ലോകകപ്പ് യോഗ്യത: ഫ്രാന്‍സ് യോഗ്യതയ്ക്കരികില്‍
സോഫിയ സിറ്റി: ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ വമ്പന്‍മാരായ ഫ്രാന്‍സിനും ഹോളണ്ടിനും ജയം. ഫ്രാന്‍സ് എതിരില്ലാത്ത ഒരു ഗോളിന് ബള്‍ഗേറിയയെ പരാജയപ്പെടുത്തിയപ്പോള്‍ ഹോളണ്ട് ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ബെലാറസിനെ വീഴ്ത്തി. ജയത്തോടെ ഫ്രാന്‍സ് യോഗ്യതയ്ക്കരികിലെത്തിയപ്പോള്‍ ഹോളണ്ട് പ്രതീക്ഷ വര്‍ധിപ്പിച്ചു.
മറ്റൊരു മത്സരത്തില്‍ യൂറോ കപ്പ് ചാംപ്യന്‍മാരായ പോര്‍ച്ചുഗല്‍ മികച്ച ജയം സ്വന്തമാക്കി. ഗ്രീസ്, സ്വിറ്റ്‌സര്‍ലന്‍ഡ് ടീമുകളും ജയിച്ചു കയറി. ബള്‍ഗേറിയക്കെതിരേ ബ്ലെയ്‌സ് മാറ്റിയൂഡിയുടെ ഗോളിലാണ് ഫ്രഞ്ച്പട വിജയിച്ചത്. ജയത്തോടെ ഗ്രൂപ്പ് എയില്‍ ഒന്‍പത് കളിയില്‍ നിന്ന് 20 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്താനും ഫ്രാന്‍സിന് സാധിച്ചു. രണ്ടാം സ്ഥാനത്തുള്ള സ്വീഡന് ഇത്രയും മത്സരങ്ങളില്‍ നിന്ന് 19 പോയിന്റും ഹോളണ്ടിന് 16 പോയിന്റുമാണുള്ളത്. 2012ല്‍ സ്ഥാനമേറ്റ ശേഷം ദിദിയര്‍ ദെഷാംപ്‌സിന് കീഴില്‍ ഫ്രാന്‍സ് സ്വന്തമാക്കുന്ന 42ാമത്തെ ജയമാണ് ഇത്. ബെലാറസിനെതിരായ അടുത്ത മത്സരത്തില്‍ ജയിച്ചാല്‍ ഫ്രാന്‍സിന് യോഗ്യത ഉറപ്പിക്കാം.
കളിയുടെ മൂന്നാം മിനുട്ടില്‍ മാറ്റിയൂഡി ടീമിന്റെ വിജയ ഗോള്‍ നേടിയെങ്കിലും പിന്നീടങ്ങോട്ട് മികച്ച കളിയല്ല ഫ്രാന്‍സ് പുറത്തെടുത്തത്. അന്റോയിന്‍ ഗ്രിസ്മാനും കോറെന്റിന്‍ ടോളിസോയും നിരവധി അവസരങ്ങള്‍ നഷ്ടപ്പെടുത്തി. ആദ്യ പകുതിയില്‍ എന്‍ഗാളോ കാന്‍ഡെയ്ക്ക് പരുക്കേറ്റതും ഫ്രാന്‍സിന് തിരിച്ചടിയായി. രണ്ടാം പകുതിയില്‍ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ഫ്രാന്‍സിന്റേത്.
നിര്‍ണായക പോരാട്ടത്തിനിറങ്ങിയ ഹോളണ്ടിന് പ്രതീക്ഷ നല്‍കുന്നതായിരുന്നു ബെലാറസിനെതിരേയുള്ള ജയം. പ്രോപ്പര്‍, ആര്യന്‍ റോബന്‍, ഡിപെ എന്നിവര്‍ ഓറഞ്ച് പടയ്ക്കായി ഗോള്‍ നേടി. എന്നാല്‍ രണ്ടാം സ്ഥാനത്തേക്ക് മുന്നേറാന്‍ സാധിക്കാത്തത് ടീമിനെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. ഇനിയുള്ള മത്സരങ്ങള്‍ ജയിച്ചാല്‍ മാത്രം പോര എതിരാളികള്‍ തോല്‍വി വഴങ്ങുക കൂടി ചെയ്താലേ ഹോളണ്ടിന് യോഗ്യത നേടാന്‍ സാധിക്കൂ. 24ാം മിനുട്ടില്‍ പ്രോപ്പറാണ് ഹോളണ്ടിന്റെ ആദ്യ ഗോള്‍ നേടിയത്. 55ാം മിനുട്ടില്‍ വോളോഡ്‌കോയുടെ ഗോളില്‍ ബെലാറസ് അപ്രതീക്ഷിതമായി സമനില പിടിച്ചു. ഇതോടെ ഹോളണ്ട് പ്രതിരോധത്തിലായെങ്കിലും 84ാം മിനുട്ടില്‍ ആര്യന്‍ റോബന്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചതോടെ ടീം പ്രതീക്ഷ തിരിച്ചുപിടിച്ചു. മത്സരത്തിന്റെ അധിക സമയത്ത് ഡിപെ പട്ടിക പൂര്‍ത്തിയാക്കി.
ഗ്രൂപ്പ് ബിയിലെ മികച്ചൊരു പോരാട്ടത്തില്‍ പോര്‍ച്ചുഗല്‍ അന്‍ഡോറയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് പരാജയപ്പെടുത്തിയത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ആന്‍ഡ്രെ സില്‍വ എന്നിവരുടെ ഗോളുകളാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.
സ്വിറ്റ്‌സര്‍ലന്‍ഡിനെതിരേയുള്ള പോരാട്ടത്തില്‍ വിജയിച്ചാല്‍ ടീമിന് യോഗ്യത ഉറപ്പിക്കാം. ഗ്രീസ് ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് സൈപ്രസിനെയും സ്വിറ്റ്‌സര്‍ലന്‍ഡ് രണ്ടിനെതിരേ അഞ്ച് ഗോളുകള്‍ക്ക് ഹംഗറിയെയുമാണ് തകര്‍ത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."