വിചാരണത്തടവുകാരുടെ മോചനം നീളുന്നതില്‍ സുപ്രിം കോടതിക്ക് അതൃപ്തി
ന്യൂഡല്‍ഹി: നാഷനല്‍ ലോ സര്‍വിസസ് അതോറിറ്റിയുടെ ശുപാര്‍ശയുണ്ടായിട്ടും വിചാരണത്തടവുകാരെ മോചിപ്പിക്കാതെ ജയിലില്‍ അടക്കുന്ന നടപടിയില്‍ സുപ്രിം കോടതിക്ക് അതൃപ്തി.
രാജ്യത്തെ ജയിലുകളിലെ വിചാരണത്തടവുകാരുടെ വിഷയം ചൂണ്ടിക്കാട്ടി നല്‍കിയ ഹരജി പരിഗണിച്ച് ജസ്റ്റിസുമാരായ മദന്‍ ബി. ലോക്കൂറും ദീപക് ഗുപ്തയും അടങ്ങുന്ന രണ്ടംഗ സുപ്രിം കോടതി ബെഞ്ചാണ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്.
ലോ സര്‍വിസിന്റെ റിപ്പോര്‍ട്ടിലെ ഉള്ളടക്കം ഗൗരവമാണെന്ന് വിലയിരുത്തിയ കോടതി, കാലാവധി പൂര്‍ത്തിയായി ജാമ്യം ലഭിച്ചിട്ടും രാജ്യത്തെ വിവിധ ജയിലുകളില്‍ ആയിരക്കണക്കിനു വിചാരണത്തടവുകാര്‍ കഴിയുന്നുണ്ടെന്ന് നിരീക്ഷിച്ചു. ഇത്തരം സാഹചര്യം അനുവദിക്കാന്‍ കഴിയില്ലെന്ന് കേസില്‍ കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിനെ കോടതി അറിയിച്ചു.
ഹരജിയില്‍ വാദം കേള്‍ക്കവേ, തങ്ങളുടെ ഉപദേശങ്ങള്‍ സംസ്ഥാനസര്‍ക്കാരുകള്‍ പാലിക്കുന്നില്ലെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. മറുപടിയില്‍ അതൃപ്തി അറിയിച്ച കോടതി, നിങ്ങളുടെ നിര്‍ദേശങ്ങള്‍ അവഗണിക്കുകയാണെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് ഇനി കത്തയക്കുന്നത് നിര്‍ത്താന്‍ അറ്റോര്‍ണി ജനറലിനോട് ആവശ്യപ്പെട്ടു.
രാജ്യത്ത് ഏറ്റവുമധികം വിചാരണത്തടവുകാരുള്ള ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ജയിലുകളിലെ സാഹചര്യങ്ങള്‍ വിശദീകരിക്കാന്‍ ആവശ്യപ്പെട്ട് ഈ മൂന്നു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കോടതി നോട്ടിസ് അയച്ചു. പത്തുദിവസത്തിനുള്ളില്‍ മറുപടി അറിയിക്കണമെന്നും നോട്ടിസില്‍ നിര്‍ദേശമുണ്ട്. കേസ് ഈ മാസം 31ന് വീണ്ടും പരിഗണിക്കും.
2015ലെ നാഷനല്‍ ക്രൈം റിക്കോര്‍ഡ് ബ്യൂറോ കണക്കു പ്രകാരം രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിയുന്ന 2.82 ലക്ഷം തടവുകാരില്‍ 67 ശതമാനവും വിചാരണത്തടവുകാരാണ്. ആകെയുള്ള വിചാരണത്തടവുകാരില്‍ 65 ശതമാനവും മൂന്നുമാസം മുതല്‍ അഞ്ചുവര്‍ഷം വരെ തടവില്‍ കഴിഞ്ഞവരാണ്. വിചാരണത്തടവുകാരില്‍ 60 ശതമാനവും മതന്യൂനപക്ഷങ്ങളും ആദിവാസികളുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."