അറിവില്ലെന്ന അറിവ് അറിവാണ്
ആയിരം വാക്കുകളില്‍ കുറയാതെ തയാറാക്കേണ്ട ആ ഉപന്യാസത്തിന് 25 മാര്‍ക്കാണെന്നിരിക്കട്ടെ. നല്‍കപ്പെട്ട വിഷയത്തെ സംബന്ധിച്ചു നിങ്ങള്‍ക്കൊരു ചുക്കുമറിയില്ല. അറ്റന്റ് ചെയ്യാതിരുന്നാല്‍ ഭാവി തുലാസിലുമായിരിക്കും. ഒന്നുമറിയില്ലെങ്കിലും എന്തെങ്കിലുമൊക്കെ എഴുതണമെന്നാണ് മാഷ് പറഞ്ഞിട്ടുള്ളത്. എന്തു ചെയ്യും..? നിങ്ങള്‍ അറിവില്ലായ്മ സമ്മതിക്കുമോ അതോ അറിയാത്തതില്‍ തലയിടുമോ..?
ഇവിടെ തൊണ്ണൂറ്റിയഞ്ചു ശതമാനം വിദ്യാര്‍ഥികളും അറിവില്ലായ്മ സമ്മതിക്കില്ലെന്നതാണു വാസ്തവം. കാരണം, അറിവില്ലായ്മ സമ്മതിക്കരുതെന്നാണു പഠിപ്പിക്കപ്പെട്ടിട്ടുള്ളത്. സമ്മതിച്ചാല്‍ മാര്‍ക്ക് പോകും. മാര്‍ക്കില്ലെങ്കില്‍ പരാജയം. പരാജയപ്പെട്ടാല്‍പിന്നെ ഒന്നിനും കൊള്ളാത്തവന്‍... പരമ്പര ഇങ്ങനെയാണല്ലോ പോകുന്നത്.
ക്ലാസുകളില്‍നിന്നു പഠിപ്പിക്കപ്പെട്ട ഈ പാഠം പരീക്ഷാഹാളില്‍ നന്നായി പയറ്റിത്തെളിഞ്ഞതുകൊണ്ടായിരിക്കാം പലരും പരീക്ഷാഹാളിനു പുറത്തും ഈ ശീലം തുടരുന്നത്. അറിയില്ല എന്നു തുറന്നുപറയാന്‍ പലപ്പോഴും വല്ലാത്ത മടി. ആളുകള്‍ മാര്‍ക്ക് തരില്ലെന്നാണു വിശ്വാസം. അതിനാല്‍ അറിയില്ലെങ്കിലും അറിയാത്തതു പറയുന്നു, എഴുതുന്നു..! പരീക്ഷയില്‍ എന്തെങ്കിലുമൊക്കെ എഴുതിക്കൂട്ടിയതുകൊണ്ട് കിട്ടിയ മാര്‍ക്കില്‍നിന്ന് വിജയം വിരിഞ്ഞാല്‍ അതു യഥാര്‍ഥ വിജയമാണോ എന്നൊന്നും തല്‍ക്കാലം ചോദിക്കരുത്. മുഖം രക്ഷിക്കാനാണല്ലോ എല്ലാം. അതുപോലെ ജീവിതത്തിലും മുഖം രക്ഷിച്ചുകൊണ്ടേയിരിക്കണം. അറിയാത്തതില്‍ ഇടപെട്ടുകൊണ്ടേയിരിക്കുക...!
