ഫാത്തിമാ സോഫിയ കൊലക്കേസ് ഒളിവിലായിരുന്ന പുരോഹിതന്മാരുടെ കീഴടങ്ങലില്‍ ഡി.ജി.പിയുടെ ഇടപെടല്‍
പാലക്കാട്: വാളയാര്‍ ചന്ദ്രാപുരം സെന്റ് സാലസ് പള്ളി വികാരിയായിരുന്ന ഫാദര്‍ ആരോഗ്യരാജിന്റെ താമസസ്ഥലത്തു കൊല്ലപ്പെട്ടനിലയില്‍ കാണപ്പെട്ട കോയമ്പത്തൂര്‍ സ്വാമിയാര് ന്യൂ വീഥിയില്‍ എസ്. സഹായരാജിന്റെയും ശാന്തി റോസിലിയുടെയും മകള്‍ ഫാത്തിമാ സോഫിയയുടെ കൊലക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് മാസങ്ങളായി ഒളിവിലായിരുന്ന നാല് പുരോഹിതന്മാര് പോലീസില്‍ കീഴടങ്ങിയത് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ അടിയന്തിര ഇടപെടല്‍ മൂലം.
ഫാത്തിമ സോഫിയയുടെ അമ്മ ശാന്തി റോസ്ലിന് ഓഗസ്റ്റ് മൂന്നിന് തിരുവനന്തപുരത്തു ചെന്നു ഡി.ജി.പി യെ നേരില്‍കണ്ട് പരാതി നല്‍കിയിരുന്നു. അന്ന് ഒരാഴ്ചക്കുള്ളില്‍ വികാരിമാരെ പൊലിസ് അറസ്റ്റ് ചെയ്യുമെന്ന് ശാന്തിക്ക് ഉറപ്പും നല്‍കിയിരുന്നു. കൊലപാതക കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പുരോഹിതന്മാര് കോയമ്പത്തൂരും,വാളയാറിലും ഉണ്ടായിട്ടും രാഷ്ടീയ സമര്‍ദം മൂലം പൊലിസിന് അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.
ഇതിനിടയില്‍ കേസ് അന്വേഷിച്ചിരുന്ന ഡി.വൈ.എസ്.പി എം.സുല്‍ഫികര്‍ നെയ്യാറ്റിന്കരയിലേക്കു സ്ഥലം മാറിയതോടെ കേസിന്റെ തുടര്‍ അന്വേഷണം പ്രതിസന്ധിയിലേക്ക് നീങ്ങി.പുരോഹിതര്‍ മുന്‍കൂര്‍ ജ്യാമ്യത്തിനായി ഹൈകോടതിയിലുംഹരജി നല്‍കിയെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളി.
അന്വേഷണം മന്ദഗതിയിലായതോടെയാണ് ശാന്തി റോസ്ലി ഡി.ജി.പി യെ നേരില്‍ കണ്ട് പരാതി നല്‍കിയത്. വെള്ളിയാഴ്ച ഉച്ച ഒരു മണിയോടെയാണ്.ഇവര്‍ ഡി.വൈ.എസ്.പി ഓഫീസില്‍ എത്തി കീഴടങ്ങിയത്.
എന്നാല്‍ കോയമ്പത്തൂര്‍ ബിഷപ്പ് ഡോ.തോമസ് അക്യൂനസ് കീഴടങ്ങാന്‍ എത്തിയില്ല.പൊലിസില്‍ പരാതി നല്‍കുകയും പുരോഹിതരെ സമൂഹമധ്യത്തില്‍ അവഹേളിച്ചുവെന്ന് പറഞ്ഞു കോയമ്പത്തൂര്‍ രൂപതയിലെ പള്ളികളില്‍ ശാന്തിക്ക് വിലക്കും ഏര്‍പ്പെടുത്തിയതായി ശാന്തിറോസിലി 'സുപ്രഭാതത്തോട് ' പറഞ്ഞു.
ബിഷപ്പിനെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ പൊലീസ് തയ്യാറാവണമെന്നും, മകളുടെ കൊലപാതകികള്‍ക്കെതിരേ നിയമയുദ്ധം തുടരുമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."