മന്‍മോഹന്‍സിങ് യാദൃഛികമായി പ്രധാനമന്ത്രിയായതല്ലെന്നു പ്രണബ്
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് യാദൃശ്ചികമായല്ല ആ പദവിയിലേക്കെത്തിയതെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ രാഷ്ട്രപതിയുമായിരുന്ന പ്രണബ് മുഖര്‍ജി. മന്‍മോഹനേക്കാള്‍ സീനിയറായ താന്‍ അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ അംഗമായിരുന്നതില്‍ അതൃപ്തിയില്ലെന്നും അദ്ദേഹത്തിന്റേത് മികച്ച വ്യക്തിത്വമാണെന്നും പ്രണബ് പറഞ്ഞു.
അദ്ദേഹം വ്യത്യസ്തനാണ്. കഴിവും പ്രാപ്തിയും ധൈര്യവുമുള്ള ദേശീയവാദിയാണ് മന്‍മോഹനെന്നും പ്രണബ് പറഞ്ഞു. അതേസമയം, താന്‍ പ്രധാനമന്ത്രിസ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെടുമെന്നു നേരത്തേ രണ്ടുതവണ പ്രതീക്ഷിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. 'കോലീഷന്‍ ഇയേഴ്‌സ് 1996-2012' എന്ന തന്റെ പുതിയ പുസ്തകത്തിലാണ് പ്രണബ് മനസു തുറക്കുന്നത്.
മന്‍മോഹനെ പ്രധാനമന്ത്രിയാക്കുകയെന്ന നിര്‍ദേശം മുന്നോട്ടുവച്ചത് സോണിയാ ഗാന്ധിയാണ്. സോണിയ പ്രധാനമന്ത്രിയാകണമെന്ന ഘടകകക്ഷികളുടെ അഭ്യര്‍ഥന നിരസിച്ചായിരുന്നു അവര്‍ ഇത്തരത്തില്‍ നിര്‍ദേശം മുന്നോട്ടുവച്ചത്. സോണിയാഗാന്ധി പ്രധാനമന്ത്രിപദം നിരസിച്ചാല്‍ വിവിധ കാരണങ്ങള്‍കൊണ്ട് ആ സ്ഥാനത്തേക്കു തന്നെ പരിഗണിക്കുമായിരുന്നെന്നാണ് താന്‍ പ്രതീക്ഷിച്ചിരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.
ജൂനിയറായ മന്‍മോഹന്റെ മന്ത്രിസഭയില്‍ താനുണ്ടാകില്ലെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മന്ത്രിസഭയിലേക്കില്ലെന്നു താന്‍ സോണിയാഗാന്ധിയെ അറിയിച്ചിരുന്നതായും പ്രണബ് പറയുന്നുണ്ട്. എന്നാല്‍, മന്‍മോഹന്‍സിങ് മികച്ച പ്രധാനമന്ത്രിയാണെന്ന് അദ്ദേഹം വീണ്ടും വീണ്ടും വ്യക്തമാക്കുന്നുമുണ്ട്.
പ്രധാന വിഷയങ്ങളില്‍ മന്‍മോഹന്‍ എപ്പോഴും തന്റെ അഭിപ്രായം ആരായുമായിരുന്നു. സോണിയാഗാന്ധിയും തന്നോട് അങ്ങനെയാണ് നിര്‍ദേശിച്ചിരുന്നതെന്നും പ്രണബ് പറഞ്ഞു. മന്‍മോഹനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കുമെന്നായിരുന്നു തന്റെ ധാരണയെന്നും പ്രണബ് പറയുന്നു.
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ പുസ്തകത്തില്‍ വിമര്‍ശിക്കുന്നുമുണ്ട്. അവരുടെ എതിര്‍പ്പാണ് ചിലതിനു കാരണമെന്നും അവര്‍ ജന്മനാ 'വിമത'യാണെന്നും അദ്ദേഹം പറയുന്നുണ്ട്. എന്നാല്‍, മമതയെ അവഗണിക്കാനാകില്ലെന്നും അദ്ദേഹം എടുത്തുപറയുന്നുണ്ട്. അതേസമയം, പ്രധാനമന്ത്രിയാകാന്‍ തന്നേക്കാള്‍ യോഗ്യതയും പരിചയവുമുള്ളതു പ്രണബിനായിരുന്നെന്നു പുസ്തക പ്രകാശന ചടങ്ങില്‍ മന്‍മോഹന്‍ സിങ് വ്യക്തമാക്കി. രാഹുല്‍ഗാന്ധി, സീതാറാം യെച്ചൂരി തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."