എത്ര തലപുകഞ്ഞാലോചിച്ചാലും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളുണ്ടായിരിക്കും. ഇരുത്തം വന്ന പണ്ഡിതന്മാരെ പോലും ഇരുത്തിപ്പിക്കുന്ന ചില ചോദ്യങ്ങള്‍.. അത്തരം ചോദ്യങ്ങള്‍ക്ക് 'വ്യക്തമായ മറുപടികള്‍' കിട്ടണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കു സമീപിക്കാവുന്ന ഒരു കേന്ദ്രം പീടികത്തിണ്ണകളാണ്. അവിടെ ഒരു പണിയുമില്ലാതെ സൊറ പറഞ്ഞിരിക്കുന്ന 'മഹാന്മാരായ' കാരണവന്മാരുണ്ടാകും. ഞങ്ങളൊക്കെ ജീവിതം പയറ്റിത്തെളിഞ്ഞവരാണെന്ന ഭാവത്തിലിരിക്കുന്ന ഒരുപാട് മാന്യദേഹങ്ങള്‍.. നിങ്ങളെ കുഴക്കുന്ന ഏതു സംശയവും അവരോട് ചോദിച്ചാല്‍ മതി, മറുപടി ഉറപ്പായിരിക്കും. പണ്ഡിതന്മാര്‍ ഞങ്ങളൊന്നു പഠിക്കട്ടെ എന്നു പറയുമ്പോള്‍, ഇക്കൂട്ടര്‍ക്ക് അതിന്റെയൊന്നും ആവശ്യമില്ല. നിമിഷങ്ങള്‍ക്കുള്ളിലായിരിക്കും അവരുടെ മറുപടികള്‍. എനിക്കതറിയില്ലെന്നു പറഞ്ഞ് ഒരിക്കലും അവര്‍ നിങ്ങളെ നിരാശരാക്കില്ല..! കൈയില്‍ അരക്കാഷില്ലെങ്കിലും എങ്ങനെയെങ്കിലും അതുണ്ടാക്കി ആവശ്യക്കാരെ സഹായിക്കുന്ന ചില സുമനസുകളുണ്ടല്ലോ, അതുപോലെ.
എങ്ങനെയാണു പണ്ഡിതസഭകള്‍പോലും തിരിച്ചയക്കുന്ന കേസുകള്‍ ഈ പണ്ഡാരസഭകള്‍ക്ക് അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്നതെന്നറിയാന്‍ വല്ലാത്ത കൗതുകമുണ്ടായിരുന്നു. അപ്പോഴാണു തത്ത്വചിന്തകനായ വോള്‍ട്ടെയറുടെ ഒരു പ്രസ്താവം ശ്രദ്ധയില്‍പെട്ടത്. അദ്ദേഹം പറഞ്ഞതിതാണ്: 'അയാള്‍ക്ക് തീരെ വിവരമില്ല. എന്തുകൊണ്ടെന്നാല്‍ ഏതു ചോദ്യത്തിനും അയാള്‍ മറുപടി നല്‍കുന്നു..!'
ഒരാള്‍ അറിയാത്ത വിഷയത്തില്‍ സംസാരിച്ചതും അറിഞ്ഞ വിഷയത്തില്‍ സംസാരിച്ചതും തമ്മില്‍ തുലനം ചെയ്താല്‍ കൂടുതല്‍ വാക്കുകള്‍ വന്നിട്ടുണ്ടാകുക അറിയാത്ത വിഷയത്തിലെ സംസാരത്തിലായിരിക്കും. അറിഞ്ഞവന് അറിഞ്ഞതേ പറയാനാകൂ. അറിയാത്തവനു പരിധിയും പരിമിതിയുമില്ല. എന്തും പറയാം. ആകാശമാണ് അവന്റെ പരിധി. 'ചുരുക്കിയെഴുതാന്‍ സമയമില്ലാത്തതുകൊണ്ടാണ് ഇത്ര ദീര്‍ഘമായി എഴുതേണ്ടി വന്നത് ' എന്നു പണ്ടൊരാള്‍ പറഞ്ഞല്ലോ. വിവരമുള്ളവനു കൂടുതല്‍ വാക്കുകളുപയോഗിക്കേണ്ടതില്ല.. ചുരുങ്ങിയ വാക്കുകളില്‍ കൂടുതല്‍ ആശയങ്ങളുള്‍കൊള്ളിക്കാന്‍ അവനു കഴിയും. വിവരം കുറവാണെങ്കില്‍ നീട്ടിവലിച്ചെഴുതുകയാണു ചെയ്യുക. ആശയങ്ങള്‍ മുഴുവന്‍ വന്നിട്ടുമുണ്ടാകില്ല.
