ഇ.ടി മുഹമ്മദ് ബഷീറിന്റെ പ്രസ്താവന അതിരുകടന്നത്: സമസ്ത
തിരുവനന്തപുരം: മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുജാഹിദ് സമ്മേളന പ്രചരണാര്‍ഥം പുറത്തിറക്കിയ ക്ലിപ്പിങില്‍ നടത്തിയ പ്രസ്താവന അതിരുകടന്നതും അനുചിതവുമാണെന്ന് സമസ്ത നേതാക്കള്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. മുജാഹിദ് വിഭാഗം വിഭാവനം ചെയ്യുന്ന തൗഹീദാണ് ശരിയായ നവോഥാനമുണ്ടാക്കിയതെന്ന് വരുത്തിത്തീര്‍ക്കുവാനുള്ള പരിശ്രമം സുന്നി ആശയത്തെ അവമതിക്കലാണ്.
കേരളത്തില്‍ സമാധാന അന്തരീക്ഷം വളര്‍ത്തിയതും തൗഹീദ് പരിചയപ്പെടുത്തിയതും മുജാഹിദ് പ്രസ്ഥാനമാണെന്ന് ഇ.ടിയെ പോലുള്ളൊരു രാഷ്ട്രീയ നേതാവ് പറയാന്‍ പാടില്ലാത്തതാണ്. ഇത്തരം പല പ്രസ്താവനകളും അടിക്കടി ആവര്‍ത്തിച്ചതിന് ഇ.ടിയെ സമസ്ത നേതാക്കള്‍ പലതവണ തിരുത്താന്‍ ശ്രമിച്ചിട്ടുണ്ട്.
തീവ്രവാദ ചിന്തകള്‍ ലോകത്ത് വളര്‍ത്തി ഇസ്‌ലാമിന് അപരിഹാര്യ നഷ്ടങ്ങള്‍ വരുത്തിവച്ചത് സലഫികളാണെന്ന് ലോകം പരക്കെ അംഗീകരിക്കുന്ന യാഥാര്‍ഥ്യമാണ്. കേരളത്തില്‍ നിന്നു പോലും യമനിലേക്കും ഐ.എസിലേക്കും സലഫികളില്‍ നിന്ന് റിക്രൂട്ട്‌മെന്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന ആരോപണം നിലനില്‍ക്കെ ഒരു പാര്‍ലമെന്റ് അംഗത്തിന്റെ വസ്തുതാ വിരുദ്ധ പ്രസ്താവന അനുചിതമാണ്.
മുന്‍കാല ലീഗ് നേതാക്കളായ കെ.എം സീതിസാഹിബ്, എം.കെ ഹാജി, സീതി ഹാജി, അവുക്കാദര്‍കുട്ടി നഹ, എ.വി അബ്ദുറഹ്മാന്‍ ഹാജി തുടങ്ങിയ മുജാഹിദ് നേതാക്കള്‍ സ്വീകരിച്ച പൊതുമര്യാദ പാലിക്കാന്‍ ഇ.ടിയും ബാധ്യസ്ഥനാണ്.
ഒരു വലിയ ജനവിഭാഗത്തെ അപമാനിക്കുന്ന വിധത്തിലും ആശയത്തെ ചെറുതാക്കുന്ന രീതിയിലും നടത്തുന്ന പ്രസ്താവന തിരുത്തുകയും സലഫീ വക്താവായി രംഗത്തു വരുന്നത് ഒഴിവാക്കേണ്ടതുമാണെന്ന് നേതാക്കള്‍ പറഞ്ഞു.
എം.എം മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെ ഉമര്‍ ഫൈസി മുക്കം, ഡോ. ബഹാഉദ്ദീന്‍ നദ്‌വി (സമസ്ത മുശാവറ), പിണങ്ങോട് അബൂബക്കര്‍ (എസ്.എം.എഫ്), അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, നാസര്‍ ഫൈസി (എസ്.വൈ.എസ്), ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍ (ജംഇയ്യത്തുല്‍ മുഅല്ലിമീന്‍), പുത്തനഴി മൊയ്തീന്‍ ഫൈസി (വിദ്യാഭ്യാസ ബോര്‍ഡ്), കോട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍ (മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍), കെ മോയിന്‍ കുട്ടി മാസ്റ്റര്‍ (മുസ്‌ലിം എംപ്ലോയീസ് അസോസിയേഷന്‍), സത്താര്‍ പന്തല്ലൂര്‍ (എസ്.കെ.എസ്.എസ്.എഫ്) എന്നിവരാണ് സംയുക്ത പ്രസ്താവന ഇറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."