കോണ്‍ഗ്രസ് ബന്ധം: സി.പി.എം കേന്ദ്രകമ്മിറ്റിയില്‍ കടുത്ത ഭിന്നത
ന്യൂഡല്‍ഹി: രാജ്യത്തെ സംഘ്പരിവാര്‍ കടന്നുകയറ്റത്തെ ചെറുക്കാന്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടാമോ എന്നതിനെച്ചൊല്ലി സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തില്‍ കടുത്ത ഭിന്നത. മാറിയ സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടണമെന്ന നിലപാട് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലുള്ള ഒരുവിഭാഗം ആവര്‍ത്തിച്ചു. എന്നാല്‍, കോണ്‍ഗ്രസുമായി യാതൊരു സഖ്യവും വേണ്ടെന്ന നേരത്തെയുള്ള നിലപാടില്‍ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിലുള്ള മറുവിഭാഗം ഉറച്ചുനിന്നതോടെയാണ് ഭിന്നത മൂര്‍ച്ഛിച്ചത്.
കോണ്‍ഗ്രസുമായി യാതൊരു വിധ സഹകരണവും ആവശ്യമില്ലെന്ന പൊളിറ്റ് ബ്യൂറോ അംഗീകരിച്ച രാഷ്ട്രീയ നയരേഖ പ്രകാശ് കാരാട്ട് കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ ആദ്യദിനമായ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ചരിത്രപരമായ മണ്ടത്തരത്തിന് വീണ്ടും അവസരം നല്‍കരുതെന്നു മുന്നറിയിപ്പ് നല്‍കി യെച്ചൂരി ബദല്‍ രേഖയും അവതരിപ്പിച്ചു. പി.ബി തള്ളിയ രേഖ ജനറല്‍ സെക്രട്ടറിയും പി.ബിയുടെ നിലപാട് മുന്‍ ജനറല്‍ സെക്രട്ടറിയും അവതരിപ്പിക്കുകയെന്ന അസാധാരണ സംഭവത്തിനും കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ ആദ്യദിനം വേദിയായി. മോദി സര്‍ക്കാരിനെതിരേ എല്ലാ മതേതര കക്ഷികളുമായും സഹകരിക്കണമെന്ന് യെച്ചൂരി പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പ് സഖ്യമോ മുന്നണിയോ പാടില്ല. യെച്ചൂരിയുടെ നിലപാടിന് പിന്തുണയുമായി കേരളത്തില്‍
നിന്ന് ടി.എം തോമസ് ഐസക് രംഗത്തുവന്നത് ശ്രദ്ധേയമായി. ബംഗാളിലെ സാഹചര്യം കൂടി വിലയിരുത്തി വേണം നിലപാടെടുക്കാനെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്നലെ ഏഴുപേരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
പാര്‍ട്ടിക്കു വലിയക്ഷീണംസംഭവിച്ച പശ്ചിമബംഗാളില്‍ പുനരുജ്ജീവനം സാധ്യമാകണമെങ്കില്‍ കോണ്‍ഗ്രസുമായി അടുക്കുകയല്ലാതെ വേറെ വഴിയില്ലെന്ന നിലപാടുള്ള ബംഗാള്‍ ഘടകം യെച്ചൂരിക്കൊപ്പമുണ്ട്. അതേസമയം കോണ്‍ഗ്രസിനെ അകറ്റണമെന്ന നിലപാടുള്ള കേരളാഘടകം കാരാട്ടിനൊപ്പമാണ്. പാര്‍ട്ടി കോണ്‍ഗ്രസ് അടുത്ത ഏപ്രിലില്‍ ഹൈദരാബാദില്‍ നടക്കാനിരിക്കെയാണ് ഇരു പക്ഷവും നിലപാട് കടുപ്പിച്ചത്. കഴിഞ്ഞ രണ്ട് പി.ബി യോഗങ്ങളും ഇക്കാര്യം ചര്‍ച്ച ചെയ്‌തെങ്കിലും അഭിപ്രായ സമന്വയത്തിലെത്തിയില്ല. ഈ മാസം നാലിന് ചേര്‍ന്ന പി.ബി യോഗം അഞ്ചിനെതിരേ ഒന്‍പത് പേരുടെ പിന്തുണയോടെ ജനറല്‍ സെക്രട്ടറിയുടെ രാഷ്ട്രീയ നിലപാട് തള്ളുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."