നാറാത്തെ ആയുധ പരിശീലന കേസ്: മുഖ്യപ്രതിയും അറസ്റ്റില്‍
കണ്ണൂര്‍: നാറാത്തെ ആയുധപരിശീലന കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതിയെയും എന്‍.ഐ.എ സംഘം അറസ്റ്റു ചെയ്തു. കേസിലെ മുഖ്യപ്രതിയായ നാറാത്ത് മുണ്ടോംവയല് സ്വദേശി അസ്ഹറുദ്ദീനെയാണ് (25) കാണ്‍പൂരില്‍ വച്ച് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിലുള്ള 21 പ്രതികളില്‍ മുഴുവന്‍ പേരും അറസ്റ്റിലായി. അസ്ഹറുദ്ദീനെ കൊച്ചിയില്‍ എത്തിച്ച് എന്‍.ഐ.എ സംഘം വിശദമായി ചോദ്യം ചെയ്തു.
2013 ഏപ്രില്‍ 23 നായിരുന്നു മയ്യിലിനടുത്ത നാറാത്തെ അടച്ചിട്ട വീട്ടില്‍ വന്‍ ആയുധ ശേഖരവും പരിശീലന കേന്ദ്രവും പൊലിസ് കണ്ടെത്തിയത്. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നു ഇവിടെ രഹസ്യമായി ആയുധ പരിശീലനം നടത്തിയിരുന്നത്.
കേസുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി മാലൂര്‍ ശിവപുരം പുതിയ വീട്ടില്‍ അബ്ദുല്‍ അസീസിന് (41) ഏഴു വര്‍ഷവും മറ്റ് 20 പ്രതികള്‍ക്ക് അഞ്ചു വര്‍ഷവും തടവുശിക്ഷ എറണാകുളത്തെ പ്രത്യേക എന്‍.ഐ.എ കോടതി കഴിഞ്ഞ വര്‍ഷം വിധിച്ചിരുന്നു. 22ാം പ്രതി കണ്ണൂര്‍ കുമ്മായക്കടവ് അത്തക്കര വീട്ടില്‍ എ.വി. കമറുദ്ദീനെ വെറുതെ വിടുകയും ചെയ്തു.
രഹസ്യമായി ആയുധ പരിശീലനം നടത്തുന്നെന്ന വിവരത്തെത്തുടര്‍ന്ന് 2013 ഏപ്രില്‍ 23 നാണ് പൊലിസ് നാറാത്തെ തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഓഫിസ് റെയ്ഡ് ചെയ്ത് പ്രതികളെ പിടികൂടിയത്. മാരകായുധങ്ങളും ബോംബുകളും റെയ്ഡില്‍ കണ്ടെടുത്തിരുന്നു. 2013 ജൂലായ് 24 നാണ് അന്വേഷണം എന്‍.ഐ.എക്ക് വിട്ടത്.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി യുവാക്കളെ റിക്രൂട്ട് ചെയ്യുക, ആയുധ പരിശീലനം നല്‍കുക തുടങ്ങിയ കുറ്റങ്ങളായിരുന്നു ഇവര്‍ക്കെതിരേ ചുമത്തിയിരുന്നത്. അസ്ഹറുദ്ദീന്റെ മയ്യില്‍ ടൗണിനടുത്തുള്ള ധനകാര്യ സ്ഥാപനം വഴിയാണ് ആയുധപരിശീലനത്തിനും മറ്റും പണമെത്തുന്നതെന്ന് എന്‍.ഐ.എ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."