തൗഹീദും പുതിയ വിവാദങ്ങളും
ഏകദൈവ വിശ്വാസം എന്നാണ് 'തൗഹീദ്' എന്ന അറബി പദത്തിന്റെ അര്‍ത്ഥം. ഇസ്‌ലാമിന്റെ ആണിക്കല്ല് തന്നെ 'തൗഹീദാ'ണ്. ഏകദൈവ വിശ്വാസമില്ലാത്തവര്‍ മുസ്‌ലിംകളല്ല. ഒരാള്‍ ഇസ്‌ലാമില്‍ പ്രവേശിക്കുമ്പോള്‍ പ്രഖ്യാപിക്കേണ്ട സത്യസാക്ഷ്യവചനത്തിന്റെ പ്രഥമഭാഗം 'അല്ലാഹു മാത്രമാണ് ദൈവം' എന്നതാണ്. കാര്യം ഇതാണെങ്കിലും മുസ്‌ലിംകളിലെ ഒരു ന്യൂനപക്ഷം ബഹൂഭൂരിപക്ഷം വരുന്ന മുസ്‌ലിംകള്‍ 'തൗഹിദി'ല്ലാത്തവരാണെന്ന് ആരോപിക്കുന്നു. അവര്‍ 'ശിര്‍ക്ക്' ചെയ്യുന്നവരാണെന്നാണ് ആരോപണം. 'ശിര്‍ക്ക്' എന്ന പദത്തിനര്‍ത്ഥം ബഹുദൈവ വിശ്വാസം.
കാര്യം ഇതാണെങ്കിലും മുസ്‌ലിംകളിലെ ഒരു ന്യൂനപക്ഷം ബഹുഭൂരിപക്ഷം വരുന്ന മുസ്‌ലിംകള്‍ 'തൗഹീദി'ല്ലാത്തവരാണെന്ന് ആരോപിക്കുന്നു. അവര്‍ 'ശിര്‍ക്ക്' ചെയ്യുന്നവരാണെന്നാരോപണം. 'ശിര്‍ക്ക്' എന്ന പദത്തിനര്‍ത്ഥം ബഹുദൈവ വിശ്വാസം.
' അങ്ങിനെ ചെയ്താല്‍ ശിര്‍ക്കാവില്ല; ഇങ്ങിനെ ചെയ്താല്‍ ശിര്‍ക്കാവില്ല; ഇന്നയാളെ വിളിച്ചാല്‍ ശിര്‍ക്കാകില്ല' എന്നുപറഞ്ഞ് അല്ലാഹു ഒരിക്കലും പൊറുക്കാത്ത ശിര്‍ക്കിനെ എന്തിനാണ് ഇങ്ങിനെ ലളിതവല്‍ക്കരിക്കുന്നത്? 'മതരംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍, അങ്ങിനെ വിളിച്ചാല്‍ കുഴപ്പമില്ലെന്ന് സ്റ്റേജില്‍ നിന്നുപറഞ്ഞ് ലളിതവല്‍ക്കരിച്ച് പാവപ്പെട്ട ജനങ്ങളെ എന്തിനാണ് വഴിതെറ്റിക്കുന്നത്?' ഈയിടെ നടന്ന വിവാദത്തിനിടയാക്കിയ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങളാണ് മുകളില്‍ പറഞ്ഞത്.
തെളിയിച്ച് പറയാമല്ലോ. മുജാഹിദ് വിഭാഗമാണ് ശുദ്ധ ഏകദൈവ വിശ്വാസികളായ മുസ്‌ലിംകള്‍ക്കെതിരേ ഈ കുറ്റാരോപണം നടത്തുന്നത്. 'സലഫികള്‍' എന്നാണ് അവര്‍ പുതിയ പേര് സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ജീവിച്ചാല്‍ മുസ്‌ലിമായി മരണം വരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഇന്ത്യവിട്ട് സിറിയയിലും അഫ്ഗാനിലും പോയെന്ന് കരുതപ്പെടുന്ന 21 പേര്‍ ഈ പുതിയ 'സലഫി' പ്രവര്‍ത്തകരാണ്.