പരീക്ഷയില്‍ ഉത്തരമറിയാത്ത ചോദ്യങ്ങള്‍ അറ്റന്റ് ചെയ്യലാണ് ഉത്തരമറിയുന്ന ചോദ്യങ്ങള്‍ അറ്റന്റ് ചെയ്യുന്നതിനെക്കാള്‍ എളുപ്പം. ഉത്തരമറിയുമെങ്കില്‍ കുടുങ്ങി; ഇനി എഴുത്തില്‍ അല്‍പം സൂക്ഷ്മത പാലിക്കണം. ഉത്തരമല്ലാത്തവ കടന്നുകൂടുന്നതു ശ്രദ്ധിക്കണം. എഴുതിയതില്‍ വല്ല പാകപ്പിഴവുകളും വന്നിട്ടുണ്ടോ എന്നറിയാന്‍ രണ്ടാമതൊന്നുകൂടി വായിച്ചുനോക്കണം. അധ്യാപകനു തിരിയത്തക്കവിധം പരമാവധി നല്ല കൈയക്ഷരം വരുത്താന്‍ ശ്രമിക്കണം. എന്നാല്‍തന്നെ ബേജാറാണ്. അശ്രദ്ധമൂലം വല്ല പിഴവും വന്നിട്ടുണ്ടാകുമോ എന്ന ബേജാറ്. ഈ പൊല്ലാപ്പൊന്നും അറിയാത്തതിന് ഉത്തരമെഴുതുന്നിടത്തു വേണ്ടാ. പാകപ്പിഴവുകള്‍ വന്നിട്ടുണ്ടോ എന്നറിയാന്‍ രണ്ടാമതൊന്ന് വായിച്ചുനോക്കേണ്ടതില്ല. അറിയാത്ത വിഷയമാണു വാതോരാതെ സംസാരിക്കുന്നതെങ്കില്‍ പറഞ്ഞതില്‍ എന്തെങ്കിലും പിഴവുകള്‍ വന്നോ എന്ന് എന്തിനു പരിശോധിക്കണം...? ധൈര്യമായങ്ങു പറഞ്ഞുവിട്ടാല്‍ പോരേ.. സംസാരിക്കുമ്പോള്‍ പണ്ഡിതന്മാര്‍ക്കു സൂക്ഷ്മതയും പാമരന്മാര്‍ക്കു നിര്‍ഭയത്വവുമുണ്ടാകാന്‍ അതാണു കാരണം.
മിക്ക തര്‍ക്കങ്ങളുടെയും വേരുകള്‍ പരിശോധിച്ചാല്‍ വില്ലന്‍ അജ്ഞതയായിരിക്കും. അജ്ഞത കൈമാറുമ്പോഴാണു തര്‍ക്കങ്ങള്‍ ഉടലെടുക്കുന്നത്. ജ്ഞാനം കൈമാറുമ്പോള്‍ തര്‍ക്കമല്ല, ചര്‍ച്ചയാണുണ്ടാവുക.
അറിയുന്നതുതന്നെ പറയാനെമ്പാടുമുണ്ട്. അതൊഴിവാക്കി അറിയാത്തതില്‍ തലയിടാനെന്തിനു പോകണം..? അറിയുമോ എന്നു ചോദിക്കുന്നവനോട് അറിയില്ല എന്നു പറഞ്ഞാല്‍ നിങ്ങള്‍ നിങ്ങളുടെ അറിവില്ലായ്മയെയല്ല അറിവില്ലെന്ന അറിവിനെയാണു കൈമാറുന്നത്. അറിവില്ലെന്ന അറിവ് ചെറിയ അറിവാണെന്നു കരുതരുത്. ജ്ഞാനത്തിലേക്കുള്ള ആദ്യ കവാടം അതാണ്. ജ്ഞാനത്തിന്റെ പാതി അജ്ഞത സമ്മതിക്കലാണെന്നാണ് അറബുമൊഴി. അറിയില്ലെന്നു പറഞ്ഞാല്‍ അറിവില്ലെന്ന അറിവുണ്ട് എന്ന കീര്‍ത്തി കിട്ടും. അറിയാത്തതിനെ പറ്റി അറിയും എന്നു പറഞ്ഞാല്‍ അറിവില്ലെന്ന അറിവുപോലുമില്ലാത്തവന്‍ എന്ന ദുഷ്‌പേരാണു പരയ്ക്കുക.
'ശരിയായ അറിവില്ലാത്ത ഒരു വിഷയവും അനുധാവനം ചെയ്യരുത്. കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയൊക്കെ വിചാരണ നടത്തപ്പെടും.' ഖുര്‍ആന്റെ കാലാതിവര്‍ത്തിയായ ഈ നിര്‍ദേശം ജീവിതവഴിത്താരയില്‍ മുഴുക്കെ നമുക്ക് വഴിവെളിച്ചമാകട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."