പെട്രോളില്‍ കൃത്രിമമായി ഒക്‌ടെയ്ന്‍ വര്‍ധിപ്പിച്ചും എണ്ണക്കമ്പനികളുടെ തട്ടിപ്പ്
മലപ്പുറം: പെട്രോള്‍ വില ഒരു വശത്ത് കുത്തനെ ഉയരുമ്പോഴും കൃത്രിമമായി ഒക്‌ടെയ്ന്‍ റേറ്റിങ് വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍ തട്ടിപ്പ് നടത്തുന്നു. സ്പീഡ്, പവര്‍, എക്‌സ്ട്രാ പ്രീമിയം എന്നീ പേരുകളിലുള്ള ഇന്ധനങ്ങള്‍ക്ക് അമിത വില ഈടാക്കിയാണ് വിവിധ കമ്പനികള്‍ തട്ടിപ്പ് നടത്തുന്നത്. സാധാരണ പെട്രോളില്‍ ഒരു പ്രത്യേക ലായനി ഒഴിച്ച് ഉയര്‍ന്ന ഒക്‌ടെയ്‌നുള്ള പെട്രോളാക്കി മാറ്റിയാണു വ്യത്യസ്ത പേരുകളില്‍ ഇവ പമ്പുകളിലെത്തിക്കുന്നത്. പെട്രോളില്‍ ഒക്‌ടെയ്ന്‍ (ഹൈഡ്രോ കാര്‍ബണ്‍) അളവ് കൂടുതലുണ്ടെന്ന് പറഞ്ഞാണ് സാധാരണ ഇന്ധനത്തില്‍ നിന്നു രണ്ടു രൂപ വര്‍ധിപ്പിച്ച് ഇവ വില്‍പ്പന നടത്തുന്നത്. കൃത്രിമ ലായനി കൂട്ടിച്ചേര്‍ത്താണ് ഇന്ധനങ്ങളിലെ ഒക്‌ടെയ്ന്‍ വര്‍ധിപ്പിക്കുന്നതെന്നാണ് ആക്ഷേപം.
സ്പീഡ് എന്ന പേരില്‍ ഭാരത് പെട്രോളിയവും പവര്‍ എന്ന പേരില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയവും എകസ്ട്രാ പ്രീമിയമെന്ന പേരില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമാണ് ഇത്തരത്തില്‍ ഇന്ധന വില്‍പ്പന നടത്തുന്നത്. സാധാരണ പെട്രോളില്‍ ഒക്‌ടെയ്ന്‍ അളവ് 85 ശതമാനമാണെന്നും എന്നാല്‍ വില കൂടുതലുള്ളവയില്‍ ഇത് 93 ശതമാനമുണ്ടെന്നുമാണ് കമ്പനികളുടെ വാദം.
ഇന്ത്യയില്‍ ലഭിക്കുന്ന പെട്രോളുകള്‍ക്കു പരമാവധി 91ന് മുകളില്‍ ഒക്‌ടെയ്ന്‍ ലഭിക്കില്ലെന്നാണു ഈ മേഖലയിലുള്ളവര്‍ പറയുന്നത്. എന്നാല്‍ 93 ശതമാനം ഉണ്ടെന്ന കണക്ക് നിരത്തിയാണ് കമ്പനികള്‍ ഇവ വില്‍പ്പന നടത്തുന്നത്. വര്‍ധിച്ച ഒക്‌ടെയ്ന്‍ ഉള്ള പെട്രോള്‍ തന്നെയാണോ ലഭിക്കുന്നതെന്നു പരിശോധിക്കാന്‍ ആരും തയാറാവില്ലെന്നതും ഇന്ധനക്കമ്പനികള്‍ക്ക് സൗകര്യപ്രദമാകുന്നുണ്ട്. ഇവ ഉപയോഗിച്ചാല്‍ മൈലേജ് കൂടുതല്‍ കിട്ടുമെന്നാണ് കമ്പനികള്‍ പറയുന്നത്. ഒക്‌ടെയ്ന്‍ കൂടുന്നതു വാഹനങ്ങള്‍ക്കും നല്ലതാണെന്നാണ് മെക്കാനിക്കല്‍ എന്‍ജിനീയര്‍മാരും പറയുന്നത്.
രണ്ടു രൂപ കൂടുതല്‍ നല്‍കുന്നതു കൊണ്ട് പ്രത്യേകിച്ച് മൈലേജ് വര്‍ധനയൊന്നും ലഭിക്കുന്നില്ലെന്നാണ് വാഹനഉടമകളില്‍ പലരും പറയുന്നത്. വിദേശങ്ങളില്‍ സാധാരണ പെട്രോളില്‍ തന്നെ 97 മുതല്‍ 100 ശതമാനം വരെ ഒക്‌ടെയ്ന്‍ ലഭിക്കുന്നുണ്ട്. അതനുസരിച്ച് അവിടുത്തെ ഇന്ധനത്തിന്റെ ഗുണമേന്മയിലും വ്യത്യാസമുണ്ട്. ഇന്ത്യയില്‍ പ്രീമിയം പെട്രോളിന് പ്രത്യേക റിഫൈനറി സംവിധാനമൊന്നുമില്ലെന്നാണ് വിവരം.
എന്നാല്‍ പ്രത്യേക റിഫൈനറിയില്‍ നിന്നാണ് വരുന്നതെന്നു തോന്നിപ്പിക്കാന്‍ വിതരണക്കാരോടു പ്രത്യേകം ടാങ്ക് നിര്‍മിക്കാന്‍ കമ്പനികള്‍ നിര്‍ദേശിക്കാറുണ്ട്. പ്രീമിയവും സ്പീഡും പവറും വില്‍പന നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് കമ്പനി വന്‍ വരുമാനവും സ്ഥാനക്കയറ്റവും വാഗ്ദാനം ചെയ്യുന്നുണ്ട്.
വില്‍ക്കാന്‍ വിമുഖത കാണിക്കുന്ന പമ്പുകാരെ വില്‍പന കുറഞ്ഞ പട്ടികയിലുള്‍പ്പെടുത്താനും ശ്രമമുണ്ടാവാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."