വേങ്ങരയില്‍ കനത്ത പോളിംഗ്; വൈകിട്ട് നാലു മണി വരെ 65 ശതമാനം
മലപ്പുറം: വേങ്ങര നിയോജക മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ് രേഖപ്പെടുത്തി. വൈകിട്ട് നാലു മണിയാവുമ്പോള്‍ 65 ശതമാനം പേര് വോട്ടു രേഖപ്പെടുത്തി. എല്ലാ പഞ്ചായത്തുകളും 60 ശതമാനത്തിനു മുകളില്‍ വോട്ടു ചെയ്തു. എ.ആര് നഗര്‍ പഞ്ചായത്തിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത്. 68 ശതമാനം പേര് ഇവിടെ നാലു മണിക്കു മുന്‍പേ വോട്ടു രേഖപ്പെടുത്തി.
അക്രമസംഭവങ്ങളൊന്നുമില്ലാതെ പൂര്‍ണമായും സമാധാനപരമായാണ് വോട്ടെടുപ്പ് നടന്നത്. ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ 123-ാം നമ്പര്‍ ബൂത്തില്‍ വോട്ടിംഗ് മെഷീന് തകരാറിനെ തുടര്‍ന്ന് കുറച്ചു സമയം വോട്ടിംഗ് തടസപ്പെട്ടു. പരിഹരിച്ച ശേഷം വോട്ടിംഗ് തുടര്‍ന്നു.
വേങ്ങര പഞ്ചായത്തിലെ ഏഴാം നമ്പര്‍ ബൂത്തില്‍ സ്ലിപ്പ് വിതരണം പൂര്‍ത്തിയാകാത്തതിനാല്‍ വോട്ടിംഗില്‍ സാവകാശം നേരിട്ടു.
വി.വി.പാറ്റ് സംവിധാനം പൂര്‍ണമായും ഉപയോഗിച്ച തെരഞ്ഞെടുപ്പിനെ കുറിച്ച് വോട്ടര്‍മാര്‍ക്ക് നല്ല അഭിപ്രായമാണ്. ഏത് സ്ഥാനാര്‍ഥിക്കാണ് വോട്ട് ചെയ്തതെന്നു വോട്ടര്‍ക്ക് തിരിച്ചറിയുന്ന സമ്പ്രദായം മികച്ചതായെന്നു വോട്ടര്‍മാര്‍ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍നിന്ന് വിജയിച്ച മുസ്ലിം ലീഗിന്റെ പി.കെ.കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് തെരഞ്ഞടുക്കപ്പെട്ടതോടെ രാജിവച്ച ഒഴിവിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. യു.ഡി.എഫിനായി അഡ്വ. കെ.എന്‍.എ.ഖാദര്‍, എല്‍.ഡി.എഫിനായി അഡ്വ. പി.പി.ബഷീര്‍, എന്‍.ഡി.എക്കായി കെ. ജനചന്ദ്രന് മാസ്റ്റര്‍, എസ്.ഡി.പി.ഐക്കായി അഡ്വ. കെ.സി.നസീര്‍ എന്നിവരാണ് മത്സരരംഗത്തുള്ളത്, അഡ്വ. ഹംസ കറുമണ്ണില്‍, ശ്രീനിവാസ് എന്നീ സ്വതന്ത്രസ്ഥാനാര്‍ഥികളും രംഗത്തുണ്ട്.
87,750 പുരുഷന്മാരും 82,259 സ്ത്രീകളും ഉള്‍പ്പെടെ 1,70,009 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. ഇതില്‍ മൂന്ന് സര്‍വിസ് വോട്ടും ഉള്‍പ്പെടും. 90 സ്ഥലങ്ങളിലായി 148 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 17 ഓക്സിലറി ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്.
ഒക്ടോബര്‍ 15ന് തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലാണ് വോട്ടെണ്ണല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."