നടിയെ അധിക്ഷേപിച്ചെന്ന പരാതി: പി.സി ജോര്‍ജ് വനിതാ കമ്മിഷന് വിശദീകരണം നല്കി
തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ പി.സി ജോര്‍ജ് എം.എല്‍.എ വനിതാ കമ്മിഷന് വിശദീകരണം നല്കി. കമ്മിഷന് അയച്ച നോട്ടീസിന്റെ അടിസ്ഥാനത്തില്‍ കമ്മിഷന് ഡയറക്ടര്‍ക്കാണ് ജോര്‍ജ് വിശദീകരണം നല്‍കിയത്.
വിശദീകരണം തൃപ്തികരമാണോ എന്ന് റിപ്പോര്‍ട്ട് ലഭിച്ച ശേഷം വ്യക്തമാക്കാമെന്ന് കമ്മിഷന് അധ്യക്ഷ എം.സി ജോസഫൈന് പറഞ്ഞു. സ്പീക്കറുടെ അനുമതിയോടെയാണ് കമ്മിഷന് ജോര്‍ജിന്റെ മൊഴിയെടുത്തത്. കമ്മിഷന് അധ്യക്ഷയും ജോര്‍ജും തമ്മിലുള്ള വാക്പോര് വിവാദമായിരുന്നു. തനിക്ക് ആരെയും പേടിയില്ലെന്നും വനിതാ കമ്മിഷന് നോട്ടീസയച്ചാല്‍ സൗകര്യമുള്ളപ്പോള്‍ ഹാജരാകുമെന്നും ജോര്‍ജ് പറഞ്ഞിരുന്നു. തന്നെ ഭയപ്പെടുത്താന്‍ നോക്കണ്ടെണ്ടന്ന് ജോസഫൈന് അതിനു മറുപടി നല്‍കുകയും ചെയ്തിരുന്നു.
നടി ക്രൂരപീഡനത്തിന് ഇരയായെങ്കില്‍ എങ്ങനെയാണ് അടുത്ത ദിവസം അഭിനയിക്കാന്‍ പോയതെന്ന ജോര്‍ജിന്റെ പരാമര്‍ശമാണ് വിവാദത്തിനു തുടക്കമിട്ടത്. നിര്‍ഭയ സംഭവത്തിലേതിനെക്കാള് ക്രൂരമായ പീഡനമാണ് നടന്നതെന്ന പൊലിസ് പറഞ്ഞതിനെയും ജോര്‍ജ് വിമര്‍ശിച്ചിരുന്നു.
ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് വിലയിരുത്തിയാണ് കമ്മിഷന് കേസെടുത്തത്. ജോര്‍ജിനെതിരേ പ്രോസിക്യൂഷന് നടപടികള്‍ സ്വീകരിക്കാമെന്ന് കമ്മിഷന് ലോ ഓഫിസറും സ്റ്റാന്‍ഡിങ് കോണ്‍സലും നേരത്തെ നിയമോപദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."