സംസ്ഥാന കായികോത്സവത്തിന് ഇന്ന് ട്രാക്കുണരും
പാല: ഭാവി ഒളിംപ്യന്‍മാരുടെ പടയോട്ടത്തിന് ഇന്ന് പാലായില്‍ ട്രാക്കുണരും. 61ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന ആദ്യ മീറ്റിനാണ് പാലാ ആതിഥ്യമേകുന്നത്.
14 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ സബ് ജൂനിയറിലും 17 വയസില്‍ താഴെയുള്ളവര്‍ ജൂനിയര്‍ വിഭാഗത്തിലും 19 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ സീനിയര്‍ വിഭാത്തിലും മത്സരിക്കും.
നിലവിലെ ചാംപ്യന്‍മാരായ പാലക്കാട് ജില്ലയും റണ്ണറപ്പായ എറണാകുളവും ശക്തമായ താര നിരയെയാണ് അണിനിരത്തുന്നത്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ ഫോട്ടോഫിനിഷിലൂടെ നഷ്ടമായ കിരീടം തിരിച്ചു പിടിക്കുകയാണ് എറണാകുളത്തിന്റെ ലക്ഷ്യം. കിരീടം നഷ്ടമാകാതെ നിലനിര്‍ത്താന്‍ വമ്പന്‍ താര നിരയുമായാണ് പാലക്കാടിന്റെ വരവ്. പറളിയും കല്ലടിയും മുണ്ടൂരും ഉള്‍പ്പടെ സ്‌കൂളുകളുടെ തേരിലേറിയാണ് ഇത്തവണയും പാലക്കാട് പടയോട്ടത്തിന് ഒരുങ്ങിയിട്ടുള്ളത്.
പതിവ് പോലെ കോതമംഗലം മാര്‍ബേസില്‍, സെന്റ് ജോര്‍ജ്, മാതിരപ്പിള്ളി സ്‌കൂളുകള്‍ക്കൊപ്പം എറണാകുളത്തിന് കരുത്തായി പിറവം മണീട് ജി.വി.എച്ച്.എസ്.എസ് സ്‌കൂളുമുണ്ട്. കോഴിക്കോടിന്റെ കരുത്തായി പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ്, കട്ടിപ്പാറ ഹോളിഫാമിലി സ്‌കൂളുകള്‍ മികച്ച താര നിരയുമായാണ് പാലായില്‍ പോരാട്ടത്തിന് എത്തിയിട്ടുള്ളത്.
മലപ്പുറത്തിന്റെ അഭിമാനമായി ഐഡിയല്‍ കടകശ്ശേരിയും താര നിരയാല്‍ സമ്പന്നമാണ്. ഹരിത പെരുമാറ്റചട്ട വ്യവസ്ഥകള്‍ കായികാത്സവത്തിന് ഇത്തവണയും ബാധകമാക്കിയിട്ടുണ്ട്. മീറ്റ് 23 ന് സമാപിക്കും.
ട്രാക്ക് മാറി താരങ്ങള്‍; ആത്മവിശ്വാസം കൈവിടാതെ മാര്‍ ബേസില്‍
കൈപിടിച്ച് ഉയര്‍ത്തിയ താരങ്ങളില്‍ ചിലര്‍ ട്രാക്ക് മാറിയിട്ടും ഷിബി ടീച്ചറും കോതമംഗലം മാര്‍ ബേസിലും ആത്മവിശ്വാസത്തില്‍ തന്നെയാണ്. പാലക്കാടന്‍ കരുത്ത് ഉയര്‍ത്തിയ വെല്ലുവിളികളെ അതിജീവിച്ച് തേഞ്ഞിപ്പലത്ത് നേടി സ്‌കൂള്‍ ചാംപ്യന്‍പട്ടം ഇത്തവണയും കൈവിടില്ലെന്ന ആത്മവിശ്വാസം. കരുത്തില്‍ അല്‍പം കുറവ് സംഭവിച്ചിട്ടുണ്ട് മാര്‍ ബേസിലിന്. 14 താരങ്ങളാണ് മാര്‍ ബേസില്‍ എച്ച്.എസ്.എസില്‍ നിന്ന് പിറവം മണീട് ഗവ.വി.എച്ച്.എച്ച്.എസിലേക്ക് ട്രാക്കുമാറി ഓടിയത്. പ്രമുഖ താരങ്ങള്‍ കൂടൊഴിഞ്ഞെങ്കിലും അഭിഷേക് മാത്യു, അനുമോള്‍തമ്പി, ആദര്‍ശ് ഗോപി, ദിവ്യ മോഹന്‍ തുടങ്ങി മിടുമിടുക്കരായ താരനിര ഷിബി ടീച്ചറുടെ പരിശീലക മികവിന് കീഴില്‍ പാലയുടെ ട്രാക്കിലിറങ്ങാന്‍ തയ്യാറായി നില്‍പ്പാണ്. 43 അംഗ സംഘവുമായാണ് മാര്‍ ബേസിലിന്റെ വരവ്. മുന്‍ വര്‍ഷത്തേക്കാള്‍ എട്ട് താരങ്ങളുടെ കുറവുണ്ട്. ജൂനിയര്‍ വിഭാഗം 800, 1500 മീറ്ററുകളിലെ ഉറച്ച സ്വര്‍ണ പ്രതീക്ഷയാണ് അഭിഷേക് മാത്യു. നിലവിലെ വ്യക്തിഗത ച്യാംപന്‍ കൂടിയായ അഭിഷേക് ട്രാക്കില്‍ നിന്ന് സ്വര്‍ണം നേടുമെന്ന ഉറച്ച പ്രതീക്ഷയിലാണ് മാര്‍ ബേസില്‍. സീനിയര്‍ ആണ്‍കുട്ടികളുടെ 800, 1500, 5000 മീറ്ററുകളില്‍ ആദര്‍ശ് ഗോപി പോരിനിറങ്ങും. പോള്‍ വാള്‍ട്ടില്‍ ദിവ്യ മോഹനും മാര്‍ ബേസിലിന്റെ ഉറച്ച സ്വര്‍ണ പ്രതീക്ഷയാണ്.
