അഭയാര്‍ഥികള്‍ക്കെതിരേ കാവിരാഷ്ട്രീയം
1948ല്‍ മ്യാന്‍മര്‍ ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് സ്വതന്ത്ര്യമായതോടുകൂടിയായിരുന്നു പാരമ്പര്യ കുടിയേറ്റക്കാരായ 11 ലക്ഷത്തില്‍ കൂടുതലുള്ള റോഹിങ്ക്യന്‍ മുസ്ലിംകളെ മ്യാന്‍മറിലെ ബുദ്ധമതക്കാര്‍ അക്രമിക്കാന്‍ തുടങ്ങിയത്. 1982ല്‍ റോഹിങ്ക്യന്‍ മുസ്ലിംകളുടെ പൗരത്വം ഇല്ലാതാക്കുകയും അവരെ രാജ്യമില്ലാത്തവരായി പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യക്ക് അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ വിശാലമായ കാഴ്ചപ്പാടോടു കൂടിയ പാരമ്പര്യമാണുള്ളത്. 1959ല്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ദലൈലാമയെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. 1.10 കോടി വരുന്ന ടിബറ്റന്‍ ബുദ്ധമതക്കാരും, 1971ല്‍ ബംഗ്ലാദേശ് പിറവിയെടുത്ത ഘട്ടത്തില്‍ ലക്ഷക്കണക്കിന് അഭയാര്‍ത്ഥികളെയും, ഏറ്റവും വലിയ ഭീകരപ്രവര്‍ത്തകരായ ശ്രീലങ്കന്‍ തമിഴരെയും 1980ല്‍ ഇന്ത്യ കൈനീട്ടി സ്വീകരിച്ചു. ശ്രീലങ്കന്‍ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് 63000ല്‍ പരം പേര്‍ വിശാലമായ കാഴ്ചപ്പാടുള്ളതും ജനാധിപത്യവുമായ ഇന്ത്യാരാജ്യത്തേക്ക് തന്നെയല്ലേ അഭയം പ്രാപിച്ചത്. പിന്നെന്തുകൊണ്ടാണ് 40000 വരുന്ന അടിസ്ഥാന സൗകര്യം ലഭിക്കാത്ത റോഹിങ്ക്യകള്‍ക്കെതിരെ മോദിസര്‍ക്കാര്‍ വിവേചനം കാട്ടുന്നു.
ലോകം കണ്ട ഏറ്റവും വലിയ വംശഹത്യയെന്ന് ഐക്യരാഷ്ട്രസഭയും ആംനസ്റ്റി ഇന്റര്‍നാഷണല്‍ റോഹിങ്ക്യന്‍ പ്രശ്‌നത്തെ പ്രഖ്യാപിച്ചപ്പോഴും റോഹിങ്ക്യക്കെതിരെ നടത്തുന്നത് ഭീകരവിരുദ്ധ നടപടിയാണ് മോദിസര്‍ക്കാര്‍ വിശേഷിപ്പിച്ചത്. മോദിയും തന്റെ ഗവണ്‍മെന്റും ഇവര്‍ക്കെതിരെ ഭീകരവാദികളെന്നും ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നുമുള്ള ആക്രോശങ്ങള്‍ മുഴക്കുന്നുവല്ലോ. എന്നാല്‍ 2012 മുതല്‍ക്കാണ് റോഹിങ്ക്യന്‍ മുസ്ലിംകള്‍ ഇന്ത്യയില്‍ ചേക്കേറിത്തുടങ്ങിയത്. ഇതുവരെയും അവര്‍ക്കെതിരെ ഒരു പെറ്റിക്കേസ് പോലും റജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചില്ല. പിന്നെങ്ങനെയാണ് അവര്‍ ഭീകരവാദികളും ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയായിത്തീരുന്നതും?
അന്താരാഷ്ട്രാതലത്തില്‍ ഉത്തരവാദിത്വ പൂര്‍വ്വം പെരുമാറേണ്ട ജനാധിപത്യ രാജ്യമായ ഇന്ത്യക്ക് ഒരുപറ്റം അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ മാത്രം വിവേചനം നിറഞ്ഞിരിക്കുന്നത് എന്തുകൊണ്ടാണ്? മോദിസര്‍ക്കാര്‍ മ്യാന്‍മറുമായി ചങ്ങാത്തം കൂടിയതിന്റെ നയതന്ത്ര ഇരകളായി മാറുകയാണ് 40000 വരുന്ന പാവപ്പെട്ട റോഹിങ്ക്യന്‍ മുസ്ലിംകള്‍. രാഷ്ട്രത്തിന് തന്നെ അംഗീകരിക്കാന്‍ പറ്റാത്തതും മുസ്ലിം വിരുദ്ധതയും ഭീകരരെ അനുകൂലിക്കുന്നതുമായ പ്രസ്താവനകളിലൂടെയാണ് ഇന്ന് മോദിസര്‍ക്കാറിന്റെ കാവിരാഷ്ട്രീയം തെളിഞ്ഞ് കൊണ്ടിരിക്കുന്നത്.
കൊടിയ പീഡനം കാത്തിരിക്കുന്ന ഒരു രാജ്യത്തേക്ക് ഇവരെ പുറംതള്ളുക കേന്ദ്രസര്‍ക്കാറിന്റെ നടപടി കിരാതവും മനുഷ്യത്വരഹിതവുമാണ്. ഈ വിഭാഗത്തിനെതിരെ ഉറച്ച തീരുമാനവുമായി മുന്നോട്ടുപോകുന്ന കേന്ദ്രസര്‍ക്കാറിന്റെ പക്ഷപാത തീരുമാനങ്ങള്‍ക്കെതിരെ രാജ്യമനസ്സാക്ഷി ഒന്നിക്കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."