‍ സര്‍ക്കാര്‍ സ്വീകരിച്ച അടവുനയവും സാധാരണക്കാരന്റെ പേരിലായിരുന്നു.
സാധാരണ പൗരന്മാരെ ചൂണ്ടിക്കാണിച്ച് കുത്തകകള്‍ക്ക് കോടികള്‍ ലാഭം കൊയ്യുവാന്‍ ഇന്ധനവില വര്‍ധനവിലൂടെ സര്‍ക്കാര്‍ അവസരം ഒരുക്കുകയാണ്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ അങ്ങേയറ്റം ദോഷകരമായി ബാധിക്കുന്ന ഇന്ധനവില വര്‍ധനവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും എം.പി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."