അഞ്ച് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാര്‍
ന്യൂഡല്‍ഹി: തമിഴ്‌നാട് അടക്കം അഞ്ചിടങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. നിലവിലെ അസം ഗവര്‍ണറായ ബന്‍വാരിലാല്‍ പുരോഹിതാണ് തമിഴ്‌നാട്ടിലെ പുതിയ ഗവര്‍ണര്‍. മഹാരാഷ്ട്ര ഗവര്‍ണറായ സി.എച്ച് വിദ്യാസാഗര്‍ റാവു തമിഴ്‌നാടിന്റെ അധികച്ചുമതല വഹിച്ചുവരികയായിരുന്നു.
ജഗദീഷ് മുഖി അസമിലും ബി.ഡി മിശ്ര അരുണാചല്‍പ്രദേശിലും ഗംഗാപ്രസാദ് മേഘാലയയിലും സത്യപാല്‍ മലിക്ക് ബിഹാറിലും ഗവര്‍ണര്‍മാരായി നിയമിതരായി. കേന്ദ്രഭരണപ്രദേശമായ ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ലഫ്. ഗവര്‍ണറായി ദേവേന്ദ്ര കുമാര്‍ ജോഷിയെയും രാഷ്ട്രപതി നിയമിച്ചു.
മഹാരാഷ്ട്രക്കാരനായ ബന്‍വാരിലാല്‍ പുരോഹിത്, 1991ല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരുകയായിരുന്നു. കൊല്ലപ്പെട്ട മുതിര്‍ന്ന ബി.ജെ.പി നേതാവ് പ്രമോദ് മഹാജനുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് 99ല്‍ ബി.ജെ.പിവിട്ട് വിദര്‍ഭ രാജ്യ പാര്‍ട്ടി രൂപീകരിച്ചിരുന്നു. 2009ല്‍ വീണ്ടും ബി.ജെ.പിയിലെത്തി. കോണ്‍ഗ്രസില്‍ നിന്ന് രണ്ടുതവണയും ബി.ജെ.പിയില്‍ നിന്ന് ഒരുതവണയും വിജയിച്ച് എം.പിയായി.
ഉത്തരാഖണ്ഡുകാരനായ അഡ്മിറല്‍ ദേവേന്ദ്രകുമാര്‍ ജോഷി, മുന്‍ നാവികസേനാ മേധാവി കൂടിയാണ്. നാവികസേനയിലുണ്ടായ തുടര്‍ച്ചയായ അപകടങ്ങളെ തുടര്‍ന്ന് കാലാവധി പൂര്‍ത്തിയാവാന്‍ നില്‍ക്കാതെ 2014ല്‍ രാജിവയ്ക്കുകയായിരുന്നു. ധനതത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റുള്ള ജഗദീഷ് മുഖി പഞ്ചാബ് സ്വദേശിയാണ്. ആര്‍.എസ്.എസിലൂടെ രാഷ്ട്രീയപ്രവര്‍ത്തനത്തിലെത്തിയ അദ്ദേഹം നേരത്തെ ഡല്‍ഹിയില്‍ മന്ത്രിയുമായിരുന്നിട്ടുണ്ട്. 78 കാരനായ ബ്രിഗേഡിയര്‍ ബി.ഡി മിശ്ര ഉത്തര്‍പ്രദേശ് സ്വദേശിയാണ്. 64കാരനായ സത്യപാല്‍ മല്ലിക്കും ഉത്തര്‍പ്രദേശുകാരനാണ്.
1989- 91 കാലത്ത് അലിഗഡില്‍ നിന്ന് ജനതാദള്‍ ടിക്കറ്റില്‍ മത്സരിച്ച് പാര്‍ലമെന്റിലെത്തി. പിന്നീട് സമാജ്‌വാദി പാര്‍ട്ടിയിലെത്തിയ അദ്ദേഹം 1996ല്‍ വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് ബി.ജെ.പിയിലെത്തുകയും കേന്ദ്രമന്ത്രിയാവുകയുംചെയ്തു. ബി.ജെ.പിയുടെ ദേശീയ ഉപാധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."