യുനസ്‌കോയില്‍ നിന്ന് യു.എസ് പിന്‍മാറി
വാഷിങ്ടണ്‍: യുനസ്‌കോ(യുനൈറ്റഡ് നേഷന്‍സ് സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍)യില്‍ നിന്ന് അമേരിക്ക പിന്‍മാറി. യുനസ്‌കോ ഇസ്‌റാഈല്‍ വിരുദ്ധ നിലപാടെടുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പിന്‍മാറ്റം. യു.എസ് വിദേശകാര്യ മന്ത്രാലയമാണ് പിന്‍മാറ്റം പ്രഖ്യാപിച്ചത്. യുനസ്‌കോയുടെ ഒബ്‌സര്‍വര്‍ മിഷന് തുല്യമായി മറ്റൊരു സംവിധാനം രൂപീകരിക്കുമെന്ന് യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് വക്താവ് ഹീതര്‍ നൗവെര്‍ട്ട് വ്യക്തമാക്കി.
യുനസ്‌കോയുടെ സ്ഥാനമൊഴിയുന്ന ഡയരക്ടര്‍ ജനറല്‍ ഇറിന ബോക്കോവ യു.എസിന്റെ തീരുമാനത്തെ അപലപിച്ചു. യുനസ്‌കോ യു.എസിന് അത്ര പ്രാധാന്യമേറിയതല്ലെന്നാണ് തീരുമാനം സൂചിപ്പിക്കുന്നതെന്ന് അവര്‍ പറഞ്ഞു. ലോകത്ത് അക്രമത്തിനും തീവ്രവാദത്തിനും പിന്തുണ നല്‍കുന്നതാണ് യു.എസിന്റെ നടപടികളെന്നും അവര്‍ പറഞ്ഞു.
നേരത്തേ 2011ല്‍ യുനസ്‌കോക്ക് സാമ്പത്തിക സഹായം നല്‍കുന്നത് അമേരിക്ക അവസാനിപ്പിച്ചിരുന്നു. ഫലസ്തീന്‍ അതോറിറ്റിക്ക് അനുകൂലമായി വോട്ടെടുപ്പ് നടന്നതിനെ തുടര്‍ന്നായിരുന്നു ഇത്. നേതാക്കള്‍ക്കെതിരായ പ്രമേയത്തെ തുടര്‍ന്ന് ഇസ്‌റാഈല്‍ നേരത്തേ യുനസ്‌കോയില്‍ നിന്ന് പ്രതിനിധിയെ പിന്‍വലിച്ചിരുന്നു.
യു.എസിന്റെ നടപടിക്കെതിരേ വിമര്‍ശനവുമായി ഫലസ്തീന്‍ നാഷണല്‍ ഇനിഷ്യേറ്റീവ് രംഗത്തെത്തി. യു.എസിന്റെ തീരുമാനം ഇസ്‌റാഈലിന്റെ മനുഷ്യത്വരഹിതമായ നടപടികളെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് പാര്‍ട്ടി സെക്രട്ടറി ജനറല്‍ മുസ്തഫ ബാര്‍ഗോട്ടി പറഞ്ഞു. വിപരീതഫലം ഉണ്ടാക്കുന്നതും അതോടൊപ്പം നാണക്കേടുണ്ടാക്കുന്നതുമാണ് നടപടി. അന്താരാഷ്ട്ര സംഘടനകളില്‍ ഫലസ്തീന്റെ സാന്നിധ്യം ഇല്ലാതാക്കാനാണ് യുഎസിന്റെയും ഇസ്‌റാഈലിന്റെയും ശ്രമം. എന്നാല്‍, ഭാവിയില്‍ ലോകാരോഗ്യ സംഘടനകളിലടക്കം ഫലസ്തീന്റെ സാന്നിധ്യമുണ്ടാകും. ഇതിനെതിരേയും അമേരിക്ക പ്രതിഷേധിക്കുമോയെന്ന് ബാര്‍ഗോട്ടി ചോദിച്ചു.
അതേസമയം, യുനസ്‌കോയില്‍നിന്ന് പിന്‍മാറാനുള്ള നീക്കത്തെ യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് ന്യായീകരിച്ചു. യുനസ്‌കോയില്‍ അഴിച്ചുപണി അത്യാവശ്യമാണെന്ന് യു.എസ് പറഞ്ഞു.
2018ന്റെ അവസാനത്തോടെ മാത്രമേ പൂര്‍ണമായ പിന്‍മാറ്റമുണ്ടാവുകയുള്ളൂവെന്ന് ഹീതര്‍ നൗവെര്‍ട്ട് പറഞ്ഞു. അമേരിക്കക്ക് പ്രാമുഖ്യംനല്‍കുന്ന നിയമത്തോടൊപ്പം നില്‍ക്കുമെന്നും പിന്‍മാറിയാല്‍ അംഗത്വമില്ലാത്ത നിരീക്ഷകന്റെ പദവിയില്‍ തുടരുമെന്നും ഹീതര്‍ സൂചിപ്പിച്ചു. നേരത്തേ സാമ്പത്തിക സഹായം നിര്‍ത്തലാക്കിയതോടെ സംഘടനയിലെ വോട്ടെടുപ്പ് അവകാശം നഷ്ടപ്പെട്ടതും പിന്‍മാറ്റത്തിന് അമേരിക്കയെ പ്രേരിപ്പിച്ച ഘടകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."