'ഇപ്പോ ഒരു റിലാക്‌സേഷനൊക്കെയുണ്ട്...'
മലപ്പുറം: തിരക്കുപിടിച്ച തെരഞ്ഞെടുപ്പ് പോരാട്ടമായിരുന്നു കഴിഞ്ഞ ദിവസംവരെ. വോട്ടെടുപ്പ് കഴിഞ്ഞതോടെ അങ്കച്ചൂടിന് അയവുവന്ന റിലാക്‌സേഷനിലായിരുന്നു ഇന്നലെ വേങ്ങരയിലെ സ്ഥാനാര്‍ഥികളെല്ലാം. ദിവസങ്ങള്‍ക്കു ശേഷം കുടുംബത്തോടൊപ്പം അല്‍പനേരമെങ്കിലും ചെലവഴിക്കാനും കനത്ത തിരക്കില്‍നിന്നു ചെറിയൊരു ആശ്വാസം കൊള്ളാനും കിട്ടിയ നാള്‍. എങ്കിലും ഒട്ടേറെ സ്ഥലങ്ങളില്‍ ഇന്നലെയും സ്ഥാനാര്‍ഥികളെത്തി.
അഭിമാനകരമായ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നാണ് പ്രതീക്ഷയെന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദര്‍ പറഞ്ഞു. വോട്ടെടുപ്പിന്റെ പിറ്റേന്നു രാവിലെതന്നെ മണ്ഡലത്തിലെ പ്രധാന പ്രവര്‍ത്തകരെ വിളിച്ചു.
അഭിപ്രായങ്ങളും വിശകലനങ്ങളും കേട്ടു. പ്രവര്‍ത്തകരെല്ലാം നല്ല ഉന്‍മേഷത്തിലാണെന്നു പറഞ്ഞ യു.ഡി.എഫ് സ്ഥാനാര്‍ഥി ഇന്നലെയും മണ്ഡലത്തിലുണ്ടായിരുന്നു. പറപ്പൂരിലെ മരണവീട് സന്ദര്‍ശിക്കുകയും മമ്പുറത്തു കല്യാണവിരുന്നില്‍ പങ്കെടുക്കുകയും ചെയ്തു. ഉച്ചയ്ക്കു ശേഷം വേങ്ങരയില്‍ മണ്ഡലം യു.ഡി.എഫ് ഓഫിസില്‍ പഞ്ചായത്തുകളിലെ ഭാരവാഹികളുടെ യോഗത്തില്‍ പങ്കെടുത്തു. വൈകിട്ടോടെ കോഡൂരിലെ വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തു.
മണ്ഡലക്കാരനായ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.പി ബഷീറിനു ഇന്നലെ ഒഴിവുദിനമായിരുന്നു. രാവിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറെ പേര്‍ വീട്ടിലെത്തി കുശലാന്വേഷണം നടത്തി. അവരോടൊത്തുള്ള തെരഞ്ഞെടുപ്പു ചര്‍ച്ച മാത്രം. പാര്‍ട്ടി കാര്യങ്ങളൊന്നുമില്ല, പുറത്തു യോഗങ്ങളുമില്ല. പ്രാക്ടീസ് ചെയ്യുന്ന പരപ്പനങ്ങാടി കോടതിയില്‍പോയി സുഹൃത്തുകളെ കണ്ടു മടങ്ങി. 'ഗംഭീരമത്സരമാണ് ഞങ്ങള്‍ കാഴ്ചവച്ചത്, ഫോട്ടോ ഫിനിഷിങ്‌വരെ എത്തിയില്ലേ...' ബഷീര്‍ പറഞ്ഞു.
എല്‍.ഡി.എഫിനു വോട്ടുവര്‍ധനവുണ്ടാകും. പുതിയ വോട്ടര്‍മാര്‍ ഏറെയുണ്ട്. ഞങ്ങളുടെ മണ്ഡലമൊന്നുമല്ലല്ലോ! എന്നാലും വലിയൊരു മെജോറിറ്റിയൊന്നുമില്ലാതെയാകും കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നത്. പിന്നെ, ബി.ജെ.പിക്ക് വോട്ടുകൂടും. എസ്.ഡി.പി.ഐ വലിയ വര്‍ഗീയ പ്രചാരണമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഏറെ നാളിനു ശേഷം വീട്ടില്‍ ഒരു പകല്‍ ചെലവിട്ടു വൈകിട്ട് സ്ഥാനാര്‍ഥി കോഴിക്കോട്ടെ ഭാര്യവീട്ടിലേക്കു പോയി. ഇന്നു വക്കീല്‍ ഗൗണണിഞ്ഞു കോടതി മുറിയിലെത്തും.
വോട്ടെണ്ണല്‍ രാവിലെ എട്ടുമുതല്‍
മലപ്പുറം: ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ 15നു രാവിലെ എട്ടുമുതല്‍ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്‍ നടക്കും. രാവിലെ 7.45നു വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂം നിരീക്ഷകന്‍ അമിത് ചൗധരിയുടെയും സ്ഥാനാര്‍ഥികളുടെയും സാന്നിധ്യത്തില്‍ തുറക്കും. ജില്ലാ കലക്ടര്‍ അമിത് മീണ, റിട്ടേണിങ് ഓഫിസര്‍ സജീവ് ദാമോദര്‍ തുടങ്ങിയവര്‍ സന്നിഹിതരാകും. വോട്ടെണ്ണലിന് 14 ടേബിളുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതില്‍ ഒന്നില്‍ മൂന്നുവീതം ഉദ്യോഗസ്ഥരെ നിയോഗിക്കും. ഒരു സൂപ്പര്‍വൈസര്‍, ഒരു മൈക്രോ ഒബ്‌സര്‍വര്‍, ഒരു കൗണ്ടിങ് അസിസ്റ്റന്റ് എന്നിവരെയാണ് നിയോഗിക്കുക. 42 പേര്‍ക്ക് പുറമേ 20 റിസര്‍വ് ഉദ്യോഗസ്ഥന്മാരെയും നിയോഗിച്ചിട്ടുണ്ട്. ഇവര്‍ക്കുള്ള പരിശീലനം ഇന്നു രാവിലെ 10.30ന് കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടക്കും.
'പോളിങ് കൂടിയത് യു.ഡി.എഫിന് അനുകൂലം'
വേങ്ങര: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം വര്‍ധിച്ചതു യു.ഡി.എഫിന് അനുകൂലമായിരിക്കുമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. വേങ്ങര ലീഗ് ഓഫിസില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് അവലോകന യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വേങ്ങരയില്‍ കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ വലിയ ഭൂരിപക്ഷമായിരിക്കും ഇത്തവണ ലഭിക്കുന്നതെന്നും നാല്‍പതിനായിരത്തിനു മുകളില്‍ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."