അങ്കത്തട്ടില്‍ ആറുപേര്‍; വേങ്ങരയില്‍ അന്തിമ ചിത്രം തെളിഞ്ഞു
മലപ്പുറം: നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ അവസാന ചിത്രം തെളിഞ്ഞു. ആറുപേരാണ് മത്സരരംഗത്തുള്ളത്. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായിരുന്ന ഇന്നലെ ആരും പിന്‍വലിച്ചില്ല. 14 സ്ഥാനാര്‍ഥികളാണ് പത്രിക സമര്‍പ്പിച്ചിരുന്നത്. ഇതില്‍ ആറു പേരുടെ പത്രിക സൂക്ഷമ പരിശോധനിയില്‍ തള്ളി. രണ്ടു സ്വതന്ത്രസ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിക്കുകയും ചെയ്തു. കെ.എന്‍.എ ഖാദര്‍ (യു.ഡി.എഫ്), പി.പി ബഷീര്‍ (എല്‍.ഡി.എഫ്), ജനചന്ദ്രന്‍ (ബി.ജെ.പി), നസീര്‍ (എസ്.ഡി.പി.ഐ), ശ്രീനിവാസ് (സ്വതന്ത്രന്‍), ഹംസ. കെ (സ്വതന്ത്രന്‍) എന്നിവരാണ് മത്സര രംഗത്തുള്ളത്.
തെരഞ്ഞെടുപ്പിന് ഇനി 12 ദിവസം മാത്രം ബാക്കി നില്‍ക്കേ മണ്ഡലത്തില്‍ വാശിയേറിയ പ്രചാരണമാണ് നടക്കുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.പി ബഷീറിന്റെ മണ്ഡലം പര്യടനം കഴിഞ്ഞ ദിവസം ആരംഭിച്ചു.
യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദറുടെ പര്യടനം ഞായറാഴ്ചയാണ് തുടങ്ങുന്നത്. ഇരുമുന്നണികളുടെയും മണ്ഡലം, പഞ്ചായത്ത് തല കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയായി. വാര്‍ഡ് കണ്‍വന്‍ഷനുകള്‍ അവസാന ഘട്ടത്തിലാണ്.
മണ്ഡലത്തില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങളും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭരണപരാജയവും ഉയര്‍ത്തിക്കാട്ടിയാണ് യു.ഡി.എഫിന്റെ പ്രചരണം. സംസ്ഥാന സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകളും യു.ഡി.എഫ് പ്രചരണ വിഷയമാക്കുന്നുണ്ട്.
മണ്ഡലത്തിലെ അടിസ്ഥാന വികസന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എല്‍.ഡി.എഫിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍. ഉപതെരഞ്ഞെടുപ്പ് യു.ഡി.എഫ് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചതാണെന്നും ഇടതുപക്ഷം പ്രചാരണായുധമാക്കുന്നു. എന്നാല്‍ ഉപതെരഞ്ഞടുപ്പ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്ക് തിരിച്ചടി നല്‍കാനുള്ള അവസരമാണെന്നാണ് യു.ഡി.എഫ് വാദം.
മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലും തങ്ങള്‍ക്ക് ആധിപത്യമുണ്ടെന്ന ആശ്വാസത്തിലാണ് യു.ഡി.എഫ്. കഴിഞ്ഞ നിയമസഭാ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും ഈ വര്‍ഷം നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും ആറു പഞ്ചായത്തുകളിലും യു.ഡി.എഫിന് വ്യക്തമായ ലീഡുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.കെ.കുഞ്ഞാലിക്കുട്ടി 38057 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എ.ആര്‍ നഗര്‍ (5319), ഊരകം (5396), വേങ്ങര (8673), കണ്ണമംഗലം (6159), പറപ്പൂര്‍ (5757), ഒതുക്കുങ്ങല്‍ (6685) എന്നിങ്ങനെയായിരുന്നു അന്ന് മണ്ഡലത്തിലെ പഞ്ചായത്തുകളിലെ ഭൂരിപക്ഷം.
ഈ വര്‍ഷം നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ഭൂരിപക്ഷം 40,529 ആയി ഉയര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ 2,472 വോട്ടിന്റെ വര്‍ധനവാണ് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലുണ്ടായത്. പുതിയ വോട്ടര്‍മാരുടെ വോട്ടുകള്‍ കൂടിയാവുമ്പോള്‍ ഭൂരിപക്ഷം ഇനിയും കൂടുമെന്ന കണക്കുകൂട്ടലിലാണ് മുസ്‌ലിം ലീഗ്. മണ്ഡലത്തിലെ ചില പഞ്ചായത്തുകളില്‍ കോണ്‍ഗ്രസും ലീഗും തമ്മിലുണ്ടായിരുന്ന ഭിന്നതകള്‍ പരിഹരിച്ചതും യു.ഡി.എഫിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. എന്നാല്‍ പഞ്ചായത്തുകളിലെ ലീഗ്-കോണ്‍ഗ്രസ് തര്‍ക്കവും വിമത സ്ഥാനാര്‍ഥിയുടെ സാന്നിധ്യവും തങ്ങള്‍ക്ക് തുണയാവുമെന്ന വിശ്വാസത്തിലാണ് എല്‍.ഡി.എഫ്.
ലീഗ് വിമതനായി മുന്‍ എസ്.ടി.യു നേതാവ് ഹംസ മത്സരരംഗത്ത് ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ ഹംസയുടെ സ്ഥാനാര്‍ഥിത്വം ക്ഷീണം ചെയ്യില്ലെന്ന നിലപാടിലാണ് യു.ഡി.എഫ്. അന്തിമ വോട്ടര്‍പട്ടികയില്‍ 1,70,009 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്.
വിവി പാറ്റ് മെഷീനുകള്‍ ഉപയോഗിച്ചാണ് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇത്തരത്തില്‍ പൂര്‍ണമായും വിവി പാറ്റ് സംവിധാനമുള്ള മെഷീനുകള്‍ ഉപയോഗിക്കുന്ന സംസ്ഥാനത്തെ ആദ്യ തെരഞ്ഞെടുപ്പാകും വേങ്ങരയിലേത്.
ഈ സംവിധാനം അനുസരിച്ച് ഒരാള്‍ ഇലക്ട്രോണിക് വോട്ടിങ് മെഷിനില്‍ വോട്ട് ചെയ്യുമ്പോള്‍ തന്നെ താന്‍ ആര്‍ക്ക് വോട്ട് ചെയ്തു എന്ന് കാണിക്കുന്ന ഒരു പ്രിന്റ് ചെയ്ത കടലാസ് കാണാന്‍ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."