അഗ്രഹാരങ്ങളുടെ ഓര്‍മകള്‍ ഉണര്‍ത്തി ബൊമ്മക്കൊലു ഒരുങ്ങി
കാഞ്ഞങ്ങാട്: നവരാത്രിയെ വരവേല്‍ക്കാന്‍ അഗ്രഹാരങ്ങളുടെ ഓര്‍മകളുണര്‍ത്തി ബൊമ്മക്കൊലു ഒരുങ്ങി. പഞ്ചഭൂതങ്ങളാല്‍ നിര്‍മിതമായ ബൊമ്മക്കൊലു പൂജ ബ്രാഹ്മണ ഭവനങ്ങളില്‍ നവരാത്രി കാലത്തെ പ്രധാന അനുഷ്ഠാനമാണ്. പൂജാമുറിയില്‍ പ്രത്യേക പീണ്ടഠം സ്ഥാപിച്ച് നിലവിളക്കുകള്‍ക്കു ചുറ്റും മനോഹരമായി അലങ്കരിച്ച ചെറു ബൊമ്മകള്‍ ഒരുക്കിവെക്കുന്നു. നവ ധാന്യങ്ങളും ഫലങ്ങളും നിരത്തി വെക്കും. ഒന്‍പതു തട്ടുകളിലായാണു ബൊമ്മക്കൊലു വെക്കുക. ഗണപതി, കൃഷ്ണന്‍, സരസ്വതി തുടങ്ങിയ ഈശ്വര രൂപങ്ങളും വാദ്യോപകരണങ്ങളും ബൊമ്മക്കുലുവായി ഉപയോഗിക്കാറുണ്ട്.
പഞ്ചഭൂതങ്ങള്‍ ചേര്‍ത്ത് രൂപപ്പെടുത്തി എടുക്കുന്നതാണ് ഈ പ്രതിമകള്‍. മണ്ണ് വെള്ളത്തില്‍ കുഴച്ച് തീയില്‍ ചുട്ട് വായുവില്‍ ഉണ്ടാക്കുമ്പോള്‍ പഞ്ചഭൂത സങ്കല്‍പമാകുന്നു.
ബൊമ്മക്കൊലു ഒരുക്കി വെച്ച പൂജാമുറിയില്‍ പ്രത്യേക നിവേദ്യം നടത്തി പൂജ ചെയ്യും. ജില്ലയില്‍ ഗൗഢ സാരസ്വത ബ്രാഹ്മണര്‍ ഏറെയുള്ള കാഞ്ഞങ്ങാട്, കാസര്‍കോട് ഭാഗങ്ങളില്‍ ഇന്നും ബൊമ്മക്കൊലു അനുഷ്ഠാനം പതിവു തെറ്റാതെ നടക്കുന്നുണ്ട്.
ചെന്നൈയില്‍ നിന്നു കൊണ്ടുവന്ന ബൊമ്മക്കൊലുകളാണ് ഭവനങ്ങളില്‍ ഇന്നും നിവേദ്യ പൂജാദികര്‍മ്മങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. ഓരോ ദിവസവും ദേവിയെ കുമാരി, രാജരാജേശ്വരി, കല്യാണി, മഹാലക്ഷ്മി, ഇന്ദ്രാണി, ചണ്ഡിക, ശാംഭവി, ദുര്‍ഗ്ഗ, സരസ്വതി എന്നിങ്ങനെ സങ്കല്പിച്ചാണു വണങ്ങുന്നത്. സ്ത്രീകള്‍ക്ക് ഏറെ പ്രധാന്യമുള്ള നവരാത്രി ദിനങ്ങളില്‍ സുമംഗലികള്‍ക്കു താംബൂലം നല്‍കുന്നതും കന്യകകള്‍ക്കു വസ്ത്രവും മധുര പലഹാരങ്ങളും നല്‍കുന്നതും പുണ്യമായി കരുതുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."