ഖത്തര്‍ പ്രതിസന്ധി ഉടന്‍ തീരില്ല: ആവശ്യങ്ങള്‍ അംഗീകരിക്കാതെ ചര്‍ച്ചയില്ലെന്നു ചതുര്‍രാഷ്ട്ര തീരുമാനം
റിയാദ്: തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും ആവശ്യങ്ങള്‍ അംഗീകരിക്കാതെ ഖത്തറുമായി യാതൊരു വിധ ചര്‍ച്ചക്കും ഒരുക്കമല്ലെന്നും ചതുര്‍രാഷ്ട്രങ്ങള്‍ ന്യൂയോര്‍ക്കില്‍ വ്യക്തമാക്കി. ഇതോടെ ഖത്തര്‍ പ്രതിസന്ധി ഉടന്‍ തീരില്ലെന്നു സൂചനയാണ് ഉയരുന്നത്.
72 -ാമതു സെക്ഷന്‍ ഐക്യരാഷ്ട്ര സഭ പൊതുയോഗത്തിനു മുന്‍പായി ചേര്‍ന്ന യോഗത്തിലാണ് ഖത്തര്‍ വിരുദ്ധ രാജ്യങ്ങളായ സഊദി അറേബ്യ, ബഹ്‌റൈന്‍, യു എ ഇ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് തങ്ങളുടെ നിലപാട് വീണ്ടും വ്യക്തമാക്കിയത്.
തങ്ങള്‍ മുന്നോട്ടുവച്ച കാര്യം തീര്‍പ്പാകുന്നതുവരെ ഖത്തറുമായി ചര്‍ച്ചക്കില്ലെന്നും ഉപാധികള്‍ അംഗീകരിക്കാതെയുള്ള ചര്‍ച്ചകള്‍ കൊണ്ട് യാതൊരു ഫലവുമില്ലെന്നുമാണ് നാലു രാജ്യങ്ങള്‍ കൈക്കൊണ്ട തീരുമാനം.
ഇതോടെ ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ മധ്യസ്ഥ ശ്രമം നടത്തുന്ന അമേരിക്കയുടെയും കുവൈത്തിന്റെയും ശ്രമങ്ങള്‍ക്കു വീണ്ടും തിരിച്ചടിയായി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഖത്തര്‍ അമീര്‍ നടത്തിയ ചര്‍ച്ചയിലും പ്രതിസന്ധി പരിഹരിക്കാന്‍ ഉതകുന്ന യാതൊന്നും ഉയര്‍ന്നു വന്നിട്ടില്ലെന്ന് സഊദി അനുകൂല രാജ്യങ്ങള്‍ വിലയിരുത്തി.
സഊദി വിദേശ കാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍, യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ്, യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാശ്, ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഖാലിദ് ബിന്‍ അഹ്മദ് ആല്‍ ഖലീഫ, ഈജിപ്ത് വിദേശകാര്യ മന്ത്രി സമീഅ് ശുക്‌രി , യു.എ.ഇയുടെ യു.എസ് സ്ഥാനപതി യൂസുഫ് അല്‍ ഉതൈബ എന്നിവരാണ് യോഗത്തില്‍ സംബന്ധിച്ചത്. 106 നാളുകള്‍ പിന്നിട്ട രാഷ്ട്രീയ പ്രതിസന്ധി ഇനിയും നീണ്ടേക്കുമെന്ന സൂചന തന്നെയാണ് ഇരുപക്ഷവും തുടരുന്ന കടുത്ത നിലപാടില്‍ തെളിയുന്നത്.
ഖത്തറിനെതിരെ സൈനിക നീക്കം നടത്താനുള്ള തീരുമാനത്തിനെതിരെ താന്‍ മുന്നറിയിപ്പ് നല്‍കിയെന്ന വാര്‍ത്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരസിച്ചു. വിവിധ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ഖത്തര്‍ സഹായം നല്‍കുന്നുവെന്നാരോപിച്ചു യു എന്‍ ജനറല്‍ അസംബ്ലി നടക്കുന്ന കാര്യാലയത്തിന് മുന്നില്‍ വിവിധ സംഘടനകള്‍ ഖത്തറിനെതിരെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."