താജ്മഹല്‍ ഹിന്ദു ക്ഷേത്രമായിരുന്നെന്ന് ബി.ജെ.പി എം.പി
ലക്‌നൗ: ഷാജഹാന്‍ ചക്രവര്‍ത്തി നിര്‍മിച്ച താജ്മഹല്‍ ഹിന്ദു ക്ഷേത്രമായിരുന്നെന്ന അവകാശവാദവുമായി ബി.ജെ.പി എം.പി രംഗത്തെത്തി. ബി.ജെ.പിയുടെ രാജ്യസഭാംഗമായ വിനയ് കത്യാറാണ് പുതിയ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്. അതു ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടതായതിനാല്‍ 'തേജോ മഹല്‍' എന്നു പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.
നേരത്തേ ബാബരി മസ്ജിദ് തകര്‍ത്ത ഗൂഢാലോചനാ കേസില്‍ പ്രതിയാണിദ്ദേഹം. ബാബരി മസ്ജിദ് നിലനിന്നിടത്തു നേരത്തേ ഹിന്ദു ക്ഷേത്രമായിരുന്നെന്നായിരുന്നു അതു തകര്‍ത്തവരുടെ അവകാശവാദം. താജ്മഹലില്‍ നിരവധി ഹൈന്ദവ ദൈവങ്ങളുടെയും മറ്റും ശേഷിപ്പുകളുണ്ടെന്നും വിനയ് കത്യാര്‍ അവകാശപ്പെട്ടിട്ടുണ്ട്. അവിടം സന്ദര്‍ശിച്ച് ഇതൊക്കെ കണ്ടുമനസിലാക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുമുണ്ട്.
താജ്മഹലിന്റെ സ്ഥാനത്തുണ്ടായിരുന്ന ശിവക്ഷേത്രം മുഗള്‍ഭരണാധികാരി ഷാജഹാന്‍ നശിപ്പിക്കുകയായിരുന്നെന്നും എന്നാല്‍ താജ്മഹല്‍ പൊളിക്കണമെന്ന വാദം തനിക്കില്ലെന്നും വിനയ് കത്യാര്‍ പറഞ്ഞു.
അതേസമയം, അയോധ്യയിലെ രാമക്ഷേത്ര വിഷയത്തില്‍ സുപ്രിംകോടതിയില്‍നിന്ന് അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയാണുള്ളതെന്നും അല്ലാത്തപക്ഷം സോമനാഥ് ക്ഷേത്രത്തിന്റെ കാര്യത്തിലെ നിലപാട് രാമക്ഷേത്ര വിഷയത്തിലും ഉണ്ടാകുമെന്നും കത്യാര്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തേ, താജ്മഹല്‍ ഇന്ത്യയുടെ പൈതൃകത്തിനു നിരക്കുന്നതല്ലെന്ന വാദവുമായി ബി.ജെ.പി എം.എല്‍.എ സംഗീത് സോം രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."