സര്‍വകലാശാലകളുടെ പേരില്‍ മതം ചേര്‍ക്കേണ്ടതില്ലെന്ന് യു.ജി.സി
ന്യൂഡല്‍ഹി: സര്‍വകലാശാലകളുടെ പേരുകളില്‍ മതം ചേര്‍ക്കേണ്ടതില്ലെന്ന്‌യു.ജി.സി. കേന്ദ്ര ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകളുടെ മതനിരപേക്ഷതയ്ക്ക് ചേര്‍ന്നതല്ല ഇതെന്ന് യു.ജി.സിയുടെ ശുപാര്‍ശയില്‍ പറയുന്നു.
ഏതെങ്കിലും മതത്തിന്റെ പേര് കൂട്ടിച്ചേര്‍ക്കപ്പെടുമ്പോള്‍ അത് സ്ഥാപനത്തിന്റെ സ്വഭാവത്തില്‍ മാറ്റംവരുത്തും.
ശുപാര്‍ശ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കൈമാറി. ശുപാര്‍ശ അംഗീകരിക്കുകയാണെങ്കില്‍ അലിഗഡ് മുസ്‌ലിം സര്‍വകലാശാലയുടെ പേരില്‍ നിന്ന് 'മുസ്‌ലിം' എന്ന വാക്കും ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ പേരില്‍ നിന്ന് 'ഹിന്ദു' എന്ന വാക്കും ഒഴിവാക്കേണ്ടിവരും.
10 കേന്ദ്ര സര്‍വകലാശാലകളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ മാനവവിഭവശേഷി മന്ത്രാലയമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ഇതുപ്രകാരം യു.ജി.സി അഞ്ച് സമിതികളെ നിയോഗിക്കുകയും ചെയ്തു. തുടര്‍ന്നാണ് അലിഗഡ് സര്‍വകലാശാലയില്‍ കമ്മിറ്റി അന്വേഷണം നടത്തിയത്. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ സമിതി അന്വേഷണം നടത്തിയില്ലെങ്കിലും അവരുടെ റിപ്പോര്‍ട്ടില്‍ ബനാറസിനെയും പരാമര്‍ശിച്ചിട്ടുണ്ട്.
അലിഗഡിനു പുറമേ അലഹാബാദ് യൂണിവേഴ്‌സിറ്റി, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, ജമ്മു എന്നീ കേന്ദ്രസര്‍വകലാശാലകള്‍, വര്‍ധയിലെ മഹാത്മാഗാന്ധി അന്താരാഷ്ട്ര ഹിന്ദി വിശ്വവിദ്യാലയ്, ത്രിപുര യൂണിവേഴ്‌സിറ്റി, മധ്യപ്രദേശിലെ ഹരിസിങ് ഗൗര്‍ സര്‍വകലാശാല എന്നിവിടങ്ങളിലും സമിതി പരിശോധനടത്തിയിട്ടുണ്ട്. യു.ജി.സി സമിതിയുടെ ശുപാര്‍ശയോട് അലിഗഡ്, ബനാറസ് സര്‍വകലാശാലകള്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. സര്‍വകലാശാലകളുടെ പേരുകള്‍ അതിന്റെ മതതേരത്വത്തെ ഇല്ലാതാക്കുന്നില്ലെന്നും പേരുകള്‍ സ്ഥാപനങ്ങളെ ചരിത്രവുമായി ബന്ധിപ്പിക്കുന്നതാണെന്നും അധികൃതര്‍ പ്രതികരിച്ചു.
അതേസമയം സര്‍വകലാശാലകളുടെ പേരു മാറ്റം സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."