ഇസ്‌ലാമിന്റെ മൂലപ്രമാണങ്ങള്‍ 'സലഫ്' (സച്ചരിതരായ മുന്‍ഗാമികള്‍) വ്യാഖ്യാനിച്ച് തന്ന അതേപടി ഭേദഗതി കൂടാതെ അംഗീകരിക്കുന്നവരാണ് സുന്നികള്‍. സലഫിന്റെ വ്യാഖ്യാനത്തെ അവഗണിച്ച് സ്വതന്ത്രമായി പ്രമാണങ്ങള്‍ വ്യാഖ്യാനിക്കുന്നവരാണ് ഈ സലഫികള്‍ 'ഖദ്‌റി'നെ നിഷേധിക്കുന്നവര്‍ക്ക് 'ഖദ്‌രിയ്യ' എന്ന് നാമകരണം ചെയ്തപോലെ.
ഈ സ്വതന്ത്രവ്യാഖ്യാനം അവരെ വഴിതെറ്റിച്ചിരിക്കുന്നു. അബദ്ധങ്ങളുടെ പരമ്പരയാണ് ഇസ്‌ലാമിക നിയമങ്ങളെന്ന പേരില്‍ അവര്‍ സമുദായത്തില്‍ വിളംബരം ചെയ്തുകൊണ്ടിരിക്കുന്നത്. 'കേരളത്തില്‍ മാലിക് ദീനാര്‍ മുതല്‍ പതിമൂന്ന് നൂറ്റാണ്ടുകാലത്തെ മുസ്‌ലിംകളത്രയും 'ശിര്‍ക്കു'കാര്‍. അവരുടെ 'തൗഹീദ്' ഒന്നും ശരിയല്ല. ശുദ്ധമായ 'തൗഹീദി'താ എന്നുപറഞ്ഞ് ഇവര്‍ അവതരിപ്പിക്കുന്ന 'തൗഹീദ്' ഏതാണെന്ന് ഇവര്‍പോലും തിരിച്ചറിയുന്നില്ല. കാരണം അത്രമാത്രം വിരുദ്ധ നിര്‍വചനങ്ങളും വ്യാഖ്യാനങ്ങളും 'തൗഹീദി'ന്റെ വിഷയത്തില്‍ ഇവര്‍ക്കിടയില്‍ വന്നുചേര്‍ന്നിരിക്കുന്നു.
ഒരു ലക്ഷത്തില്‍പ്പരം വരുന്ന പൂര്‍വിക പ്രവാചകന്മാരോ സച്ചരിതരായ മുന്‍ഗാമികളോ തൗഹീദിനെ വിഭജിക്കുകയോ അതിന് വ്യത്യസ്ത ഘടകങ്ങളുള്ളതായി വിശദീകരിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ മുജാഹിദ് വിഭാഗം തൗഹീദിനെ രണ്ടായി ഭാഗിച്ചു. റുബൂബ്ബിയ്യ ,ഉലൂഹിയ്യ എന്നിവയാണവ. ഇതില്‍ തൗഹീദു റുബൂബിയ്യ പൂര്‍വകാല ബഹുദൈവ വിശ്വാസികള്‍ക്കും ഉണ്ടായിരുന്നുവെന്നും രണ്ടാമത്തെ ഭാഗമായ 'തൗഹീദുല്‍ ഉലൂഹിയ്യ' (ദിവ്യത്വത്തിലുള്ള ഏകത്വം) മാത്രമാണ് അവര്‍ക്കില്ലാതെ പോയതെന്നും മുജാഹിദ് വിഭാഗം വാദിച്ചു. സുന്നികളും പൂര്‍വ്വിക ബഹുദൈവ വിശ്വാസികളും ഒരുപോലെ. തൗഹീദ് റുബൂബിയ്യ (രക്ഷാകര്‍തൃത്വത്തിലുള്ള ഏകത്വം) സുന്നികളും അംഗീകരിക്കുന്നു. തൗഹീദിന്റെ രണ്ടാമത്തെ ഭാഗമാണ് സുന്നികള്‍ക്കും ഇല്ലാതെ പോയത്. ഇതായിരുന്നു മുജാഹിദ് വിഭാഗത്തിന്റെ ആദ്യകാല നിലപാട്.
