ജി.എസ്.ടി: ചെറുകിട വ്യാപാരികള്‍ക്ക് സോഫ്റ്റ്വെയര്‍ ലഭ്യമാക്കുമെന്ന് മന്ത്രി
മലപ്പുറം: ജി.എസ്.ടിയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് കാര്യക്ഷമമായ സംവിധാനം ഒരുക്കുമെന്നും ചെറുകിട വ്യാപാരികള്‍ക്ക് സോഫ്റ്റ്‌വെയര്‍ വിതരണം ചെയ്യുമെന്നും ധനമന്ത്രി തോമസ് ഐസക്ക്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യു.ജെ) സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി നടന്ന ഇക്കണോമിക് സമ്മിറ്റില്‍ വ്യാപാര, വ്യവസായ, ബാങ്കിങ് മേഖലകളിലെ പ്രമുഖരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ജി.എസ്.ടിയുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്ക് കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഇത് പരിഹരിക്കാന്‍ ചരക്കുനികുതി സര്‍ക്കിള്‍ ഓഫിസുകളെക്കൂടി കോര്‍ത്തിണക്കി ഏകോപന സംവിധാനം വരും. സംശയങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കണം. വ്യക്തതയില്ലാത്ത ചോദ്യങ്ങള്‍ തിരുവനന്തപുരത്തെ ഹെല്‍പ്പ് ഡെസ്‌ക്കിലേക്കു വിടണം.
നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ (എന്‍.ഐ.സി) സഹകരണത്തോടെയാണ് വ്യാപാരികള്‍ക്ക് ജി.എസ്.ടി സോഫ്റ്റ്‌വെയര്‍ ലഭ്യമാക്കുക. ഇതോടെ ബില്ലിങ്ങിനൊപ്പം റിട്ടേണ്‍ ഓട്ടോമാറ്റിക് ആയി ലഭിക്കും. ജി.എസ്.ടി നെറ്റ്‌വര്‍ക്ക് മിക്കപ്പോഴും പ്രവര്‍ത്തനരഹിതമാകുന്നത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. 26ന് ചേരുന്ന ജി.എസ്.ടി കൗണ്‍സിലില്‍ ഇക്കാര്യം ഉന്നയിക്കും.
കേരളത്തില്‍ നിക്ഷേപസൗഹൃദ അന്തരീക്ഷമുണ്ടാകണമെങ്കില്‍ നിലപാടില്‍ മാറ്റംവരണം. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും അതു തിരിച്ചറിഞ്ഞിട്ടുണ്ട്. എല്‍.എന്‍.ജി പൈപ്പ്‌ലൈന്‍ വരുമ്പോള്‍ എല്ലാം കത്തിച്ചാമ്പലാകുമെന്ന പ്രചാരണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസ്‌ക്ലബ് പ്രസിഡന്റ് സുരേഷ് എടപ്പാള്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പി.ഉബൈദുല്ല എം.എല്‍.എ, എസ്. മഹേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."