അഞ്ചാംപനി,റൂബല്ല പ്രതിരോധ മരുന്ന് നല്‍കി കുട്ടികളെ സുരക്ഷിതരാക്കണം: ജില്ലാ കളക്ടര്‍
ആലപ്പുഴ: ഒക്‌ടോബര്‍ മൂന്നിന് ആരംഭിക്കുന്ന അഞ്ചാംപനി(മീസില്‍സ്), റൂബല്ല പ്രതിരോധ കുത്തിവയ്പിലൂടെ കുട്ടികളെ രോഗംവരാതെ സുരക്ഷിതരാക്കാന്‍ മാതാപിതാക്കളുടെയടക്കം സഹകരണം വേണമെന്ന് ജില്ലാ കളക്ടര്‍ റ്റി.വി. അനുപമ പറഞ്ഞു.
കളക്‌ട്രേറ്റില്‍ ചേര്‍ന്ന ടാസ്‌ക് ഫോഴ്‌സ് യോഗത്തില്‍ അധ്യക്ഷ്യത വഹിക്കുകയായിരുന്നു കളക്ടര്‍.
ഒന്‍പതിനും 15 നുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് പ്രതിരോധകുത്തിവയ്പ് നല്‍കാനാണ് ജില്ല ലക്ഷ്യമിടുന്നത്. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധവകുപ്പുകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, സന്നദ്ധസംഘടനകള്‍ എന്നിവയുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനമാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് കളക്ടര്‍ പറഞ്ഞു.
ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ക്കു പുറമേ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സഹകരണത്തോടെ സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരേയും പ്രതിരോധയജ്ഞത്തില്‍ പങ്കാളികളാക്കും.കുത്തിവയ്പ് നല്‍കുന്നത് കൂടുതലും വിദ്യാര്‍ത്ഥികള്‍ക്കായതിനാല്‍ വിപുലമായ ഒരുക്കങ്ങളാണ് വിദ്യാഭ്യസ വകുപ്പ് നടപ്പാക്കുന്നത്.
എല്ലാ സ്‌കൂളുകളിലും നോഡല്‍ ഓഫീസറായി അദ്ധ്യപകരെ തെരഞ്ഞടുത്ത് പരിശീലനം നല്‍കിയിട്ടുണ്ട്. ഇവര്‍ അതത് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും അവരുടെ അധ്യാപകര്‍ക്കും കുത്തിവെയ്പ്പിന്റെ പ്രാധാന്യം സംബന്ധിച്ച് ക്ലാസ്സുകള്‍ നല്‍കി വരുകയാണ്. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് എന്‍.സി.സി, സ്‌കൗട്ട്, ഗൈഡ്‌സ്,എന്‍.എസ്.എസ്.യൂത്ത് ക്ലബ്ബ് വോളണ്ടിയര്‍മാര്‍, കുടുംബശ്രീ ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള പരിശീലനം ഈ ആഴ്ച പൂര്‍ത്തിയാകും.
ആദ്യത്തെ രണ്ടാഴ്ച സ്‌കൂളുകള്‍, അങ്കണവാടികളില്‍ വച്ചും പിന്നീട് ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും കുത്തിവയ്പ്പ് സൗകര്യം ഏര്‍പ്പെടുത്താനാണ് നീക്കം. വീടുകളിലെത്തി കുത്തിവെയ്‌പ്പെടുക്കില്ല. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ലോകാരോഗ്യ സംഘടനയുടെ കണ്‍സള്‍ട്ടന്റ് ഡോ. പ്രതാപചന്ദ്രന്‍ മീസില്‍സ്‌റൂബല്ലാ രോഗങ്ങളെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് വിശദീകരിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. സിദ്ധാര്‍ത്ഥന്‍, ഡോ. ജമുനാ വര്‍ഗ്ഗീസ്, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. കെ.ബി. മോഹന്‍ദാസ്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ജി. ശ്രീകല എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."