2001 ജൂണ്‍ 4-ന് തൗഹീദ് ഗവേഷണത്തിന്റെ പുതിയ ഫലം പുറത്തുവന്നു. ഇത്രയും കാലം തങ്ങള്‍ മനസ്സിലാക്കിയ തൗഹീദ് അപൂര്‍ണ്ണമായിരുന്നുവെന്നും തൗഹീദിന് രണ്ടല്ല, മൂന്ന് ഭാഗമുണ്ടെന്നും കണ്ടെത്തി. അടിയന്തിരമായി മൂന്നാമത്തെ ഭാഗം കൂടി മദ്‌റസകളില്‍ പഠിപ്പിക്കാനും തീരുമാനമായി. 2001 ജൂണ്‍ 4ന് പുളിക്കല്‍ മദീനത്തുല്‍ ഉലൂമില്‍ ചേര്‍ന്ന കേരള ജംഇയ്യത്തുല്‍ ഉലമ (മുജാഹിദ് പണ്ഡിതസഭ) നിര്‍വാഹകസമിതി തീരുമാനങ്ങളില്‍ ഇപ്രകാരം കാണാം: 'ഈ വിഷയത്തില്‍ ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി നേരത്തെ നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ യഥാര്‍ത്ഥ വസ്തുത അംഗീകരിക്കപ്പെട്ടതായി യോഗം അറിയിച്ചു. തൗഹീദിന് റുബൂബിയ്യത്ത്, ഉലൂഹിയ്യത്ത്, അസ്മാഅ് സിഫാത്ത് എന്നിങ്ങനെയുള്ള വിഭജനം ഈ യോഗം ശരിവയ്ക്കുകയും അത് പാഠശാലകളില്‍ പഠിപ്പിക്കേണ്ടതാണെന്ന് തീരുമാനിക്കുകയും ചെയ്തു'. (പേ.11)
1921 ലാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ തുടക്കം. അന്നുമുതല്‍ 2001 വരെയുള്ള മുജാഹിദുകള്‍ക്ക് തൗഹീദിന്റെ മൂന്നില്‍ രണ്ടുഭാഗം മാത്രമാണ് കിട്ടിയതെന്നും,അത്രയും കാലം മുജാഹിദ് പ്രസ്ഥാനത്തെ അംഗീകരിച്ച് മരണപ്പെട്ടുപോയവരൊക്കെ പൂര്‍ണ തൗഹീദി വിശ്വാസമില്ലാതെയാണ് കടന്നുപോയതെന്നും ഈ തീരുമാനം വ്യക്തമാക്കുന്നു. തൗഹീദ് പുര്‍ണമല്ലെങ്കില്‍ അവര്‍ അവിശ്വാസികളാണ്. അവിശ്വാസികള്‍ക്ക് പരലോകത്ത് രക്ഷയില്ലെന്നാണ് ഇസ്‌ലാമിക വിശ്വാസം. ശുദ്ധമായ തൗഹീദ് തേടി എട്ടുപതിറ്റാണ്ടുകാലം മുജാഹിദ് പ്രസ്ഥാനത്തിലെത്തിപ്പെട്ട മുഴുവന്‍ ആളുകളുടെയും കാര്യം കട്ടപ്പുക! എന്തുകൊണ്ടിത് സംഭവിച്ചു?
ഔദ്യോഗിക മുജാഹിദുകളുടെ വിശദീകരണം ഇപ്രകാരം: 'നാമവിശേഷങ്ങളിലുള്ള തൗഹീദിനെ (തൗഹീദിന്റെ പുതിയ ഭാഗം) വിശദീകരിക്കുന്ന ഗ്രന്ഥങ്ങള്‍പ്രസിദ്ധീകരണങ്ങളുടെ അപര്യാപ്തത സലഫീ കേരളത്തില്‍ ഉണ്ടായി എന്നും തൗഹീദുല്‍ ഉലൂഹിയ്യത്തിന് ആദ്യകാലങ്ങളില്‍ ലഭിച്ച പ്രാധാന്യം പ്രസംഗങ്ങളിലും ലേഖനങ്ങളിലും മറ്റ് കൃതികളിലും ഈ വിഷയത്തിന് ലഭിച്ചില്ല എന്നതുമാണ് വസ്തുത. അതിന് ചരിത്രപരമായ ചില കാരണങ്ങളുണ്ട്. എന്നാല്‍ പിന്നീട് ആ വിഷയത്തില്‍ നാം തെറ്റുകള്‍ തിരുത്തുകയും, ബോധവല്‍ക്കരണം ശക്തിപ്പെടുത്തുകയും ചെയ്തു'. (വിമര്‍ശനങ്ങള്‍ക്ക് മറുപടി: പേജ് 94, 95).
