കുതിപ്പു സൃഷ്ടിക്കാന്‍ കേരളത്തിന്റെ കയര്‍: ബയര്‍ സെല്ലര്‍ മീറ്റില്‍ 250 കോടിയുടെ വ്യാപാര ധാരണ
ആലപ്പുഴ: വിദേശവിപണിക്കൊപ്പം ഇന്ത്യയിലെ ആഭ്യന്തര വിപണിയിലും കേരളത്തിന്റെ കയര്‍ ഉല്‍പന്നങ്ങള്‍ക്ക് വന്‍ കുതിപ്പു സൃഷ്ടിക്കാനുതകുന്ന വ്യാപാര ധാരണകള്‍ക്ക് കയര്‍ കേരളയോടനുബന്ധിച്ചു നടന്ന ബയര്‍ സെല്ലര്‍ മീറ്റില്‍ അന്തിമരൂപമായി. കയര്‍ ഉല്‍പന്നങ്ങള്‍ക്കൊപ്പം കയര്‍ യന്ത്ര നിര്‍മാണ ഫാക്ടറിയില്‍ നിര്‍മിക്കുന്ന യന്ത്രോപകരണങ്ങള്‍ വാങ്ങാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തയാറായതിലൂടെ കേരളം സാങ്കേതിക വിദ്യകളുടെ വ്യാപനത്തിനും അരങ്ങൊരുക്കുകയാണ്.
വിദേശ ആഭ്യന്തര വിപണികളിലായി 250 കോടിയോളം രൂപയുടെ വ്യാപാരത്തിനാണ് ഇത്തവണ കയര്‍ കേരളയിലെ ബയര്‍ സെല്ലര്‍ മീറ്റില്‍ മാത്രം ധാരണയായിരിക്കുന്നത്. കഴിഞ്ഞ തവണ ഇത് 175 കോടി രൂപയായിരുന്നു. കയര്‍ യന്ത്ര നിര്‍മാണ ഫാക്ടറിക്ക് 2.32 കോടി രൂപയുടെ കരാറാണ് മഹാരാഷ്ട്ര സര്‍ക്കാരിനു കീഴിലുള്ള മഹാരാഷ്ട്ര സ്‌മോള്‍ സ്‌കെയില്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ നല്‍കിയിരിക്കുന്നത്. ഇലക്ട്രോണിക് റാട്ടുകള്‍, മിനി ഡിഫൈബറിങ് മെഷീന്‍, ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീന്‍, ഹൈഡ്രോളിക് ബെയ്‌ലിങ് പ്രസ് തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്ന സംയോജിത യന്ത്ര സംവിധാനമാണ് മഹാരാഷ്ട്ര കേരളത്തില്‍ നിന്നു വാങ്ങുന്നത്.
കോര്‍പറേഷന്‍ എം.ഡി ശിവാജി ദൗണ്ട്, കയര്‍ യന്ത്ര നിര്‍മാണ കമ്പനി എം.ഡി പി.വി.ശശീന്ദ്രന്‍ എന്നിവര്‍ ഒപ്പുവച്ച ധാരണാപത്രം മഹാരാഷ്ട്ര ആഭ്യന്തര, ധനകാര്യ, പ്ലാനിങ് വകുപ്പ് മന്ത്രി ദീപക് വസന്ത് കെ.സര്‍ക്കാര്‍ കേരളത്തിലെ ധനകാര്യ, കയര്‍ വകുപ്പ് മന്ത്രി ഡോ.ടി.എം.തോമസ് ഐസക്കനു കൈമാറി. മഹാരാഷ്ട്രയ്‌ക്കൊപ്പം ഒറീസ, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളുമായും യന്ത്രസാമഗ്രികളുടെ കാര്യത്തില്‍ വൈകാതെ ധാരണയിലെത്തുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
കേരള സംസ്ഥാന കയര്‍ കോര്‍പറേഷനും ആദ്യമായി ഇന്ത്യയിലെ ആഭ്യന്തര വിപണിയില്‍ നിന്ന് ഇത്തവണ കയറുല്‍പന്നങ്ങള്‍ക്കുള്ള കരാര്‍ ലഭിച്ചു.
ഝാര്‍ക്കണ്ട് സില്‍ക്ക് ആന്‍ഡ് ഹാന്‍ഡ്‌ലൂം ഗുഡ്‌സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍, അസം ഹാന്‍ഡ്‌ലൂം ആന്‍ഡ് ഹാന്‍ഡിക്രാഫ്റ്റ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍, ഉത്തര്‍പ്രദേശ് പ്രാദേശിക് കോഓപ്പറേറ്റീവ് ഫെഡറേഷന്‍, ഉത്തര്‍പ്രദേശ് ഹാന്‍ഡ്‌ലൂം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ആന്‍ഡ് ടെക്‌സ്‌റ്റൈല്‍ ബോര്‍ഡ് തുടങ്ങിയ ഇതര സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുമായാണ് കയര്‍ കോര്‍പറേഷന്‍ ധാരണാപത്രം ഒപ്പിട്ടത്. അഞ്ഞൂറോളം ചെറുകിട വില്‍പന കേന്ദ്രങ്ങളുള്ള സെന്‍ട്രല്‍ പൊലീസ് കാന്റീന്‍ സ്റ്റോറുകള്‍ വഴി കേരളത്തിന്റെ കയര്‍ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനും ധാരണയായിട്ടുണ്ട്. ഇതിനുള്ള ധാരണാപത്രം വൈകാതെ ഒപ്പിടും.
മറ്റൊരു പൊതുമേഖലാ സ്ഥാപനമായ ഫോംമാറ്റിംഗ്‌സ് ലിമിറ്റഡിനും ആഭ്യന്തര വിപണിയില്‍ നിന്ന് ഒരു കോടി രൂപയുടെ വ്യാപാരക്കരാറാണ് ലഭിച്ചിരിക്കുന്നത്. ഇതുകൂടാതെ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ ബയര്‍മാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കൊപ്പം സ്വകാര്യ കയറ്റുമതിക്കാരുമായും വ്യാപാരക്കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ബയര്‍ സെല്ലര്‍ മീറ്റില്‍ കരാര്‍ ഒപ്പിടുന്നവര്‍ക്ക് ഉല്‍പന്നങ്ങളുടെ വിലയില്‍ അഞ്ചു ശതമാനം അധിക ഇളവ് നല്‍കുമെന്ന് സംഗമം ഉദ്ഘാടനം ചെയ്ത ധനമന്ത്രി വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."