പെട്രോള്‍ പമ്പുകളില്‍ പകല്‍ക്കൊള്ള: ഉപഭോക്താക്കളുടെ കീശ ചോരുന്നു
കാസര്‍കോട്: ഇന്ധന വില ദിവസവും മാറുന്നതിന്റെ മറവില്‍ സംസ്ഥാനത്തെ ചില പെട്രോള്‍ പമ്പുകളില്‍ ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു. ഇന്ധനം നിറക്കാന്‍ പമ്പില്‍ കയറി പകല്‍ക്കൊള്ള നേരിട്ടനുഭവിച്ച വാഹന ഉടമ ഇത് ചോദ്യം ചെയ്തതോടെ പമ്പ് ഉടമയും, ജീവനക്കാരും കാലില്‍ വീഴുകയും സംഭവം പുറത്തു പറയരുതെന്ന് അപേക്ഷിക്കുകയുമായിരുന്നു. എന്നാല്‍ പരാതി നല്‍കാന്‍ സമയം ലഭിക്കാതെ വന്നതോടെ വാഹന ഉടമ തട്ടിപ്പ് ചിത്രം സഹിതം സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തു. കാസര്‍കോട് ജില്ലക്കാരനായ വാഹന ഉടമയാണ് ഒരാഴ്ച മുന്‍പ് മലപ്പുറം തിരൂരങ്ങാടി ഭാഗത്തെ ഒരു പെട്രോള്‍ പമ്പില്‍ കൊള്ളക്കിരയായത്.
സംഭവ ദിവസം രാവിലെ 8.45 ഓടെ പമ്പിലെത്തിയ വാഹന ഉടമ 1500 രൂപയ്ക്കു കാറില്‍ പെട്രോള്‍ അടിക്കാന്‍ പമ്പ് ജീവനക്കാരോട് പറയുകയും പണം നല്‍കുകയും ചെയ്തു. പെട്രോള്‍ അടിച്ചു കഴിഞ്ഞതോടെയാണ് വാഹന ഉടമക്ക് തട്ടിപ്പ് നേരിട്ട് ബോധ്യപ്പെട്ടത്. 73. 85 രൂപയാണ് സംഭവ ദിവസം പെട്രോള്‍ വിലയുണ്ടായിരുന്നത്. ഈ കണക്കിന് 20 ലിറ്ററും 311 മില്ലി ലിറ്ററും പെട്രോളാണ് വാഹനത്തില്‍ നിറക്കേണ്ടത്. എന്നാല്‍ പമ്പിലെ യന്ത്രത്തിലെ സ്‌ക്രീനില്‍ തുക രേഖപ്പെടുത്തിയ സ്ഥലത്ത് 1500 രൂപ കാണിക്കുന്നുണ്ടെങ്കിലും പെട്രോളിന്റെ അളവ് 19 ലിറ്ററും 567 മില്ലി ലിറ്ററും ആയിരുന്നു. ഇതോടെ വാഹന ഉടമ ഇതിന്റെ ഫോട്ടോയെടുക്കുകയും സംഭവം ജീവനക്കാരോട് പറയുകയും ചെയ്തു. എന്നാല്‍ ഇത് ജീവനക്കാര്‍ കാര്യമാക്കാതെ വന്നതോടെ പമ്പ് മാനേജരെ കാര്യം ധരിപ്പിക്കുകയായിരുന്നു. ഇതോടെ പമ്പ് ഉടമയും ജീവനക്കാരും കാറില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ ഫ്രീയായി തരാമെന്നായി.
സംഭവം പുറത്തു പറയരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിന് വാഹന ഉടമ തയാറാകാതെ വന്നതോടെ 1500 രൂപ തിരികെ തരാമെന്ന വാഗ്ദാനവും ഇവര്‍ നല്‍കി. വാഹന ഉടമ അത് നിരസിച്ചു. ഒടുവില്‍ അളവില്‍ കൃത്രിമത്വം കാട്ടിയ പെട്രോളിന്റെ വിലയായ 55 രൂപ തിരികെ നല്‍കി പമ്പ് ജീവനക്കാരും മാനേജരും രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നതായി പല വാഹന ഉടമകളും കുറെ കാലമായി ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ടായിരുന്നു. വാഹനങ്ങള്‍ക്ക് കൃത്യമായ മൈലേജ് ലഭിക്കാതെ വരുന്നതിനെ തുടര്‍ന്ന് അറ്റകുറ്റ പണികള്‍ നടത്തിയിട്ടും ഫലമില്ലാതായതോടെയാണ് പലരും പെട്രോള്‍ പമ്പുകളില്‍ നടത്തുന്ന പകല്‍ കൊള്ള പിടികൂടാന്‍ നേരിട്ട് ശ്രമിക്കുന്ന അവസ്ഥയുണ്ടായത്. അതേ സമയം ഇത്തരം കാര്യങ്ങളില്‍ ബന്ധപ്പെട്ട പെട്രോളിയം കമ്പനികള്‍ യാതൊരു വിധ പരിശോധനകളും നടത്തുന്നില്ലെന്ന് ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."