മടവൂര്‍ വിഭാഗത്തിന്റെ വിശദീകരണം ഹുസൈന്‍ മടവൂര്‍ തന്നെ പറയട്ടെ:
'ഞാന്‍ തന്നെയും അസ്മാഉം സിഫാത്തും തൗഹീദിന്റെ ഭാഗമായി വേണ്ടവിധം മനസ്സിലാക്കിയത് മക്കയില്‍ ഉമ്മുല്‍ഖുറയില്‍ പഠിച്ചപ്പോഴാണ്. അവിടെ തൗഹീദ് പഠിപ്പിക്കുന്നത് ശുദ്ധ സലഫി പണ്ഡിതന്മാരാണ്. കേരളത്തില്‍ മുജാഹിദ് മദ്‌റസകളിലും ഇത് പഠിപ്പിക്കുന്നില്ല' (ആദര്‍ശ വ്യതിയാനം പേജ്: 28)
കേരളത്തിലെ മുജാഹിദ് പണ്ഡിതന്മാര്‍ ശുദ്ധ സലഫി പണ്ഡിതന്മാരല്ലെന്നും അവര്‍ക്ക് ഇക്കാര്യം വേണ്ടവിധം മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് മടവൂര്‍ പറഞ്ഞതിന്റെ രത്‌നച്ചുരുക്കം.
ഇതിന് അടിവരയിട്ടുകൊണ്ട് പ്രമുഖ മുജാഹിദ് പണ്ഡിതന്‍ ഇ.കെ.അഹമ്മദുകുട്ടി പറയുന്നത് നോക്കൂ:
'മുജാഹിദ് പണ്ഡിതന്മാര്‍ക്ക് അവര്‍ നയിക്കുന്ന തൗഹീദ് സംഘടനയെ വെറും അഞ്ച് പതിറ്റാണ്ടുകള്‍ പിന്നിട്ടപ്പോഴേക്കും തുണ്ടുകളാക്കി പിളര്‍ത്താന്‍ എങ്ങിനെ കഴിഞ്ഞുവെന്ന് ശുദ്ധഹൃദയര്‍ അത്ഭുതംകൂറിയേക്കാം. എന്നാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല എന്നാണെന്റെ അഭിപ്രായം. കാരണം, അവരില്‍ പലര്‍ക്കുംതൗഹീദിനെ വേണ്ടവിധം മനസ്സിലാക്കാനും പ്രബോധനം ചെയ്യാനും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം'. (മാധ്യമം 25.8.17).
കെ.എന്‍.എം മുന്‍ സംസ്ഥാന പ്രസിഡന്റ് ഇ.കെ.അഹമ്മദ്കുട്ടി പറഞ്ഞത് തീര്‍ത്തും ശരിവയ്ക്കുന്നതായിരുന്നു പില്‍ക്കാലത്ത് മുജാഹിദ് പ്രസ്ഥാനത്തിന് വന്ന തൗഹീദിലെ പുതിയ ചാഞ്ചാട്ടങ്ങള്‍.
2007 മുതല്‍ തൗഹീദിന് പുതിയ വ്യാഖ്യാനം വന്നു: ജിന്ന്, പിശാച്, മലക് തുടങ്ങിയ സൃഷ്ടികളെ വിളിച്ച് തേടിയാല്‍ ശിര്‍ക്കാകില്ല എന്നതായിരുന്നു പുതിയ കണ്ടെത്തല്‍. സത്യത്തില്‍ പിശാചിനെ വിളിച്ച് തേടുന്നത് സുന്നികള്‍പോലും അംഗീകരിക്കുന്നില്ല. ഇത്തരം സൃഷ്ടികള്‍ മനുഷ്യദൃഷ്ടിക്ക് ദൃശ്യമല്ലെങ്കിലും ഭൗതിക സൃഷ്ടികള്‍ തന്നെയാണെന്നതായിരുന്നു അതിന് നല്‍കിയ വിശദീകരണം.
'മലക്കുകള്‍ മനുഷ്യര്‍ക്ക് ചെയ്യുന്ന സഹായമോ ജിന്ന്, പിശാചുക്കള്‍ അവരുടെ മിത്രങ്ങള്‍ക്ക് ചെയ്യുന്ന സഹായമോ നമ്മുടെ കണ്ണില്‍ കാണുന്നില്ലെങ്കിലും അവയെക്കുറിച്ച് അഭൗതീകമെന്ന് പറഞ്ഞുകൂടാ'. (ഇസ്‌ലാഹ് 2007 മാര്‍ച്ച്).
ഇത് മുജാഹിദ് സംഘടനയില്‍ വലിയ വിസ്‌ഫോടനമുണ്ടാക്കി. അവസാനം 2012-ല്‍ ഈ തൗഹീദ് പരിഷ്‌കരണം പിന്‍വലിച്ചു. പരസ്യമായി ഖേദപ്രകടനവും പശ്ചാത്താപവും നടത്തി. 2012 വരെ മരണപ്പെട്ടുപോയ മുജാഹിദുകളും പൂര്‍ണ തൗഹീദില്ലാതെ കടന്നുപോയി.
