സഊദി വനിതാ ലൈസന്‍സ്: പ്രായം 18 തന്നെ, ട്രാഫിക് പൊലിസിലും വനിതകളെ നിയമിക്കും
റിയാദ്: സഊദിയില്‍ വനിതകള്‍ക്ക് ഡ്രൈവിങ്ങിനു അനുമതി നല്‍കി ഉത്തരവിറക്കിയതിനു പിന്നാലെ ഇതിനു വേണ്ട നടപടികളുമായി വിവിധ വകുപ്പുകള്‍ സജീവമായി. അടുത്ത വര്‍ഷം ജൂണിലാണ് ഇത് പ്രാബല്യത്തില്‍ വരുന്നതെങ്കിലും അതിനു മുന്‍പ് തന്നെ വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കാനും സല്‍മാന്‍ രാജാവിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സിനുള്ള പ്രായപരിധി പതിനെട്ട് വയസ്സ് തന്നെയാണെന്നു സഊദി ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി വ്യക്തമാക്കി. വനിതകള്‍ക്കും പുരുഷന്മാര്‍ക്കുമായുള്ള ട്രാഫിക് നിയമങ്ങള്‍ വ്യക്തമായി പ്രാബല്യത്തില്‍ വരുത്താന്‍ രാജാവിന്റെ നിര്‍ദേശമുണ്ടെന്നും അതിനായുള്ള കാര്യങ്ങള്‍ ത്വരിതഗതിയില്‍ നടന്ന് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചുചേര്‍ത്തു.
അതേസമയം, വനിതകള്‍ ഡ്രൈവിങ് ആരംഭിക്കുന്ന ഘട്ടത്തില്‍ വനിതാ ട്രാഫിക് പൊലിസിനെ നിയമിച്ചേക്കുമെന്നു മുന്‍ ശൂറാ കൗണ്‍സില്‍ അംഗവും റിയാദ് കിംഗ് സഊദ് യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ ഡോ. സഅദ് അല്‍ ബാസിഇ പറഞ്ഞു. വനിതകളുടെ കാര്യങ്ങള്‍ക്കായി ട്രാഫിക് വിഭാഗത്തില്‍ പ്രത്യേക വനിതാ വിഭാഗങ്ങള്‍ സജ്ജീകരിച്ചേക്കുമെന്നും വനിതകള്‍ക്കുള്ള ഡ്രൈവിങ് സ്‌കൂളുകളും നിലവില്‍ വരുമെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍, കാലാവധിയുള്ള ഇന്റര്‍നാഷണല്‍ ലൈസന്‍സും വിദേശ രാജ്യങ്ങളിലെ ലൈസന്‍സും കൈവശമുള്ള വനിതകള്‍ക്ക് സഊദി ഡ്രൈവിങ് ലൈസന്‍സിന് ടെസ്റ്റ് വേണ്ടി വരില്ലെന്നാണ് കണക്കാക്കുന്നത്. ആയിരക്കണക്കിന് സഊദി വനിതകള്‍ക്ക് വിദേശ ലൈസന്‍സും ഇന്റര്‍നാഷണല്‍ ലൈസന്‍സും ഉള്ളതായാണ് കണക്കുകള്‍. ബഹ്‌റൈന്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നാണ് സഊദി വനിതകള്‍ ലൈസന്‍സ് നേരത്തെ തന്നെ കരസ്ഥമാക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."