സഊദി-റഷ്യന്‍ ഉച്ചകോടിക്ക് തുടക്കമായി; മേഖലസുരക്ഷ, സാമ്പത്തിക കരാര്‍ മുഖ്യവിഷയം
റിയാദ്: സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് സന്ദര്‍ശനത്തോടനുബന്ധിച്ചു നടക്കുന്ന സഊദി റഷ്യന്‍ ഉച്ചകോടിക്ക് റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ തുടക്കമായി.
ബുധനാഴ്ച അര്‍ധരാത്രിയോടെ മോസ്‌കോയില്‍ എത്തിയ സല്‍മാന്‍ രാജാവിന് റഷ്യ ഊഷ്മള സ്വീകരണമാണ് ഒരുക്കിയത്. ഇതാദ്യമായാണ് ഒരു സഊദി ഭരണാധികാരി റഷ്യ സന്ദര്‍ശിക്കുന്നത്.
സഊദി റഷ്യന്‍ ബന്ധങ്ങളില്‍ സന്ദര്‍ശനം പുതു ചരിത്രം രേഖപ്പെടുത്തുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
മോസ്‌കോയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനുമായി സഊദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് പ്രാഥമിക കൂടിക്കാഴ്ച നടത്തി.
മേഖലയിലെ പ്രധാന സുരക്ഷാ കാര്യങ്ങളും മറ്റും ഇരുകൂട്ടരും ചര്‍ച്ച ചെയ്തു. ചരിത്ര സന്ദര്‍ശനമാണ് ഇതെന്ന് ആമുഖമായി പറഞ്ഞ പുടിന്‍ സല്‍മാന്‍ രാജാവിന്റെ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുമെന്നും പറഞ്ഞു.
മേഖലയിലെ പ്രധാന പ്രശ്‌നം ഇറാന്റെ നിലപാടുകളാണെന്നും ഇത് സുരക്ഷക്ക് ഭീഷണിയാണെന്നും സല്‍മാന്‍ രാജാവ് വിശദീകരിച്ചു. മേഖലയിലെ മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇറാനറെ ഇടപെടല്‍ പൂര്‍ണ്ണമായും അവസാനിപ്പിക്കണമെനും അദ്ദേഹം ആവശ്യപ്പെട്ടു.
യമനിലെ സംഘര്‍ഷത്തില്‍ രാഷ്ട്രീയ പരിഹാരമാണ് അഭികാമ്യമെന്ന് സല്‍മാന്‍ രാജാവ് ചര്‍ച്ചയില്‍ പറഞ്ഞു. മേഖലയിലെ ഏറ്റവും വലിയ ഭീഷണയായി മാറുന്ന ഇറാഖിലെ ഖുര്‍ദിസ്ഥാന്‍ വാദം അനുവദിക്കാന്‍ പറ്റില്ലെന്നും ഇറാഖിന്റെ ഐക്യം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ വ്‌ലാഡിമിര്‍ പുട്ടിനുമായി ചര്‍ച്ച നടത്തിയ സല്‍മാന്‍ രാജാവ് ഇന്ന് റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മദ്‌വെദേവ്മായി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. കൂടാതെ, റഷ്യയിലെ വിവിധ മേഖലകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള വിവിധ കരാറുകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചു. ഇന്നും കൂടുതല്‍ മേഖലകളില്‍ സഹകരണ കരാര്‍ ഒപ്പു വെക്കുന്നുണ്ട്. ഊര്‍ജ്ജ മേഖലകളില്‍ വിവിധകരാറുകള്‍ക്കാണ് സഊദി ഊര്‍ജ്ജ മന്ത്രി അല്‍ ഫാലിഹ് ഒപ്പുവച്ചത്. എണ്ണ വിലയിടിവ് പിടിച്ചു നിര്‍ത്താനുള്ള കാര്യങ്ങളില്‍ ഇരു കൂട്ടരും തമ്മില്‍ സഹകരണം ഊട്ടിയുറപ്പിക്കും. മൂന്ന് ബില്യണ്‍ ഡോളര്‍ കരാറുകളാണ് സല്‍മാന്‍ രാജാവിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ചു ഒപ്പുവക്കുക. സന്ദര്‍ശന ശേഷം സല്‍മാന്‍ രാജാവും സംഘവും ശനിയാഴ്ച്ച റഷ്യയില്‍ നിന്നും തിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."