പെട്രോള്‍ പമ്പ് ജീവനക്കാരെ കബളിപ്പിച്ച് പണം തട്ടുന്ന തമിഴ് സംഘം പിടിയില്‍
കോതമംഗലം: സംസ്ഥന വ്യാപകമായി പെട്രോള്‍ പമ്പ് ജീവനക്കാരെ കബളിപ്പിച്ച് പണം തട്ടുന്ന തമിഴ് സംഘത്തിലെ മൂന്ന് പേര്‍ ഊന്നുകല്ലില്‍ പിടിയില്‍. ഇടുക്കി പുതുപ്പറമ്പില്‍ വീട്ടില്‍ നാഗരാജ്( 37),തമിഴ്‌നാട് തേനി ഉത്തമപാളയം 422ല്‍ ഗണപതി (26)മധുര ഉസലാം പെട്ടി അയ്യന്‍ കോവില്‍ ശിവകാമിഭവനില്‍ പ്രഭു (38) എന്നിവരാണ് പിടിയിലായത്. ഇന്നലെ ഊന്നുകല്ലില്‍ പെട്രോള്‍ പമ്പില്‍ നിന്നും പണം തട്ടിയെടുത്ത് കടക്കാന്‍ ശ്രമിച്ച ഇവരെ പടിയിലായതോടെ സംഘത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലിസിന് ലഭിച്ചു.
തട്ടിപ്പിന് ശേഷം ഇടുക്കി ഭാഗത്തേക്ക് കടക്കാന്‍ ശ്രമിച്ച സംഘത്തെ ഊന്നുകല്‍ എസ് ഐ ബിനീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിന്‍തുടര്‍ന്ന് കൊച്ചി ധനുഷ് കോടി ദേശീയപാതയിലെ നേര്യമംഗലം വില്ലാഞ്ചിറ ഭാഗത്ത് വച്ച് പിടികൂടുകയായിരുന്നു. തട്ടിപ്പ് സംഘം പമ്പില്‍ നിന്നും പുറപ്പെട്ട ഉടന്‍സംശയം തോന്നിയ ജീവനക്കാന്‍ കണക്ക് നോക്കിയപ്പോള്‍ ആയിരം രുപയുടെ കുറവ് കണ്ടെത്തുകയും ഉടന്‍ വിവരം പൊലിസിലറിയിക്കുകയും ചെയ്തതാണ് മൂവര്‍സംഘം കുടുങ്ങാന്‍കാരണം.
തിരക്കേറിയ സമയത്താണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്. കാറിലെത്തുന്ന സംഘം 100 രൂപക്ക് പെട്രോള്‍ ആവശ്യപ്പെടും. തുടര്‍ന്ന് 1000 ത്തിന്റെ നോട്ട് നല്‍കും. പമ്പിലെ ജീവനക്കാരന്‍ (ജീവനക്കാരി) ഇതിന്റെ ബാക്കി എണ്ണിതിട്ടപ്പെടുത്തി നല്‍കുന്നതിന് മുമ്പായി സംഘത്തിലെ രണ്ടാമന്‍ ഇയാളോട് ആയിരം രൂപയുടെ ചെയിഞ്ചും ആവശ്യപ്പെടും.ഇതുകൂടി പരിഗണിച്ച് ജീനവക്കാരന്‍ 1900 രൂപ ബാഗില്‍ നിന്നും നല്‍കും.
പെട്രോളടിക്കാന്‍ ആവശ്യപ്പെടുന്ന ആള്‍ ഈ സമയം ആയിരം രൂപ നല്‍കും. എന്നാല്‍ ചെയിഞ്ച് ആവശ്യപ്പെടുന്ന ആള്‍ തുക നല്‍കില്ല. തിരക്കിനിടയില്‍ ജീവനക്കാരന്റെ ശ്രദ്ധമാറുന്നതോടെ ഇവര്‍ ഇവിടെ നിന്ന് കടക്കുകയും ചെയ്യും. ദിവസം ശരാശരി പത്തോളം പമ്പുകളിലെങ്കിലും ഈ സംഘം ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലിസ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.
നഷ്ടപ്പെടുന്നത് ചെറിയ തുകളായതിനാല്‍ പമ്പ് അധികൃതര്‍ പരാതിപ്പെടാത്തതാണ് വര്‍ഷങ്ങളോളം തട്ടിപ്പ് തുടരുന്നതിന് ഇവര്‍ക്ക് സഹായകമായ പ്രധാന ഘടകം. ഇവരുടെ തട്ടിപ്പിന്റെ പ്രധാന ബലിയാടുകള്‍ അത്താഴപട്ടിണിക്കാരായ പമ്പ് ജീവനക്കാരാണെന്നതാണ് ഏറെ വേദനാജനകം. വൈകുന്നേരം ക്ലോസ്സ് ചെയ്ത് ഉടമക്ക് കണക്കുകൊടുക്കാനൊരുങ്ങുമ്പോഴാണ് മിക്കപ്പോഴും പണത്തിന്റെ കുറവ് ഈ പാവങ്ങള്‍ മനസിലാക്കുന്നത്.
പണം നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്വം പമ്പുടമ ജീവനക്കാരന്റെ മേല്‍ചാരി അവന്റെ പേരില്‍ അത്രയും തുകപറ്റെഴുതുകയും ചെയ്യും. തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ജീനവക്കാരെ പുറത്താക്കുന്ന പതിവും പമ്പുടമകള്‍ക്കുണ്ട്. പട്ടിമറ്റത്ത് പെട്രോള്‍ പമ്പില്‍ ഇത്തരത്തില്‍ പണം നഷ്ടപ്പെട്ട നിരവധി ജീവനക്കാര്‍ ഇടുക്കിഎറണാകുളം ജില്ലകളിലുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."