പിന്നീട് തൗഹീദില്‍ പുതിയ ഗവേഷണങ്ങള്‍ വീണ്ടും വന്നു. സിഹ്ര്‍ (മാരണം) ശിര്‍ക്കാകുമോ ഇല്ലേ എന്ന്. കടുത്ത ആശയക്കുഴപ്പത്തിലാണ് അവര്‍. ഒരേ സംഘടനയില്‍പ്പെട്ട ഇരുവിഭാഗം സിഹ്ര്‍ ശിര്‍ക്കാണെന്നും അല്ലെന്നും പറഞ്ഞ് ആനുകാലികങ്ങളിലൂടെ പോരാട്ടം തുടരുന്നു.
അഭൗതികമായ കഴിവ് അല്ലാഹുവിന് മാത്രമേ ഉള്ളൂവെന്നാണ് തൗഹീദിന്റെ വചനത്തിന് മുജാഹിദ് വിഭാഗം നല്‍കുന്ന അര്‍ത്ഥം. അദൃശ്യം, മറഞ്ഞവഴി, കാര്യകാരണ ബന്ധങ്ങള്‍ അതീതം എന്നെല്ലാം മാറിമാറി ഈ കഴിവിനെക്കുറിച്ച് അവര്‍ വിശേഷിപ്പിക്കാറുണ്ട്. ജിന്ന്, പിശാച് വര്‍ഗങ്ങള്‍ ഭൗതിക സൃഷ്ടികളോ അഭൗതികമോ ഇതാണ് തര്‍ക്കത്തിന്റെ അടിസ്ഥാനം. ഒരു വിഭാഗം ഇവ ഭൗതിക സൃഷ്ടികളാണെന്ന് വാദിക്കുന്നു. മറുവിഭാഗം അഭൗതിക സൃഷ്ടികളാണെന്നും. സിഹ്ര്‍ ഫലിക്കുന്നത് പിശാചിന്റെ സഹായത്തോടെയാണ്. പിശാച്, ജിന്ന് വര്‍ഗ്ഗത്തിന് മറഞ്ഞ വഴിക്ക് ഉപദ്രവിക്കാന്‍ കഴിയുമെന്നും ഇല്ലെന്നുമുള്ള തര്‍ക്കം ഇങ്ങിനെയാണ് തൗഹീദ്, ശിര്‍ക്കിനെ ബാധിക്കുന്നത്.
ഇതുവരെ കൃത്യമായി എന്താണ് തൗഹീദ് എന്താണ് ശിര്‍ക്ക് എന്ന് നിര്‍വചിക്കാന്‍ മുജാഹിദ് വിഭാഗത്തിന് സാധിച്ചിട്ടില്ല. പിന്നെ ഏത് തൗഹീദിലേക്കാണ് ഇവര്‍ മറ്റുള്ളവരെ ക്ഷണിക്കുന്നത്?
മാത്രമല്ല, സമുദായ സ്‌നേഹികള്‍ എപ്പോഴും ആവശ്യപ്പെടുന്ന കാര്യമാണ് മുസ്‌ലിം ഐക്യം. മഹാഭൂരിപക്ഷം വരുന്ന സുന്നി വിഭാഗത്തിന്റെ മേല്‍ ഉത്തരവാദപ്പെട്ടവര്‍പോലും 'ശിര്‍ക്ക്' ആരോപിക്കുമ്പോള്‍ ഈ ഐക്യം എങ്ങിനെ സാധിതമാകും? 'ശിര്‍ക്കു'ള്ളവര്‍ മുശ്‌രിക്കുകളാണ്. അഥവാ ബഹുദൈവ വിശ്വാസികള്‍.മുസ്‌ലിം ഐക്യം മുദ്രാവാക്യമായി ഉയര്‍ത്തുന്നവര്‍ മഹാഭൂരിപക്ഷം വരുന്ന സുന്നികളെ മുശ്‌രിക്കുകളാക്കിയാണോ ഐക്യപ്പെടുത്തുന്നത് ഗുരുതരമായ ഈ ആരോപണം തുടരുമ്പോള്‍ മുസ്‌ലിം, മുശ്‌രിക്ക് ഐക്യം എന്നല്ലേ പറയാന്‍ പറ്റൂ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."