അമിത് ഷാ എത്തിയില്ല; ആവേശം ചോര്‍ന്ന് ജനരക്ഷായാത്ര പിണറായിയില്‍
കണ്ണൂര്‍: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലൂടെ കടന്നുപോയപ്പോള്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കാത്തത് യാത്രയുടെ ആവേശം ചോര്‍ത്തി.
മൂന്നാം ദിവസത്തെ യാത്ര പിണറായിയില്‍ എത്തുമ്പോള്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കുമെന്നാണ് ബി.ജെ.പി നേതൃത്വം അറിയിച്ചിരുന്നത്. സുരക്ഷ അടക്കമുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ ഘട്ടത്തില്‍ അമിത് ഷാ യാത്ര റദ്ദാക്കുകയായിരുന്നു. ബി.ജെ.പി നേതൃത്വം യാത്ര പ്രഖ്യാപിച്ചപ്പോള്‍ തന്നെ ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചത് അമിത് ഷായുടെ പിണറായിയിലൂടെയുള്ള നടത്തമായിരുന്നു. ജനരക്ഷായാത്ര കടന്നുപോകുന്നതിനാല്‍ പിണറായിയില്‍ സി.പി.എമ്മിന്റെ 'അപ്രഖ്യാപിത ഹര്‍ത്താലി'നെ തുടര്‍ന്ന് കടകള്‍ അടച്ചിരുന്നു. ആര്‍.എസ്.എസ് പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ അടങ്ങിയ വന്‍ ബോര്‍ഡുകളും പാതക്കിരുവശവും ഇടംപിടിച്ചു. 'ആര്‍. എസ്. എസ് ആക്രമത്തില്‍ കൊല്ലപ്പെട്ട തങ്ങളുടെ രക്തസാക്ഷികളെ കൂടി അമിത് ഷാ കാണണം' എന്നു ഇംഗ്ലീഷിലായിരുന്നു ബോര്‍ഡുകളില്‍ എഴുതിയിരുന്നത്.
ചൊവ്വാഴ്ച പയ്യന്നൂരില്‍നിന്ന് ആരംഭിച്ച ജനരക്ഷായാത്ര അമിത്ഷാ ഉദ്ഘാടനം ചെയ്യുകയും പയ്യന്നൂര്‍ മുതല്‍ പിലാത്തറ വരെ പദയാത്രയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം മംഗലാപുരത്തേക്ക് തിരിച്ച അമിത് ഷാ ഇന്നലെ പിണറായിയിലൂടെയുള്ള 11 കിലോ മീറ്റര്‍ യാത്രയില്‍ പങ്കെടുക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
ജി.എസ്.ടി ഉള്‍പ്പടെയുള്ള പ്രധാനവിഷയങ്ങളില്‍ പ്രധാനമന്ത്രിയുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തുന്നതിനാലാണ് അമിത് ഷാ പര്യടനപരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്നാണ് ബി.ജെ.പി സംസ്ഥാന നേതാക്കള്‍ നല്‍കുന്ന വിശദീകരണം.
സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പിണറായിലെ വ്യാപാരികള്‍ കടകളടക്കാന്‍ സ്വയം തീരുമാനിക്കുകയായിരുന്നുവെന്നു സി.പി. എമ്മും എന്നാല്‍ യാത്രയോടുള്ള പ്രതിഷേധ സൂചകമായി സി.പി.എം നിര്‍ബന്ധിച്ച് കടകള്‍ അടപ്പിച്ചതാണെന്ന് ബി.ജെ.പിയും പറയുന്നു.
നിശ്ചയിച്ചതിലും ഒരു മണിക്കൂര്‍ വൈകിയാണ് യാത്ര മമ്പറത്ത് നിന്നു പുറപ്പെട്ടത്. ബി.ജെ.പി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് ഉദ്ഘാടനം ചെയ്തു. സുരേഷ് ഗോപി എം.പി, റിച്ചാര്‍ഡ് ഹെ എം.പി, വി. മുരളീധരന്‍, ശോഭാ സുരേന്ദ്രന്‍, പി.കെ. കൃഷ്ണദാസ്, പി.സത്യപ്രകാശ് പങ്കെടുത്തു. വൈകിട്ട് തലശേരി പുതിയ ബസ്സ് സ്റ്റാന്‍ഡില്‍ സമാപന സമ്മേളനം നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."