വേങ്ങരയിലെ ജനങ്ങള്‍ക്ക് ഒരു ബിഗ് സല്യൂട്ട്
നികൃഷ്ടമായ രാഷ്ട്രീയ പക പോക്കലിനും, വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള കുല്‍സിത ശ്രമങ്ങള്‍ക്കും കണക്ക് തീര്‍ത്ത് തിരിച്ചടി നല്‍കിയ വേങ്ങരയിലെ പ്രബുദ്ധരായ ജനങ്ങള്‍ക്ക് എന്റെ ബിഗ് സല്യൂട്ട്. വേങ്ങര എന്നത് ഇപ്പോള്‍ ഒരു നിയോജകമണ്ഡലത്തിന്റെയോ, ഭൂപ്രദേശത്തിന്റെയോ പേരുമാത്രമല്ല, ഉന്നതമായ ജനാധിപത്യ ബോധത്തിന്റെ, പ്രബുദ്ധതയുടെ പര്യായമാണ്. ഇന്ത്യക്ക് തന്നെ ദിശാബോധം നല്‍കാന്‍ പ്രാപ്തരായ ജനസമൂഹമാണ് തങ്ങളെന്ന് വേങ്ങരയിലെ പ്രിയപ്പെട്ട സമ്മതിദായകര്‍ തെളിയിച്ചു. ഒരിക്കല്‍ കൂടി നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.
കേരളം ഇന്നേവരെ കാണാത്ത രാഷ്ട്രീയ നെറികേടിന്റെ പക പോക്കലിന്റെ വികൃതമായ ചില ദൃശ്യങ്ങളാണ് ഇപ്പോള്‍ നമ്മള്‍ക്ക് മുന്നില്‍ നടമാടുന്നത്. എതിരഭിപ്രായം വച്ചു പുലര്‍ത്തുന്നവരെ രാഷ്ട്രീയ നേട്ടം മാത്രം മുന്‍ നിര്‍ത്തി ഏതു വിധേനയും തേജോവധം ചെയ്യുന്ന ഒരു രാഷ്ട്രീയ സംസ്‌കാരം കേരളത്തിന് പരിചിതമുള്ളതല്ല.
രാഷ്ട്രീയ പ്രവര്‍ത്തകര്‍ യോജിക്കേണ്ടതും വിയോജിക്കേണ്ടതും തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയാദര്‍ശത്തിന്റെ പേരിലും, ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ സ്വീകരിക്കുന്ന നിലപാടുകളെ അടിസ്ഥാനമാക്കിയുമാണ്. അനവധി ഉന്നത ശീര്‍ഷരായ ജനകീയ നേതാക്കള്‍ക്ക് ജന്‍മം നല്‍കിയ നാടാണ് കേരളം. അവരെല്ലാവരും തങ്ങളുടേതായ രീതിയില്‍ രാഷ്ട്രീയ ഔന്നത്യം പുലര്‍ത്തുകയും ചെയ്തിരുന്നു. രാഷ്ട്രീയ ഭേദമന്യേ ഇന്നും കേരളത്തിലെ ജനങ്ങള്‍ അവരെ ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നു.
എന്നാല്‍ ഇപ്പോള്‍ കേരളം സാക്ഷ്യം വഹിക്കുന്നത് വ്യക്തിഹത്യയുടെ നിലവാരത്തിലേക്ക് താഴുന്ന ഒരു തരം രാഷ്ട്രീയ നെറികേടിലേക്കാണ്. മറ്റൊരാളുടെ രാഷ്ട്രീയ നിലപാടുകളെ നേരിടാന്‍ തന്റെ രാഷ്ട്രീയ നിലപാടുകള്‍ പര്യാപ്തമല്ലെന്ന് വരുമ്പോള്‍ പിന്നെയുള്ള ആയുധം നഗ്‌നമായ തേജോവധവും, വ്യക്തിഹത്യയുമാണെന്ന് വരുന്നത് ആരോഗ്യകരമായ ജനാധിപത്യ സംസ്‌കാരത്തിന്റെ ശവപ്പെട്ടിയില്‍ ആണിയടിച്ചുറപ്പിക്കലാണ്.ഹ്രസ്വകാല രാഷ്ടീയ നേട്ടങ്ങള്‍ ഒരു പക്ഷെ ഇത് മൂലം നിങ്ങള്‍ക്ക് നേടാന്‍ കഴിഞ്ഞേക്കാം, പക്ഷെ അനതിവിദൂരമല്ലാത്ത ഭാവിയില്‍ നിങ്ങളെ കാത്തിരിക്കുന്നത് ചരിത്രത്തിന്റെ ചവറ്റുകുട്ടയാകും.
