കൊച്ചി സ്റ്റേഡിയത്തിലെ കടകള്‍ ഒഴിയണമെന്ന് ഹൈക്കോടതി
കൊച്ചി: സുരക്ഷയുടെ ഭാഗമായി കലൂര്‍ സ്റ്റേഡിയത്തിലെ കടകള്‍ ഒഴിയണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചതോടെ അണ്ടര്‍ 17 ലോകകപ്പിന് രാജ്യാന്തര സ്റ്റേഡിയത്തില്‍ പന്തുരുളും. 25നു മുന്‍പ് കടകള്‍ ഒഴിയണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.
സ്റ്റേഡിയത്തിലെ കടകള്‍ ഒരുമാസം അടച്ചിടാനുള്ള നോട്ടിസിന് എതിരേ ഹരജി നല്‍കിയ വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ) 25 ലക്ഷം രൂപ എറണാകുളം ട്രഷറില്‍ നിക്ഷേപിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
സ്‌പോര്‍ട്‌സിന് വേണ്ടിയാണ് സ്റ്റേഡിയം നിര്‍മിച്ചതെങ്കിലും ഇതിനു മാത്രമായല്ല നിര്‍മാണമെന്ന് രൂപകല്‍പനയില്‍ നിന്നറിയാനാവുമെന്നു കോടതി വ്യക്തമാക്കി. ഇവിടെ വാടകയ്ക്കു നല്‍കാന്‍ കടമുറികളും പണിതിട്ടുണ്ട്.
സ്റ്റേഡിയം നിര്‍മിക്കാനുള്ള വന്‍ ചെലവ് കായിക മത്സരങ്ങള്‍ സംഘടിപ്പിച്ച് കണ്ടെത്താന്‍ കഴിയില്ല. ഇക്കാരണത്താലാണ് കടമുറികള്‍ വാടകയ്ക്കു നല്‍കുന്നത്.
ഇങ്ങനെ നിയമപരമായി കടമുറികള്‍ സ്വന്തമാക്കിയവര്‍ പെട്ടെന്ന് ഒഴിയണമെന്ന് ജി.സി.ഡി.എ നോട്ടിസ് നല്‍കിയത് ഉചിതമായില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
കടകള്‍ അടച്ചിടുന്നതു മൂലമുള്ള നഷ്ടം കണക്കാക്കാന്‍ കേരള ലീഗല്‍ സര്‍വിസ് അതോറിറ്റി മെമ്പര്‍ സെക്രട്ടറി, ഹൈക്കോടതിയിലെ ബദല്‍ തര്‍ക്ക പരിഹാര കേന്ദ്രം ഡയറക്ടര്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിക്ക് രൂപം നല്‍കണമെന്നും ഓരോ വ്യാപാരിക്കും ഉണ്ടാകുന്ന നഷ്ടത്തിന്റെ 75 ശതമാനം തുക ഉടന്‍ നല്‍കണമെന്നും സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.
ലോകകപ്പ് മത്സരങ്ങള്‍ക്കായി ഈ മാസം 25 മുതല്‍ ഒക്ടോബര്‍ 25 വരെ സുരക്ഷാ കാരണങ്ങളാല്‍ കടമുറികള്‍ അടച്ചിടാനായിരുന്നു ജി.സി.ഡി.എ നോട്ടിസ് നല്‍കിയത്. ഇതിനെതിരേ 45 പേരാണ് ഹൈക്കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."