മണീടിന്റെ വരവ് പരിമിതികളെ മറികടന്ന്
ഗ്രാമീണ മേഖലയിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ പരിമിതികളെ മറികടന്നാണ് പിറവം മണീട് സ്‌കൂളിന്റെ വരവ്. എറണാകുളം റവന്യൂ ജില്ലാ കായിക മേളയില്‍ ആദ്യമായി വരവറിയിച്ച മണീട് സ്‌പോര്‍ട്‌സ് അക്കാദമി ടീം, സംസ്ഥാന കായിക മേളയിലും മെഡല്‍ കൊയ്ത്തിന് ഒരുങ്ങി നില്‍ക്കുകയാണ്. മാര്‍ ബേസിലില്‍ നിന്ന് എത്തിയ അനീഷ് മധു, മെറിന്‍ ബിജു, കെ.എം ശ്രീകാന്ത്, സോഫിയ സണ്ണി, ഇന്ദുമതി, ബ്ലെസി കുഞ്ഞുമോന്‍, ജി ശരണ്യ തുടങ്ങിയ താരനിരയാണ് മണീടിന്റെ മെഡല്‍ പ്രതീക്ഷകള്‍. മെറിന്‍ ബിജു കഴിഞ്ഞ വര്‍ഷം ദേശീയ മീറ്റില്‍ ട്രിപിള്‍ ജംപിലെ സ്വര്‍ണ ജേത്രിയാണ്. അനീഷ് മധു ജൂനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടിലെ റെക്കോര്‍ഡ് ജേതാവും.
ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈ ജംപില്‍ സ്വര്‍ണവും ലോങ് ജംപില്‍ വെള്ളിയും നേടിയ താരമാണ് കെ.എം ശ്രീകാന്ത്. എറണാകുളം ജില്ലാ കായികോത്സവത്തില്‍ ഹൈ ജംപ്, ട്രിപ്പിള്‍ ജംപ്, ലോങ് ജംപ് ഇനങ്ങളില്‍ ജേതാവായാണ് ശ്രീകാന്ത് പാലായില്‍ എത്തിയിരിക്കുന്നത്. ഷോട്പുട്ട്, ഹാമര്‍ ത്രോ, ഡിസ്‌കസ് ത്രോ ഇനങ്ങളില്‍ അലക്‌സ് പി ജോസഫും മെഡല്‍ പ്രതീക്ഷയാണ്. 2016 ലെ അതിവേഗ താരം സോഫിയ സണ്ണിയും മണീടിന്റെ പ്രതീക്ഷയാണ്. ചാള്‍സ് ഇടപ്പാട്ട്, ജോണ്‍സണ്‍ ജോസഫ് എന്നീ പരിശീലകരുടെ നേതൃത്വത്തിലാണ് മണീട് സ്‌കൂളിലെ താരങ്ങളുടെ വരവ്. മൈതാനത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയുമെല്ലാം അപര്യാപ്തതകളോട് പടവെട്ടിയാണ് സംസ്ഥാന സ്‌കൂള്‍ കായിക ഭൂപടത്തില്‍ പുതിയ ചരിത്രം രചിക്കാന്‍ മണീട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീമിന്റെ വരവ്. 2016 വരെയുള്ള കായിക ചിത്രത്തില്‍ മണീട് സ്‌കൂള്‍ എന്ന നാമം ആരും കേട്ടിട്ടില്ല.
എസ.്എസ്.എ പദ്ധതിയുടെ ഭാഗമായി ഈ അധ്യയന വര്‍ഷം മണീട് കായിക അക്കാദമിക്ക് രൂപം നല്‍കിയതോടെയാണ് പുതിയ താരോദയം സംഭവിച്ചത്. പരിശീലകര്‍ സ്വന്തം നിലയില്‍ സംഘടിപ്പിക്കുന്ന സ്‌പോര്‍ട്‌സ് കിറ്റുമായാണ് പൊരുതി കയറാന്‍ മണീടിന്റെ വരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."