വേങ്ങര എന്ന പ്രദേശം എന്ത് കൊണ്ടാണ് ഇന്ത്യക്ക് ദിശാബോധം നല്‍കുന്ന പ്രദേശമായി തീരും എന്ന് ഞാന്‍ സൂചിപ്പിച്ചത് കുപ്രചാരണങ്ങള്‍ക്കും, വ്യാജ്യോക്തികള്‍ക്കും തങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ലെന്ന് തെളിയിക്കാന്‍ അവിടുത്തെ ജനങ്ങള്‍ക്ക് കഴിഞ്ഞു എന്നുള്ളത് കൊണ്ട് തന്നെയാണ്. പൊതു പ്രവര്‍ത്തകര്‍ പ്രത്യേകിച്ചും ജനങ്ങള്‍ നല്‍കിയ ഭരണപരമായ ഉത്തരവാദിത്തം നിറവേറ്റുന്നവര്‍ എന്നും ഓര്‍ക്കേണ്ട ഒരു വസ്തുതയുണ്ട്. തങ്ങളേക്കാള്‍ പ്രബുദ്ധരാണ് തങ്ങളെ തിരഞ്ഞെടുത്ത ജനങ്ങള്‍ എന്നതാണത്. അവരെ ഗിമ്മിക്കുകള്‍ കൊണ്ട് വിഡ്ഡികളാക്കാന്‍ കഴിയില്ല. കപട നാടകങ്ങള്‍ക്ക് കാണികളായി ഇരുന്ന് തരാനും, നുണപ്രചാരണങ്ങള്‍ അപ്പാടെ വിഴുങ്ങാനും അവരെ കിട്ടുകയുമില്ല. അവര്‍ നിശബ്ദരല്ല, ഭയപ്പെടുന്നവരുമല്ല. ജനാധിപത്യത്തിലെ ഏറ്റവും ശക്തമായ ആയുധം, സമ്മതിദാനാവകാശമെന്ന ആയുധം അവരുടെ കൈയ്യില്‍ ഭദ്രമാണ്. അവര്‍ അത് കൃത്യസമയത്ത് പ്രയോഗിക്കും. അതിന് ഫലവുമുണ്ടാകും, അതാണ് വേങ്ങരയില്‍ കണ്ടത്. അതുകൊണ്ട് ജനങ്ങളുടെ ചിന്താശേഷിയെ, വിലയിരുത്താനുള്ള അവരുടെ കഴിവിനെ ഇകഴ്ത്തി കാട്ടുന്നവര്‍ ഒരിക്കലും വലിയ വിജയങ്ങള്‍ നേടാറില്ല. ഏത് സ്ഥാനത്ത് ഇരിക്കുന്ന പൊതു പ്രവര്‍ത്തകരും, അവര്‍ എത്ര വലിയവരായാലും മനസിലാക്കുകയും, ഉള്‍ക്കൊള്ളുകയും ചെയ്യേണ്ട ഒരു വസ്തുതയാണിത്.
തങ്ങളുടെ രാഷ്ട്രീയ നിലപാടുകളും, രാഷ്ട്രീയാദര്‍ശങ്ങളും ഒരിക്കലും ചര്‍ച്ചക്ക് വിധേയമാകരുത് എന്നാഗ്രഹിക്കുന്നവര്‍ എപ്പോഴും രാഷ്ട്രീയ എതിരാളികളെ വ്യക്തിഹത്യക്ക് വിധേയമാക്കിക്കൊണ്ടിരിക്കും. തങ്ങളുടെ ഭരണപരവും, രാഷ്ട്രീയപരവുമായ വീഴ്ചകളെ ജനങ്ങളില്‍ നിന്ന് പരമാവധി മറച്ച് പിടിക്കാന്‍ അവര്‍ ഉപയോഗിക്കുന്ന തിരശീലയാണത്. എന്നും വിവാദങ്ങള്‍ മാത്രം സമൂഹത്തില്‍ നിറഞ്ഞ് നില്‍ക്കുന്നത് കാണാനാണ് അവര്‍ ആഗ്രഹിക്കുന്നത്. നിരന്തരം പുകമറകള്‍ സൃഷ്ടിച്ചു കൊണ്ടേയിരിക്കുക എന്നതാണ് അവരുടെ തന്ത്രം. യാഥാര്‍ഥ്യങ്ങള്‍ ആരും അറിയരുത് എന്നത് മാത്രമാണ് അവരുടെ ഏക അജണ്ട.
പക്ഷെ ജനങ്ങളെ വിലയിടിച്ച് കാണുന്നവര്‍ ചരിത്രത്തില്‍ നിന്നും പാടെ തുടച്ച് നീക്കപ്പെട്ടിട്ടുള്ള കാര്യം ഇത്തരക്കാര്‍ ഓര്‍ക്കുന്നതേയില്ല. തങ്ങളുടെ കാലം പെട്ടെന്ന് അവസാനിക്കുമെന്നും, പിന്നീട് ഇതിനെല്ലാം കണക്ക് പറയേണ്ടിവരുമെന്നും അവര്‍ മറന്ന് പോകുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."