ഉത്തര കൊറിയ: ട്രംപിന്റെ നീക്കം ശരിയായ വഴിയല്ലെന്ന് ഫ്രാന്‍സ്
പാരിസ്: ഉത്തരകൊറിയയോടുള്ള യു.എസ് ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്കെതിരേ ഫ്രാന്‍സ്. ഉത്തരകൊറിയയില്‍ ഉടലെടുത്തിരുക്കുന്ന ആണവ സംഘര്‍ഷം പരിഹരിക്കാന്‍ ട്രംപിന്റെ തീവ്രമായ പ്രസ്താവനകള്‍ കൊണ്ട് സാധ്യമല്ലെന്ന് ഫ്രാന്‍സ് വിദേശകാര്യ മന്ത്രി ജീന്‍ യവ്‌സ് ലി ഡ്രൈന്‍. ഉ.കൊറിയക്കുമേല്‍ നയതന്ത്ര സമ്മര്‍ദം ചെലുത്താന്‍ യു.എസ് പ്രസിഡന്റ് ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഉത്തരകൊറിയ ആറാം ആണവ പരീക്ഷണം നടത്തിയതിന് ശേഷം ഇരുരാജ്യങ്ങള്‍ക്കിടയിലുമുണ്ടായ തീവ്രപ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു ഫ്രാന്‍സ് വിദേശകാര്യ മന്ത്രി. ട്രംപ് ഉത്തരകൊറിയന്‍ വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാടുകള്‍ പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗമല്ല. അതേസമയം ഇരുരാജ്യങ്ങള്‍ക്കും നിലവിലെ സംഘര്‍ഷ സാഹചര്യത്തിന് ഉത്തരവാദിത്തമുണ്ട്. അന്താരാഷ്ട്ര ആണവ കരാര്‍ ലംഘിച്ചിരിക്കുകയാണ് ഉത്തരകൊറിയ. എന്നാല്‍ ട്രംപ് രൂക്ഷമായ രീതിയിലാണ് ഇതിനോട് പ്രതികരിക്കുന്നത്. ഈ വിഷയത്തില്‍ പ്രാവര്‍ത്തികമാക്കാനുള്ള ഏക മാര്‍ഗം ഉത്തരകൊറിയക്കുമേല്‍ സമ്മര്‍ദവും ഉപരോധവും ഏര്‍പ്പെടുത്തുകയെന്നുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ഉത്തരകൊറിയക്കെതിരേ രൂക്ഷമായ പ്രതികരണവുമായി ഇന്നലെയും ട്രംപ് രംഗത്തെത്തി. യു.എസിന്റെ ഭാഗത്തു നിന്ന് ഏതെങ്കിലും സൈനിക നടപടിയുണ്ടായാല്‍ ഉത്തരകൊറിയ തരിപ്പണമാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഉത്തരെകാറിയക്കെതിരേ സൈനിക നടപടി പ്രാഥമിക പരിഗണനയിലുള്ളതല്ല. ഉ.കൊറിയയുടെ ബാലിസ്റ്റിക്, ആണവ ആയുധങ്ങള്‍ നേരിടുന്നതിനാണ് ആദ്യ പരിഗണന നല്‍കുന്നത്. സൈനിക നടപടി സ്വീകരിക്കാനും തങ്ങള്‍ക്കും മടിയില്ല. സൈന്യം പൂര്‍ണ സജ്ജമാണെന്നും ട്രംപ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."