32 കിലോ ചന്ദനവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍ അറസ്റ്റിലായത് മലപ്പുറം സ്വദേശികള്‍
കല്‍പ്പറ്റ: ഇന്നോവ കാറില്‍ കടത്തുകയായിരുന്ന 32 കിലോ ചന്ദനവുമായി മൂന്ന് യുവാക്കള്‍ പിടിയിലായി. മലപ്പുറം വണ്ടൂര്‍ സ്വദേശികളായ നെല്ലിക്കുന്ന് പുളിയകുന്നന്‍ റിഷാദ് റഹീം(21), കോഴിപ്പറമ്പ് മഞ്ചേരി മുഹമ്മദ് ഷിതില്‍(19), മാനഞ്ചേരി കളപ്പംതൊടിക ആഷിഖ് ഇര്ഫാന്(21) എന്നിവരാണ് പിടിയിലായത്.
കല്‍പ്പറ്റ എ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എസ്.ഐ എ.യു ജയപ്രകാശും സംഘവും നടത്തിയ വാഹനപരിശോധനയിലാണ് സംഘം കുടുങ്ങിയത്. ബുധനാഴ്ച രാത്രിയാണ് ഇവര്‍ പിടിയിലായത്. എട്ടു കഷ്ണങ്ങളായി കാറിലൊളിപ്പിച്ചിരുന്ന നിലയിലായിരുന്നു ചന്ദനത്തടികള്‍. സംഘം സഞ്ചരിച്ചിരുന്ന ഇന്നോവ കാറും, മോട്ടോര്‍ സൈക്കിളും, ഇവരുടെ മൊബൈല്‍ ഫോണുകളും പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ചന്ദനമോഷണത്തിനായി ഇവര്‍ യൂട്യൂബ് വിഡിയോകളെ ആശ്രയിച്ചിരുന്നതായി എസ്.ഐ പറഞ്ഞു. ചന്ദനമരം എങ്ങനെ മുറിക്കാമെന്നും വില്‍ക്കാമെന്നും വിഡിയോ കണ്ട് ഇവര്‍ മനസിലാക്കുകയായിരുന്നു. മലപ്പുറത്തെ വണ്ടൂരില്‍ നിന്ന് മോഷ്ടിച്ച ചന്ദനം വില്പനയ്ക്കായാണ് കല്‍പ്പറ്റയില്‍ എത്തിച്ചതെന്നാണ് പ്രതികള്‍ പൊലിസിനോട് പറഞ്ഞത്. ചന്ദനം മോഷ്ടിച്ച ശേഷം കാറില്‍ കടത്തും.
പൊലിസിനെ നിരീക്ഷിക്കാനായി സംഘത്തിലെ ഒരാള്‍ ബൈക്കില്‍ കാറിന് മുന്നിലായി യാത്ര ചെയ്യുകയാണ് പതിവെന്നും പൊലിസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."